
മണൽപുറ്റുകളിൽ പുല്ലുകൾ: ആറിന്റെ മധ്യത്തിൽ കര തെളിയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ പ്രളയത്തിൽ അടിഞ്ഞ ചെളി പൂർണമായി നീക്കം ചെയ്തില്ലെങ്കിൽ പമ്പാനദി കരയായി മാറാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. മണൽ പുറ്റുകളിൽ പുല്ലുകൾ വളർന്ന് ആറിന്റെ മധ്യത്തിലും കര തെളിയുകയാണ്.പൂവത്തുംമൂട് കടവ് മുതൽ മുകളിലേക്കാണു സ്ഥിതി ഗുരുതരം. പൂവത്തുംമൂട് മുതൽ പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ തടയണ വരെയുള്ള ഭാഗങ്ങളിൽ ആറ്റിൽ മണലില്ല. പാറക്കൂട്ടങ്ങൾ മാത്രമാണു ശേഷിച്ചിട്ടുള്ളത്. പാറക്കൂട്ടങ്ങൾക്കിടയിലാണ് 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ ചെളി അടിഞ്ഞിരിക്കുന്നത്. അവയിലാണ് പുല്ലുകൾ വളരുന്നത്. ഓരോ വേനൽക്കാലത്തും അവ വ്യാപിക്കുകയാണ്. ഇത്തരം ഭാഗങ്ങളാണു കരയായി മാറുന്നത്.പെരുന്തേനരുവിക്കു താഴെ രണ്ടിടത്ത് ആറിന്റെ മധ്യത്തിൽ തുരുത്തുകളുണ്ട്. തെങ്ങും പറങ്കിമാവും മറ്റു മരങ്ങളുമൊക്കെ തുരുത്തിൽ വളരുന്നു. മറ്റിടങ്ങളിലും ഇതേ സ്ഥിതി നേരിടാനിടയുണ്ട്.
ഇടത്തിക്കാവിലെ തടയണ മുതൽ മുകളിലേക്ക് വൻതോതിൽ മണലും ചെളിയും ആറ്റിൽ അടിഞ്ഞു കിടപ്പുണ്ട്. ആറിന്റെ അടിത്തട്ടിലെ ആഴം കുറഞ്ഞിരിക്കുകയാണ്. പൊനച്ചി വരെ ഇതേ കാഴ്ച പ്രകടം. പൊനച്ചി മുതൽ മുകളിലേക്കു വീണ്ടും പാറക്കൂട്ടങ്ങൾ കാണാനുണ്ട്. പമ്പാവാലി മേഖലകളിൽ അടിഞ്ഞിരിക്കുന്ന മണൽ ഇരുളിന്റെ മറവിൽ കടത്തുന്ന സംഘങ്ങൾ സജീവം. എരുമേലി ഭാഗങ്ങളിലേക്കാണു മണൽ കൊണ്ടുപോകുന്നത്.പ്രളയത്തിൽ അടിഞ്ഞ ചെളിയും മണലും മണൽ പുറ്റുകളും നീക്കുന്നതിന് ജലവിഭവ വകുപ്പ് 2 വർഷം മുൻപ് പദ്ധതി ആവിഷ്കരിച്ചിരുന്നു. ചെറുകോൽ, അയിരൂർ, വെച്ചൂച്ചിറ, നാറാണംമൂഴി, അങ്ങാടി എന്നീ പഞ്ചായത്തുകളിലെ ചെല കടവുകളിൽ ഇതിനു തുടക്കമിട്ടിരുന്നു. പാതിവഴിയിൽ നിലച്ച പദ്ധതി പിന്നീട് പുനരാരംഭിച്ചില്ല.ജലസ്രോതസുകൾ സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്ന സർക്കാർ നദികളുടെ വീണ്ടെടുപ്പിനു തുടക്കമിടേണ്ട കാലം അതിക്രമിച്ചു.