കോഴഞ്ചേരി ∙ പ്രക്കാനം ഇടയാടിയിൽ അജികുമാർ കുറുപ്പിന് (59) ആദരാഞ്ജലി അർപ്പിക്കാൻ കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ഇടവക തീരുമാനിച്ചതിനു പിന്നിൽ കാരണം ഒന്നുമാത്രം: കഴിഞ്ഞ 23 വർഷമായി അജി ഈ ഇടവകയുടെ സംരക്ഷകനായിരുന്നു. അവസാന യാത്രയയപ്പിനായി വീട്ടിലേക്കു കൊണ്ടുപോകുന്നതിനു മുൻപ്, രാവിലെ 9 മണിക്ക് പള്ളിയിലെത്തിച്ച മൃതദേഹം, 10 മണി വരെ ഇവിടെ പൊതുദർശനത്തിന് വച്ചു.
ഇടവക അംഗമല്ലാത്ത ഒരു വ്യക്തിയുടെ മൃതദേഹം പള്ളിക്ക് ഉള്ളിൽ വച്ച് ആദരിക്കാനുള്ള ഇടവകയുടെ തീരുമാനമാണ് ശ്രദ്ധേയമായത്. ഞായർ രാവിലെ 9.30 വരെ പള്ളിയിൽ ജോലി ചെയ്തിരുന്ന അജി വൈകിട്ടാണ് മരണമടഞ്ഞത്.
സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഇടവക അംഗത്തെ പോലെ വിശ്വസ്തത പുലർത്തുന്ന വ്യക്തിയായിരുന്നു എന്ന് ഇടവക അനുസ്മരിച്ചു.
മരണ വിവരം അറിഞ്ഞ വികാരി റവ.ഏബ്രഹാം തോമസും സെക്രട്ടറി ഷിബു കെ.ജോണും ട്രസ്റ്റി ഉമ്മൻ വർഗീസും ട്രസ്റ്റി ബിനു പരപ്പുഴയും മറ്റു ഭാരവാഹികളും ചേർന്ന് അജിക്ക് ആദരം നൽകണമെന്നു തീരുമാനിക്കുകയും അതിനുള്ള സൗകര്യം പള്ളിക്ക് ഉള്ളിൽ ഒരുക്കുകയുമായിരുന്നു. അജിയുടെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു.
ഭാര്യ: സുജ അജി. മക്കൾ: ജിതിൻ, വിഷ്ണു, ആര്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]