
തകർന്ന റോഡ് നന്നാക്കിയെന്ന് റിപ്പോർട്ട്: പിഡബ്ല്യുഡി വെട്ടിലായി; പരിശോധനയിൽ കണ്ടത് റോഡ് നശിച്ചു കിടക്കുന്നത്
ഇട്ടിയപ്പാറ ∙ തകർന്നു കിടക്കുന്ന റോഡ് നവീകരിച്ചെന്നു താലൂക്ക് വികസന സമിതിക്കു റിപ്പോർട്ട് നൽകിയ പിഡബ്ല്യുഡി റോഡ് വിഭാഗം വെട്ടിലായി. സമിതി യോഗത്തിന്റെ നിർദേശ പ്രകാരം നടത്തിയ സംയുക്ത പരിശോധനയിൽ റോഡ് നശിച്ചു കിടക്കുന്നതാണ് കാണാനായത്.
ഇട്ടിയപ്പാറ–ജണ്ടായിക്കൽ–ബംഗ്ലാംകടവ് റോഡിൽ ഇട്ടിയപ്പാറ–ഒഴുവൻപാറ വരെയുള്ള കാഴ്ചയാണിത്. നവീകരണത്തിന്റെ ഭാഗമായി ഇട്ടിയപ്പാറ നിന്ന് ഒഴുവൻപാറ വരെ 5 കലുങ്കുകൾ നിർമിച്ചിരുന്നു. അവയുടെ ഉപരിതലങ്ങൾ പാറമക്കിട്ട് ഉറപ്പിച്ചിരുന്നു.
വാഹനങ്ങൾ കയറിയിറങ്ങിയും മഴയിലും പാറപ്പൊടി ഒലിച്ചു പോയി. മെറ്റൽ മാത്രമാണു ശേഷിക്കുന്നത്.
ഇതിൽ തെന്നി ഇരുചക്ര വാഹന യാത്രക്കാർ തുടരെ വീഴുന്നു. ഇതേ തുടർന്നാണ് താലൂക്ക് വികസനസമിതിയംഗം ജി.രാജപ്പൻ സമിതിയിൽ പരാതി നൽകിയത്.
ഇതിനു നൽകിയ മറുപടിയിലാണ് റോഡ് നന്നാക്കിയെന്നു പറഞ്ഞിരുന്നത്. ഇന്നലെ നടന്ന യോഗത്തിൽ രാജപ്പൻ ഇതിനെ എതിർത്തു. തുടർന്ന് സംയുക്ത പരിശോധന നടത്താൻ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പരാതിക്കാരനും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. 5 കലുങ്കുകളുടെയും ഉപരിതലം തകർന്നു കിടക്കുകയാണ്.
പിഡബ്ല്യുഡി ഉദ്യോഗസ്ഥർ കരാർ പ്രതിനിധിയെ വിളിച്ചു വരുത്തി പണി നടത്താൻ നിർദേശിച്ചാണു മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]