പുറമറ്റം ∙ ഗവ. ആയുർവേദ ഡിസ്പെൻസറി പതിറ്റാണ്ടുകളോളം പ്രവർത്തിച്ചിരുന്ന മുണ്ടമലയിലുള്ള കെട്ടിടം ജീർണാവസ്ഥയിലെത്തിയിട്ടും പൊളിച്ചുമാറ്റാത്തത് ദുരിതമാകുന്നു.ഡിസ്പെൻസറിയുടെ പ്രവർത്തനം പുതിയതായി നിർമിച്ച കെട്ടിടത്തിലേക്കു കഴിഞ്ഞ ഓഗസ്റ്റ് 23ന് മാറ്റിയതാണ്.
എംഎൽഎയുടെ 2018–2019 ആസ്തിവികസന ഫണ്ടിൽനിന്ന് 38 ലക്ഷവും പഞ്ചായത്ത് 2024–2025 പദ്ധതിയിലെ 7 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പ്രവർത്തനം മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പഴയ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റാത്തതു ഡിസ്പെൻസറിയിൽ എത്തുന്നവർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.
കെട്ടിടം പൊളിച്ചുമാറ്റിയാൽ ഡിസ്പെൻസറിയിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഉപയോഗിക്കാം.
വീതി കുറഞ്ഞ റോഡുവശത്താണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് ഡിസ്പെൻസറിയിൽ ആൾക്കാർ എത്തുന്നത്.
പുറമറ്റം പഞ്ചായത്തിലാണ് ഡിസ്പെൻസറി സ്ഥിതിചെയ്യുന്നതെങ്കിലും കോയിപ്രം, ഇരവിപേരൂർ എന്നീ പഞ്ചായത്തുകളിൽനിന്നുമുള്ള രോഗികളും ചികിത്സയ്ക്കായി എത്താറുണ്ട്.
1980ൽ നിർമിച്ചതാണ് പഴയ കെട്ടിടം. ഇത് ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്.
മേൽക്കൂരയ്ക്കും കെട്ടിടത്തിന്റെ ഭിത്തികൾക്കും കേടുപാടുകളുണ്ട്. കഴുക്കോലുകളും പട്ടികയും ജീർണാവസ്ഥയിലെത്തിയതിനാൽ ഓടുകളും താഴെ വീഴാവുന്ന അവസ്ഥയിലാണ്.
ചിലയിടങ്ങളിൽ നാശം സംഭവിച്ചിട്ടുമുണ്ട്. മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടിയാണ് മഴയിൽനിന്നു രക്ഷപെട്ടിരുന്നത്.
കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തിട്ട് ആഴ്ചകൾ കഴിഞ്ഞുവെങ്കിലും മേലുദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തതാണ് തടസ്സമെന്നാണ് അറിയുന്നത്. വേഗം കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

