നിരണം ∙ പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നെങ്കിലും സ്വന്തമായ ആസ്ഥാനത്ത് എത്തിച്ചേരാൻ ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ ഒരു വർഷം മുൻപ് തുടങ്ങിയ നിർമാണം താഴത്തെ നില കോൺക്രീറ്റ് ചെയ്ത നിലയിൽ തന്നെയാണിപ്പോഴും.
തുടർന്നുള്ള നിർമാണത്തിന് പണം അനുവദിച്ചാൽ മാത്രമേ നടത്താൻ കഴിയുകയുള്ളു എന്ന നിലപാടിലാണ് നിർമാണ കമ്പനി. മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 5 വർഷം മുൻപ് 1.59 കോടി രൂപയാണ് കെട്ടിട നിർമാണത്തിന് അനുവദിച്ചത്.
നേരത്തേ 2018ലെ പ്രളയത്തിൽ പത്തടിയോളം മുങ്ങി ബലക്ഷയത്തിലായ കെട്ടിടം പൊളിച്ചു പുതിയത് പണിയാനാണ് പണം അനുവദിച്ചത്. പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിന് 2 വർഷം എടുത്തു.
ഒരു വർഷം മുൻപാണ് നിർമാണ ഏജൻസിയായ ഹാബിറ്റാറ്റ് പണികൾ തുടങ്ങിയത്.
പൈലിങ് ജോലികൾ പൂർത്തിയാക്കിയ വകയിൽ 20 ലക്ഷം രൂപ മാത്രമാണ് ഹാബിറ്റാറ്റിനു ലഭിച്ചത്. അതിനുശേഷം താഴത്തെ നിലയുടെ കോൺക്രീറ്റിങ് പൂർത്തിയാക്കി 35 ലക്ഷം രൂുപയുടെ ബില്ല് നൽകിയെങ്കിലും ഇതുവരെ ഒരു രൂപ പോലും നൽകിയില്ല.
ഇതോടെയാണ് നിർമാണം തടസ്സപ്പെട്ടത്. പഞ്ചായത്ത് ഓഫിസിന്റെ പഴയ കെട്ടിടത്തിൽ 2018 ലെ പ്രളയത്തിനുശേഷം പ്രവർത്തിച്ചിട്ടില്ല. കെട്ടിടം ബലക്ഷയമായതാണ് കാരണം.
തുടർന്നാണ് പഞ്ചായത്തിന്റെ തന്നെ കെട്ടിടമായ ശിശുവിഹാറിലേക്ക് മാറ്റിയത്. കഴിഞ്ഞ ഭരണ സമിതിയുടെ മുഴുവൻ കാലവും ഇവിടെയായിരുന്നു പ്രവർത്തനം.
ഇവിടുത്തെ ചെറിയ സൗകര്യത്തിലാണ് പ്രവർത്തനം.
ഈ കെട്ടിടവും ബലക്ഷയമായതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ശിശുവിഹാറിന്റെ മുകളിലത്തെ നിലയിലാണ് ഓഫിസ്. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്കും പടികൾ കയറി മുകളിലത്തെ നിലയിൽ എത്താൻ പ്രയാസമാണ്.
പുതിയ കെട്ടിടം 2 നിലയിലാണ് നിർമിക്കുന്നത്. ഒരു നിലയുടെ കോൺക്രീറ്റിങ് മാത്രമാണ് കഴിഞ്ഞത്. രണ്ടാമത്തെ നിലയുടെ പണികൾ പൂർത്തിയാക്കി ഇവിടേക്കു പ്രവർത്തനം മാറ്റാൻ എത്ര വർഷം വേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

