വടശേരിക്കര ∙ ചെറുകാവ് അമ്പലത്തിനു സമീപം കാട്ടാന വിളയാട്ടം. വാഴ, തെങ്ങ്, കപ്പ, പന എന്നിവ വൻതോതിൽ നശിപ്പിച്ചു.
വടശേരിക്കര ടൗണിൽ വരെ കാട്ടാനകളെത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് 4 ആനകളെത്തിയത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ 6 ആനകൾ കുമ്പളത്താമണ്ണിലെത്തിയിരുന്നു. മനോരമ മുക്ക്–കുമ്പളത്താമൺ–മുക്കുഴി റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചു നിൽക്കുകയായിരുന്നു അവ.
പഞ്ചായത്തംഗം അജേഷ് മണപ്പാട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാരും സംഘടിച്ചെത്തി. പിന്നീട് പേരൂർ തോട്ടത്തിലേക്കു കടന്നു.
മെഡിക്കൽ കോളജിന്റെ സ്ഥലത്തു നിന്നിരുന്ന പന തള്ളിയ ശേഷം കല്ലാറിന്റെ തീരത്തെ കൈത തോട്ടത്തിലെത്തി. ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതു പോലെ തോട്ടത്തിൽ നിരന്നു നിൽക്കുകയായിരുന്നു അവ.
പടക്കം പൊട്ടിച്ച് വിരട്ടിയപ്പോൾ കാട്ടാനകൾ കല്ലാറ്റിലേക്കിറങ്ങി. ആറ്റിലൂടെയാണു വടശേരിക്കര ഭാഗത്തേക്കു വന്നത്.
വടശേരിക്കര മുളമൂട്ടിൽ റവ.
മാത്യു ജോണിന്റെ വീടിന്റെ അതിരിലൂടെ ആനകൾ വിമുക്ത ഭടൻ രമ്യഭവനിൽ സുരേന്ദ്രന്റെ പുരയിടത്തിലേക്കു കടന്നു. റവ.
മാത്യു ജോണിന്റെ മുറ്റത്തിനു സമീപം വളരെ സമയം ആനകൾ വിഹരിച്ചു. വൻതോതിൽ വാഴ, കപ്പ എന്നിവയെല്ലാം നശിപ്പിച്ചു.
ആറ്റു തീരത്തു നിന്ന പനയും പിഴുതു തള്ളി. തെങ്ങ് മറിച്ചിടാൻ ശ്രമം നടത്തി.
ഓലമടലുകൾ വലിച്ചിട്ടു തിന്നു. ശബ്ദം കേട്ട് സുരേന്ദ്രൻ വീടിനു മുന്നിലെ ലൈറ്റിട്ടപ്പോൾ ഇരുമ്പ് വല വേലി തകർത്ത് മുളമൂട്ടിൽ പുരയിടത്തിൽ കയറി.
ഇവിടെ കൃഷി ചെയ്യുന്ന സാബുവിന്റെ വാഴ വിത്തുകൾ ചവിട്ടി മെതിച്ചാണ് വേലി തകർത്ത് അടുത്ത പരുവാനിക്കൽ പുരയിടത്തിലെത്തിയത്.
ഏത്തവാഴ തൈകൾ, വാഴ, പന, കപ്പ എന്നിവ വൻതോതിൽ ഇവിടെയും നശിപ്പിച്ചു. പേഴുംപാറ സ്വദേശി റെജി പാട്ടത്തിനെടുത്തു ചെയ്യുന്ന വിളകളാണു നശിപ്പിച്ചത്.
പിന്നീട് ആറ്റിലേക്കിറങ്ങിയാണു മടങ്ങിയത്. മണിക്കൂറുകളോളം കാട്ടനകൾ ഇവിടെ വിഹരിച്ച ലക്ഷണമുണ്ട്.
പലയിടങ്ങളിൽ ആന പിണ്ഡങ്ങൾ കിടപ്പുണ്ട്. വലിയ ആനകളാണെല്ലാം.
10 ദിവസം മുൻപും ഇവിടെ കാട്ടാന എത്തിയിരുന്നു. റവ.
മാത്യു ജോണിന്റെ പുരയിടത്തിൽ നിന്ന വാഴ നശിപ്പിച്ചിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വനപാലകർ കാഴ്ചക്കാരാകുന്നതു മൂലം ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ വിഹരിക്കുകയാണ്.
രാത്രിയും പകലും ആനകളെത്തുന്നു. വടശേരിക്കര ടൗണിൽ എത്തുന്നതോടെ ആനകൾക്ക് എവിടേക്കു വേണമെങ്കിലും പോകാം.
വർഷങ്ങൾക്കു മുൻപ് ഇല്ലിക്കൊമ്പൻ വടശേരിക്കര സ്റ്റേഡിയം ഭാഗത്തെത്തി ഒരാളെ അടിച്ചു കൊന്നത് വനപാലകർ മറക്കരുത്.
ലിജു ജോർജ്(ഡിസിസി ജനറൽ സെക്രട്ടറി)
കാട്ടാനകളെ ഭയന്നു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ചൊവ്വാഴ്ച രാത്രിയെത്തിയ ആനകൾ വേലി തകർത്ത് മുറ്റത്ത് എത്തിയിരുന്നെങ്കിൽ വാഹനങ്ങൾ നശിപ്പിക്കുമായിരുന്നു.
ഇതേ സ്ഥിതി തുടർന്നാൽ ആനകൾ രാത്രിയും പകലും വടശേരിക്കര ടൗണിലിറങ്ങി വിഹരിക്കും.
റവ. മാത്യു ജോൺ മുളമൂട്ടിൽ വടശേരിക്കര
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

