ആറന്മുള ∙ പമ്പയുടെ ഓളപ്പരപ്പിനു മീതേ പള്ളിയോടങ്ങൾ തുഴച്ചിറകുകൾ വിടർത്തി കുതിച്ച ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകര, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടങ്ങൾക്കു മന്നം ട്രോഫി. ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന ഓളപ്പരപ്പിലെ പൂരക്കാഴ്ചയിൽ 51പള്ളിയോടങ്ങളാണ് എ, ബി ബാച്ചുകളിലായി മത്സരിച്ചത്. ജലഘോഷയാത്രയിലും 51 പള്ളിയോടങ്ങളും പങ്കെടുത്തു.നെഹ്റു ട്രോഫി മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലായിരുന്നു ഇത്തവണയും ജലോത്സവം.
എ, ബി ബാച്ചുകളിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത 4 പള്ളിയോടങ്ങളാണു ഫൈനലിൽ മാറ്റുരച്ചത്. എ ബാച്ചിൽ അയിരൂർ രണ്ടാമതും മല്ലപ്പുഴശേരി മൂന്നാമതും ഇടശേരിമല കിഴക്ക് നാലാമതുമെത്തി. ബി ബാച്ചിൽ കോടിയാട്ടുകര രണ്ടാമതും, ഇടപ്പാവൂർ മൂന്നാമതും, മേപ്രം തൈമറവുംകര നാലാമതുമായി ഫിനിഷ് ചെയ്തു.
എ ബാച്ച് ഫൈനലിൽ മേലുകര, അയിരൂർ, മല്ലപ്പുഴശേരി, ഇടശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങളാണ് ഏറ്റുമുട്ടിയത്.
ഏതാനും ദിവസം മുൻപ് പുതുക്കിപ്പണിത് നീറ്റിലിറക്കിയ മേലുകര പള്ളിയോടം ഒന്നര വള്ളപ്പാടിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത്ത് എത്തി മന്നം ട്രോഫി നേടിയത്. ബി ബാച്ച് ഫൈനലിൽ കോറ്റാത്തൂർ കൈതക്കോടി, കോടിയാട്ടുകര, ഇടപ്പാവൂർ, മേപ്രം–തൈമറവുംകര എന്നീ പള്ളിയോടങ്ങളാണ് ഏറ്റുമുട്ടിയത്. ഫൈനൽ തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോഴേക്കും കോറ്റാത്തൂർ കുതിച്ചുപാഞ്ഞു.
അതോടെ കരകൾ ഇളകി. ആർപ്പുവിളികൾ ശക്തമായി.
കോറ്റാത്തൂരിന്റെ തുഴകൾക്ക് വീണ്ടും വേഗം കൂടി. മറ്റ് പള്ളിയോടങ്ങളെ രണ്ട് വള്ളപ്പാടിന്റെ വ്യത്യാസത്തിൽ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി മന്നംട്രോഫി കരസ്ഥമാക്കി.
എ ബാച്ച് ലൂസേഴ്സിൽ കുറിയന്നൂർ, ഓതറ, കീഴുകര എന്നീ പള്ളിയോടങ്ങളും ബി ബാച്ച് ലൂസേഴ്സ് ഫൈനലിൽ വന്മഴി, കീക്കൊഴൂർ, കടപ്ര എന്നിവരും ഒരേ താളത്തിൽ ഒരുപോലെയാണ് തുഴഞ്ഞെത്തിയത്.
ഇത് കാണികളുടെ ഹൃദയമിടുപ്പു കൂട്ടി. ക്ഷേത്രക്കടവ് കഴിഞ്ഞതോടെയാണ് വീറും വാശിയും കൂടിയത്.
‘തെയ്..തെയ്… തോ..ത്തോ’ താളത്തിനൊപ്പം നയമ്പുകൾ വെള്ളത്തിൽ കുത്തി തുഴഞ്ഞു.എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ കുറിയന്നൂർ, ഓതറ, കീഴുകര എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ബി ബാച്ച് ലൂസേഴ്സ് ഫൈനലിൽ വന്മഴി, കീക്കൊഴൂർ– വയലത്തല, കടപ്ര എന്നിവയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.എസ്എൻഡിപി യോഗം ഏർപ്പെടുത്തിയ ആർ.ശങ്കർ സുവർണ ട്രോഫി നെല്ലിക്കൽ പള്ളിയോടം നേടി. എ ബാച്ചിൽ മികച്ച രീതിയിൽ പാടി തുഴഞ്ഞതിന് മാലക്കര, തെക്കേമുറി പള്ളിയോടങ്ങളും ബി ബാച്ചിൽ കടപ്ര, ആറാട്ടുപുഴ എന്നിവയും ചമയത്തിന് കാട്ടൂർ, വെൺപാല പള്ളിയോടങ്ങളും സമ്മാനം നേടി.
ഒരുക്കിയത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ
∙ ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ മേൽനോട്ടത്തിൽ അഡീഷനൽ എസ്പി, 8 ഡിവൈഎസ്പിമാർ, 21 ഇൻസ്പെക്ടർമാർ, 137എസ്ഐ/എഎസ്ഐ എന്നിവർ ഉൾപ്പെടെ 625 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 9 ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ പരപ്പുഴക്കടവിലേക്കും ഫിനിഷിങ് പോയിന്റ് ആയ സത്രക്കടവിലേക്കുമുള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി വാഹന പാർക്കിങ് അനുവദിച്ചില്ല.
