മല്ലപ്പുഴശേരി ∙ ലൈഫ് ഭവനപദ്ധതിയിൽ വീടുവയ്ക്കാൻ ഭൂമി നിരപ്പാക്കുന്ന കുടുംബങ്ങൾക്ക് പണി നൽകി മണ്ണെടുപ്പു കരാറുകാർ. എടുക്കാൻ അനുമതി നൽകുന്നതിനേക്കാൾ കൂടുതൽ മണ്ണ് നീക്കം ചെയ്തതിനെ തുടർന്ന് ജിയോളജി വകുപ്പ് ഭൂവുടമകളിൽ നിന്നു പിഴയീടാക്കി.
പുന്നയ്ക്കാട് കർത്തവ്യം മുരളീഭവനിൽ ശ്രീലത എസ്.നായരിൽനിന്ന് 60,800 രൂപയും കാരംവേലി വള്ളിപ്പറമ്പിൽ അരുൺ ശശിധരൻ ആചാരിയിൽനിന്ന് 1.01 ലക്ഷം രൂപയുമാണ് ഈടാക്കിയത്. കുറുന്താർ തേവള്ളിൽ ലക്ഷംവീട് നഗറിൽ ടി.എസ്.മോഹനനും കൂടുതൽ മണ്ണ് നീക്കം ചെയ്തതായും അതിനുള്ള പിഴ അടയ്ക്കേണ്ടി വരുമെന്നും അറിയിച്ചതായാണ് പുറത്തുവന്ന രേഖകൾ പറയുന്നത്.
എന്നാൽ, അനുമതി നൽകിയതിലും മൂന്നിരട്ടിയിലധികം മണ്ണ് നീക്കം ചെയ്ത്, ഒരു മല അപ്പാടെ ഇടിച്ചുനിരത്തിയ സംഭവത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ജിയോളജി വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
മണ്ണ് ഇളക്കിയപ്പോൾ പാറകൾകിടക്കുന്നതിനാൽ നീക്കം ചെയ്ത മണ്ണിന്റെ അളവ് കണക്കാക്കാൻ കഴിയുന്നില്ലയെന്നു കാണിച്ച് സെക്രട്ടറി ജില്ലാ ജിയോളജിസ്റ്റിന് മാർച്ച് 28ന് കത്തു നൽകിയെങ്കിലും നടപടിയില്ല.
മണ്ണെടുപ്പിൽ രണ്ടു നയമെന്ന് ആക്ഷേപം
കർത്തവ്യം മുരളീഭവനിൽ ശ്രീലത എസ്.നായർക്ക് 2022ൽ ആണ് ലൈഫ് മിഷനിൽ വീട് അനുവദിച്ചത്. ഇതിനിടെ മകൾക്ക് ശാരീരിക പ്രയാസങ്ങൾക്കായി ചികിത്സ നടത്തേണ്ടിവന്നു.
പ്രയാസങ്ങൾക്കു നടുവിലും സർക്കാർ അനുവദിച്ച ലൈഫ് മിഷൻ വീട് വയ്ക്കാനുള്ള ശ്രമം ശ്രീലതയും സെക്യൂരിറ്റി ജോലിചെയ്യുന്ന ഭർത്താവ് സദാശിവൻ നായരും ആരംഭിച്ചു. ചെരിവുഭൂമി നിരപ്പാക്കാൻ മണ്ണെടുക്കാൻ തുടങ്ങിയെങ്കിലും ഇതുനിരീക്ഷിക്കാനോ അളവിൽ കൂടുതൽ എടുക്കുന്നുണ്ടോയെന്ന് പരിശോധിക്കാനോ അധികാരികൾ ആരും എത്തിയില്ല.
മണ്ണെടുക്കാൻ ചുമതലപ്പെടുത്തിയവർ വളരെ ഏറെ മണ്ണ് നീക്കം ചെയ്തു. അതിനുള്ള പിഴയായാണ് 60,800 രൂപ ഈ കുടുംബം ജിയോളജി വകുപ്പിൽ അടയ്ക്കേണ്ടി വന്നത്.
മണ്ണെടുപ്പു നടത്തുന്നത് പരിശോധിക്കാൻ ആരും എത്തിയില്ലെങ്കിലും പാർട്ടിപ്പിരിവിനായി ഒരു വനിതാ പഞ്ചായത്തംഗവും ഒരു പാർട്ടി പ്രവർത്തകനും സ്ഥലത്തെത്തുകയും മണ്ണ് നീക്കം ചെയ്യുന്ന വ്യക്തിയിൽനിന്ന് 10,000 രൂപ സംഭാവനയായി വാങ്ങിപ്പോയതായും ആരോപണമുണ്ട്.
കാരംവേലി വള്ളിപ്പറമ്പിൽ അരുൺ ശശിധരൻ ആചാരിയുടെ ഭൂമിയിൽനിന്ന് മണ്ണ് നീക്കം ചെയ്തതിനു 1.01 ലക്ഷം രൂപയുടെ പിഴയാണ് ഈടാക്കിയത്. പിഴത്തുക അടയ്ക്കാൻ മാർഗമില്ലാതിരുന്ന ഈ കുടുംബം പലരിൽനിന്നു കടം വാങ്ങിയാണ് പണം അടച്ചത്.
നിർധന കുടുംബങ്ങളെ വലയ്ക്കുന്ന അധികൃതർ സ്വാധീനമുള്ളവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനിടെ ഒരു വ്യക്തിക്ക് ഒരു മേൽവിലാസത്തിൽ രണ്ട് വീട് വയ്ക്കാൻ മണ്ണെടുപ്പിന് അനുവാദം നൽകിയ രേഖയും പുറത്തുവന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]