
ഒട്ടേറെ പേർ വിഡിയോ പങ്കിട്ടെങ്കിലും മോഷ്ടാവിന്റെ മനസലിഞ്ഞിട്ടില്ല; ‘സ്കൂട്ടർ എടുത്തോളൂ, രേഖകൾ ദയവായി തിരിക തരണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ സ്കൂട്ടർ മോഷ്ടിച്ചവരോട്, സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന രേഖകൾ ദയവായി തിരികെ നൽകണമെന്ന് വിഡിയോയിലൂടെ അഭ്യർഥിച്ചു ഉടമയായ വനിത. കുരമ്പാല കുറ്റിവിളയിൽ കെ.എസ്.ഗിരീഷ് കുമാറിന്റെ ഭാര്യ ശ്രീജാ ഗിരീഷാണ് ഈ അഭ്യർഥന നടത്തിയത്. രേഖകൾ സ്പീഡ് പോസ്റ്റ് വഴിയോ കുറിയറിലൂടെയോ അയച്ചു നൽകണമെന്നാണ് ആവശ്യം.
പൊലീസിൽ പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വഴി തേടിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലാണ് വിഡിയോ തയാറാക്കിയത്. സ്കൂട്ടർ സ്റ്റാർട്ടാക്കാതെ ഉരുട്ടിക്കൊണ്ടു പോകുന്നത് ഉൾപ്പെടെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പമാണ് ശ്രീജയുടെ ശബ്ദസന്ദേശം. ഒട്ടേറെ പേർ വിഡിയോ പങ്കിട്ടെങ്കിലും മോഷ്ടാവിന്റെ മനസലിഞ്ഞിട്ടില്ല.
കുരമ്പാല കാണിക്കവഞ്ചി ജംക്ഷനിൽ കുടുംബശ്രീ ഹോട്ടൽ നടത്തുകയാണ് ശ്രീജ. മേയ് ഒന്നിന് രാവിലെ ഏഴോടെ ആശുപത്രിയിൽ പോകാനായി സ്കൂട്ടറെടുക്കാൻ വന്നപ്പോഴാണ് മോഷണം നടന്നതറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിയും നൽകി. സിസിടിവി ദൃശ്യം പ്രകാരം അന്നു പുലർച്ചെ 3.50ന് മോഷണം നടന്നു. ആധാർ കാർഡ്, പാൻ കാർഡ് അടക്കം വിലപ്പെട്ട രേഖകളും വായ്പ വാങ്ങിയ 7500 രൂപയും സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നു. രണ്ട് മാസം മുൻപ് മരിച്ച അച്ഛന്റെ ആധാർ കാർഡും നഷ്ടപ്പെട്ടവയിലുണ്ട്.
മോഷ്ടാവ് അറിയാൻ…!
ആധാർ കാർഡ്, പാൻ കാർഡ്, സ്കൂട്ടറിന്റെ ആർസി, ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡ്, 7500 എന്നിവ സ്കൂട്ടറിലുണ്ടായിരുന്നു. മുൻപുണ്ടായ അപകടത്തെത്തുടർന്ന് ശ്രീജയ്ക്ക് ഭാരമെടുക്കാനും മറ്റും ബുദ്ധിമുട്ടുണ്ട്. ഹോട്ടലിലെ കാര്യങ്ങൾക്കെല്ലാം ഈ സ്കൂട്ടറാണ് ഉപയോഗിച്ചിരുന്നത്. 2 മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഹോട്ടൽ. ഇവിടത്തെ ജോലിത്തിരക്കിനിടയിൽ പുതിയ ആധാർ കാർഡ് ഉൾപ്പെടെ സംഘടിപ്പിക്കുക ശ്രമകരമാണ്. 2018ൽ വാങ്ങിയതാണ് കെഎൽ 26 എച്ച് 4608 സ്കൂട്ടർ. പണവും സ്കൂട്ടറും തിരികെ നൽകിയില്ലെങ്കിലും രേഖകൾ തിരികെ വേണമെന്നാണ് ശ്രീജയുടെ അപേക്ഷ.