അഗ്നിരക്ഷാസേനയും എൻഡിആർഎഫും സേവനത്തിന് സന്നിഹിതരായിരുന്നു.
നിമിഷക്കണക്ക് വിധിയെഴുതിയപ്പോൾ
സമയത്തെ അടിസ്ഥാനമാക്കി നടന്ന ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്ത് തുഴഞ്ഞ് എത്തിയ കോറ്റാത്തൂർ കൈതക്കോടി (3.58 മിനിറ്റ്), കോടിയാട്ടുകര ( 4.02), ഇടപ്പാവൂർ (4.21), മേപ്രം – തൈമറവുംകര എന്നിവർ ഫൈനലിൽ എത്തി. ഹീറ്റ്സിൽ കുറഞ്ഞ സമയത്ത് എത്തിയ തോട്ടപ്പുഴശേരി,( 4.41), കടപ്ര (4.45), കീക്കൊഴൂർ- വയലത്തല (4.52), വന്മഴി (4.56) എന്നിവർ ലൂസേഴ്സ് ഫൈനലിലും അർഹത നേടി.
എ ബാച്ച് ഹീറ്റ്സിൽ ഏറ്റവും ആകർഷകമായ മത്സരം ഇടശേരിമല, കീഴ്ച്ചേരി മേൽ, ളാഹ– ഇടയാറുള എന്നിവയുടെ ഹീറ്റ്സായിരുന്നു.
മാലക്കര, കാട്ടൂർ, തെക്കേമുറി, വെൺപാല – കദളിമംഗലം എന്നീ പള്ളിയോടങ്ങൾ പങ്കെടുത്ത ബാച്ച് മത്സരവും നയന മനോഹരമായിരുന്നു.തെക്കേമുറികിഴക്ക്, ഇടയാറന്മുള, മാരാമൺ, ചിറയിറമ്പ് എന്നിവ പങ്കെടുത്ത ബാച്ചിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മാരാമൺ കുതിച്ചു കയറിയത്.എ ബാച്ച് ഹീറ്റ്സിൽ ഏറ്റവും ആകർഷകമായ മത്സരം ഇടശേരിമല, കീഴ്ച്ചേരി മേൽ, ളാഹ ഇടയാറുള എന്നിവയുടേതാണ്. മാലക്കര, കാട്ടൂർ, തെക്കേമുറി, വെൺപാല – കദളിമംഗലം എന്നീ പള്ളിയോടങ്ങൾ പങ്കെടുത്ത ബാച്ച് മത്സരവും നയന മനോഹരമായിരുന്നു.
തെക്കേമുറികിഴക്ക്, ഇടയാറന്മുള, മാരാമൺ, ചിറയിറമ്പ് എന്നിവ പങ്കെടുത്ത ബാച്ചിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മാരാമൺ കുതിച്ചു കയറിയത്.ബി ബാച്ച് ഫൈനലിൽ കോറ്റാത്തൂർ കൈതക്കോടി (4.46), കോടിയാട്ടുകര (5.18), ഇടപ്പാവൂർ (5.18.628).
തൈമറവുംകര എന്നിവർ ഫിനീഷ് ചെയ്തു. കുറിയന്നൂർ, കോയിപ്രം, കീഴുകര പള്ളിയോടങ്ങൾ പങ്കെടുത്ത ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ കുറിയന്നൂർ ഒന്നാം സ്ഥാനം നേടി.
കുറിയന്നൂർ (4.44) കോയിപ്രം (4.07), കീഴുകര (4.07) വ്യത്യാസത്തിലാണ് ഫിനീഷ് ചെയ്തത്. കോയിപ്രവും കീഴുകര എന്നിവ മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണു ഫിനിഷ് ചെയ്തത്.
ചെമ്മാനശോഭയിൽ മത്സരച്ചൂട്
ആറന്മുള ∙ ഇരുട്ട് കാഴ്ച മറച്ചുതുടങ്ങിയെങ്കിലും ആറന്മുളേശ്വരന്റെ അനുഗ്രഹ വർഷമായി എത്തിയ ചെമ്മാനം ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾക്ക് പ്രഭ ചൊരിഞ്ഞു.
ചെറിയ തർക്കങ്ങൾ കാരണം എ ബാച്ച് ലൂസേഴ്സ് ഫൈനലും ഫൈനലും തുടങ്ങാൻ വൈകി.
അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു തുടങ്ങി. ഫൈനൽ തുടങ്ങിയപ്പോൾ 6.21 ആയി.
ഫൈനൽ തുടങ്ങി പള്ളിയോടങ്ങൾ നീങ്ങി തുടങ്ങിയതോടെ ഭഗവാന്റെ അനുഗ്രഹം പോലെ പടിഞ്ഞാറൻ ചക്രവാളം ചുവന്നു.
ചെമ്മാനത്തിന്റെ തെളിമ വർണശോഭ പകർന്നു. അതോടെ കാണികൾക്കും സന്തോഷമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]