
പത്തനംതിട്ട∙വഴിവിളക്ക് കത്താത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ നഗരത്തിലെ തിരക്കേറിയ പല ഭാഗങ്ങളും ഇരുട്ടിൽ. പഴയ സ്റ്റാൻഡ്, ക്രോസ് റോഡ്, അബാൻ ജംക്ഷനിൽ നിന്ന് അഴൂർ ഭാഗത്തേക്കുള്ള റിങ് റോഡ്, കുമ്പഴ ജംക്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണു വഴിവിളക്കു തെളിയാത്ത പ്രശ്നം രൂക്ഷം. പഴയ സ്റ്റാൻഡിന്റെ പകുതി ഭാഗം കാറുകളുടെ പാർക്കിങ് മേഖലയാണ്.
കോഴഞ്ചേരി, ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, അടൂർ, പന്തളം, ഇലവുംതിട്ട, കടമ്മനിട്ട, തോന്ന്യാമല ഭാഗത്തു നിന്നു നഗരത്തിലേക്കു വരുന്ന സ്വകാര്യ ബസുകൾ പഴയ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരെ ഇറക്കിയാണു കെഎസ്ആർടിസി വഴി പുതിയ സ്റ്റാൻഡിൽ എത്തുന്നത്.
സന്ധ്യയ്ക്കു ശേഷം പഴയ സ്റ്റാൻഡിൽ ഇറങ്ങുന്നവർക്കു കടകളിലെ വെളിച്ചമാണ് ഏകആശ്രയം. കട
അടച്ചാൽ പിന്നെ ഇരുട്ടിൽ തപ്പണം. ക്രോസ് റോഡിലെയും സ്ഥിതി മറിച്ചല്ല.
തൈക്കാവ് റോഡിൽ നിന്നു ക്രോസ് റോഡിലേക്ക് തിരിയുന്ന വളവിൽ കട
അടച്ചാൽ പിന്നെ വെളിച്ചമില്ലാത്തതിനാൽ തപ്പിത്തടയണം. മെയിൻ റോഡിനോടു ചേർന്നുള്ള വസ്ത്ര വ്യാപാര ശാലയിലെ വെളിച്ചമാണു പകുതി ഭാഗത്തു കിട്ടുന്നത്.
അവർ അടച്ചിട്ടു പോയാൽ ക്രോസ് റോഡ് പൂർണമായും ഇരുട്ടിലാകും. കുമ്പഴ ജംക്ഷനിലാണു വലിയ പ്രശ്നം. പുനലൂർ– മൂവാറ്റുപുഴ റോഡിന്റെ മധ്യത്തിൽ ആന്റോ ആന്റണിയുടെ എംപി ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച പൊക്കവിളക്ക് ഉണ്ടായിരുന്നു.
റോഡ് വികസനം വന്നപ്പോൾ ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കെഎസ്ടിപി നഗരസഭയ്ക്കു കത്തുനൽകി. നഗരസഭ നീക്കിയില്ല.
എന്നാൽ അതിലേക്കുള്ള വൈദ്യുതി കണക്ഷൻ കെഎസ്ടിപി വിഛേദിച്ചു.
പരിഹാരമായി നഗരസഭ 4 എൽഇഡി ലൈറ്റ് സ്ഥാപിച്ചെങ്കിലും ജംക്ഷനിൽ വെളിച്ചം ലഭിച്ചില്ല. നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടും പരിഹരിക്കാൻ നഗരസഭയ്ക്കും കഴിഞ്ഞിട്ടില്ല.
അതിനിടെ കഴിഞ്ഞ ആഴ്ച മിനി ലോറി ഇടിച്ചു പൊക്കവിളക്കു പൂർണമായും തകർന്നു. കടകളിലെ വെളിച്ചവും ജംക്ഷനിലേക്കു കിട്ടുന്നില്ല.
വെളിച്ചമില്ലാത്തതു കുമ്പഴ ജംക്ഷനിൽ അപകടങ്ങൾ ഉണ്ടാക്കുന്നു.
അബാൻ ജംക്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വഴി അഴൂർ ജംക്ഷൻ വരെയുള്ള റിങ് റോഡ് രാത്രി പൂർണമായും ഇരുട്ടിലാണ്. അബാൻ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് റോഡിലൂടെ വലിച്ചിരുന്ന വൈദ്യുതി ലൈനും പോസ്റ്റും നീക്കം ചെയ്തു. പകരം ഭൂഗർഭ കേബിൾ സ്ഥാപിച്ചു.
എന്നാൽ നീക്കം ചെയ്ത വഴിവിളക്കുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലേക്ക് വരുന്ന രോഗികളും അവരുടെ സഹായികളുമാണ് ഇതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പഴയ ബസ് സ്റ്റാൻഡ് , ക്രോസ് റോഡ് എന്നിവിടങ്ങളിൽ വഴിവിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് നഗരത്തിലെ വ്യാപാരി ഇക്ബാൽ അത്തിമൂട്ടിൽ റാന്തൽ വിളക്ക് കത്തിച്ചു പ്രതിഷേധവും നടത്തി.
“കുമ്പഴ ജംക്ഷനിൽ വെളിച്ചമില്ലാത്തത് നഗരസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പൊക്കവിളക്കിനു പകരം 4 എൽഇഡി ലൈറ്റ് സ്ഥാപിച്ചിരുന്നു. അതിന്റെ വെളിച്ചം കുമ്പഴ ജംക്ഷനിൽ കിട്ടുന്നില്ല.
ഇനിയും എന്തുചെയ്യാമെന്ന് ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കും. അതേസമയം പഴയ ബസ് സ്റ്റാൻഡ് , ക്രോസ് റോഡ് എന്നിവിടങ്ങളിൽ വഴിവിളക്ക് കത്താത്തത് ഇതുവരെ ആരും ശ്രദ്ധയിൽ കൊണ്ടുവന്നില്ല.
കെഎസ്ഇബി കത്തിക്കാത്തതാണോ എന്നും പരിശോധിക്കും.”
ടി.സക്കീർ ഹുസൈൻ, നഗരസഭാധ്യക്ഷൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]