ആറന്മുള ∙ ചിങ്ങവെയിൽ ആതിരനിലാവായി. പുണ്യനദിയായ പമ്പയുടെ ഇരുകരകളിലും ആവേശത്തിര ഉയർന്നു.
അമരം മുതൽ അണിയംവരെ ഒരുമയുടെ തെളിച്ചവുമായി 52 പള്ളിയോടങ്ങൾ തുഴയെറിഞ്ഞു. പമ്പയുടെ ഓളങ്ങളിൽ ഹൃദയതാളം തുളുമ്പി.
തുഴയുടെ താളത്തിൽ ജലകണങ്ങൾ ചിതറി.
ജലപൂരത്തിന് പുരുഷാരം
‘ആറന്മുള വള്ളംകളി, ആൾത്തിരക്കിൻ പൂരക്കളി’ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഈരടികളെ ഓർമിപ്പിച്ചു ജലത്തിലെ പൂരം കാണാൻ എത്തിയ ജനസഹസ്രങ്ങൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ.
വിദേശികളുടെ സാന്നിധ്യവും ഏറെ. ജലഘോഷയാത്രയോടെ നയനമനോഹര കാഴ്ചകൾക്ക് തുടക്കമായി.
ഭഗവൽസ്തുതിയുമായി അണി ചേർന്നെത്തി പള്ളിയോടങ്ങൾ.
‘അർജുന സാരഥിയായി’
ഉദ്ഘാടന സമ്മേളനത്തിൽ വഞ്ചിപ്പാട്ട് ആചാര്യന്മാരെ ആദരിച്ചു. ‘അർജുന സാരഥിയായി വിശ്വനാഥൻ അത് നേരം’ ഈരടികൾ ഇവർ പാടിയപ്പോൾ നടൻ ജയസൂര്യയും ഒപ്പം ചേർന്നു.
ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും ലോകപ്രസിദ്ധമായ ഓർമകളും നടൻ പങ്കുവച്ചു. സെൽഫി എടുക്കാനെത്തിയവരെയും നിരാശപ്പെടുത്തിയില്ല. 3 മണിയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചു.
തുടർന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ് മത്സരവും അരങ്ങേറി. ഓണസ്മരണകൾ ഉണർത്തി മഹാബലി വേഷധാരിയും വേദിയിൽ നിറഞ്ഞു. സായാഹ്നമെത്തിയപ്പോൾ മത്സര വള്ളംകളി ലൂസേഴ്സ് ഫൈനലിലേക്ക് കടന്നു.
സത്രക്കടവ് ഭാഗത്തേക്ക് ജനക്കൂട്ടത്തിന്റെ വൻഒഴുക്ക് . ‘നാരായണ നിന്നെ കാണുമാറാകേണം’ ഇരുകരകളിലും വഞ്ചിപ്പാട്ട് അലയടിച്ചു.
പമ്പയാറിന്റെ ഓളപ്പരപ്പിലൂടെ ആരവങ്ങൾ തീർത്ത് ബി ബാച്ച് ഫൈനൽ. ഫിനിഷിങ് പോയിന്റിൽ ആവേശം പകർന്ന് മറ്റു പള്ളിയോടങ്ങളിലെ തുഴക്കാർ തോർത്ത് മുകളിലേക്ക് ഒരേതാളത്തിൽ ഉയരത്തിൽ ചുഴറ്റിയത് മത്സരത്തിന് കൂടുതൽ ചാരുതയേകി.
തുടർന്ന് എ ബാച്ച് ലൂസേഴ്സ് ഫൈനൽ. ഇഞ്ചോടിഞ്ച്, ഒപ്പത്തിനൊപ്പം എന്ന നിലയിലായിരുന്നു ഈ മത്സരം.
രാജകീയം
സമയം 6.20 പിന്നിട്ടു.
ഏവരും കാത്തിരുന്ന പോരാട്ടത്തിന് നേരമായി. എ ബാച്ച് വിഭാഗം ഫൈനലിന് കാഹളം മുഴങ്ങി.
4 പള്ളിയോടങ്ങൾ ശരവേഗത്തിൽ മുന്നോട്ട്. ഫിനിഷിങ് പോയിന്റിലെ കൊടി തോരണങ്ങൾ കാറ്റിൽ ഉയർന്നുപാറി. ജേതാക്കളായ മേലുകര തുഴ മാനത്തേക്ക് ഉയർത്തി.
മലയാള നാടിന്റെ പ്രസിദ്ധമായ ജലമാമാങ്കത്തിന് അഴകാർന്ന പരിസമാപ്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]