റാന്നി ∙ വെയിലിന്റെ കാഠിന്യം വർധിച്ചതോടെ നാടു വരളുന്നു. പമ്പാനദി ഇടമുറിഞ്ഞു.
ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. ജല വിതരണ പദ്ധതികളും ജനങ്ങളുടെ ദാഹം അകറ്റുന്നില്ല.ശബരിമല തീർഥാടനം ആരംഭിച്ചപ്പോൾ തന്നെ ചൂടിന്റെ കാഠിന്യം വർധിച്ചു തുടങ്ങിയിരുന്നു.
മകര വിളക്കിന് പമ്പ ത്രിവേണിയിൽ ജലവിതാനം നിലനിർത്താൻ കുന്നാർ അണക്കെട്ട് തുറന്നു വിടേണ്ടി വന്നിരുന്നു. പിന്നീട് ചിലയിടങ്ങളിൽ ചെറിയ തോതിൽ വേനൽ മഴ പെയ്തതൊഴിച്ചാൽ കാര്യമായ മഴ ലഭിച്ചിട്ടില്ല.
പമ്പാനദിയിൽ മുക്കം മുതൽ മുകളിലേക്കു കാര്യമായ നീരൊഴുക്കില്ല. പാറക്കൂട്ടങ്ങൾ മാത്രമാണു ശേഷിക്കുന്നത്.
അവയ്ക്കിടയിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് ജനം കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പ്രയോജനപ്പെടുത്തുന്നത്.
കട്ടിക്കൽ അരുവിക്കു മുകളിൽ നീരൊഴുക്ക് പൂർണമായി നിലച്ചു. ഇവിടെ ഇടമുറിഞ്ഞു.
മണൽ പുറ്റുകൾ ആറ്റിൽ തഴച്ചു വളരുകയാണ്. വെച്ചൂച്ചിറ ജല വിതരണ പദ്ധതി പ്രതിസന്ധിയിലാണ്.
പമ്പിങ്ങിന് ആറ്റിൽ കാര്യമായ വെള്ളമില്ല. പാറയിടുക്കിൽ കെട്ടിനിർത്തിയാണു വെള്ളം പമ്പ് ചെയ്യുന്നത്.
ജലവൈദ്യുതി പദ്ധതികളിലെ ഉൽപാദനത്തിനു ശേഷം കക്കാട്ടാറ്റിലേക്കു പുറംതള്ളുന്ന വെള്ളമാണ് മുക്കത്തിനു താഴെ പമ്പയിൽ നീരൊഴുക്കു നിലനിർത്തുന്നത്. റാന്നി, ചെറുകോൽപുഴ, മാരാമൺ കൺവൻഷനുകൾക്കായി മണിയാർ ഡാം അടച്ചതോടെ ആറ്റിൽ ജലവിതാനം തീർത്തും കുറഞ്ഞു.
പമ്പാ ജലസേചന പദ്ധതിയുടെ കനാലിലൂടെ ഇപ്പോൾ വെള്ളം തുറന്നു വിടുകയാണ്.
ഇതുമൂലം പമ്പാനദിയുടെ എല്ലാ ഭാഗത്തും മണൽ പരപ്പുകൾ തെളിഞ്ഞിരിക്കുന്നു. നീർച്ചാലുകൾ പോലെയാണ് വശങ്ങളിലൂടെയും മധ്യത്തിലൂടെയും വെള്ളം ഒഴുകുന്നത്.
അങ്ങാടി ജല വിതരണ പദ്ധതിയുടെ പുളിമുക്ക് കിണറ്റിലേക്കുള്ള നീരൊഴുക്കു കുറഞ്ഞു. ആറ്റിൽ താൽക്കാലികമായി നിർമിച്ചിട്ടുള്ള തടയണ ബലപ്പെടുത്താതെ നീരൊഴുക്ക് വർധിപ്പിക്കാനാകില്ല.
ഇതുമൂലം അങ്ങാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാകുന്നില്ല.
വെള്ളം വില കൊടുത്തു വാങ്ങുകയാണു ജനം. ശുദ്ധജലം നിറച്ച പിക്കപ് വാനുകൾ നിരത്തുകളിലൂടെ തുടരെ ഓടുന്നതു പതിവു കാഴ്ചയായിരിക്കുന്നു.
2,000 ലീറ്റർ വെള്ളത്തിനു കുറഞ്ഞ ദൂരത്തിൽ 1,000 രൂപ നൽകണം. ഇതു സാധാരണക്കാരെയാണു ബാധിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

