സീതത്തോട്∙ വോട്ടെടുപ്പിനുശേഷം കൊച്ചുപമ്പ ബൂത്തിൽനിന്നു വോട്ട് പെട്ടികളുമായി മടങ്ങിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘത്തിന്റെ മുന്നിൽ കാട്ടാന. മുക്കാൽ മണിക്കൂറോളം വാഹനങ്ങൾക്കു മുന്നിൽ നിലയുറപ്പിച്ച ആന കാട്ടിലേക്കു പിൻമാറിയതിനെ തുടർന്നാണു സംഘത്തിനു യാത്ര തുടരാനായത്.
അതുവരെ ആനയുടെ ആക്രമണം ഭയന്നു പൊലീസ് സംഘം ഉൾപ്പെടെ പതിനഞ്ചോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞതു ജീവനും കയ്യിലേന്തി ആകാംക്ഷയുടെ മുൾമുനയിൽ.
കഴിഞ്ഞ ദിവസം 7 മണിക്കു ശേഷമാണു കൊച്ചുപമ്പ 59ാം ബൂത്തിൽനിന്നും ഉദ്യോഗസ്ഥ സംഘം ഗവി വഴി പെരിയാർ, കുട്ടിക്കാനം ചുറ്റി മലയാലപ്പുഴയിലുള്ള സ്ട്രോങ് റൂമിലേക്കു യാത്ര തിരിച്ചത്. വന്യമൃഗങ്ങളുടെ ഭീഷണി കാരണമാണു കക്കി, മൂഴിയാർ, ആങ്ങമൂഴി വഴിയുള്ള യാത്ര ഉപേക്ഷിക്കാൻ കാരണം.
കൊച്ചുപമ്പയിൽ നിന്നു യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ ആനയുടെ മുന്നിൽപെടുകയായിരുന്നു.റോഡിൽ നിലയുറപ്പിച്ച ആന മാറാതെ കുറെ ഏറെ സമയം നിന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും കാട് പരിചയം ഇല്ലാത്തവരും ഈ റൂട്ടിലെ പുതുമുഖങ്ങളുമായിരുന്നു.
മുൻ തിരഞ്ഞെടുപ്പുകളിൽ സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കു വഴികാട്ടിയായി മുൻപിൽ ഉണ്ടാകുമായിരുന്നു.
എന്നാൽ ഈ തവണ ആരും ഇല്ലായിരുന്നു. ഗ്രൂപ്പ് പട്രോളിങ് പൊലീസ് എസ്ഐ ആർ.
അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ഇവരുടെ കൈവശം ആനയെ തുരത്തുന്നതിനു കാര്യമായ സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു.
കൊടുംകാട്ടിലെ നടുറോഡിൽ മൂന്നു ചെറിയ വാഹനങ്ങളിലും ഒരു ട്രാവലർ വാനിലും ഇരുന്ന ഉദ്യോഗസ്ഥ സംഘത്തിനു മുന്നിൽ നിന്നു ആന മാറും വരെ ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു. റോഡിൽ നിന്നു സാവധാനം ആന കാട്ടിലേക്കു നടന്നു നീങ്ങിയതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.
തുടർന്നു ഗവിയിൽ എത്തിയ ശേഷം ഗവി ബൂത്തിലെ ഉദ്യോഗസ്ഥർക്ക് ഒപ്പമായിരുന്നു പിന്നീടുള്ള യാത്ര. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

