
റാന്നി ∙ ടൗണിൽ ഗതാഗത കുരുക്കിൽപെട്ടു ജനം രണ്ടര മണിക്കൂർ വലഞ്ഞു. പിജെടി ജംക്ഷൻ–ചെട്ടിമുക്ക് റോഡിൽ മാർത്തോമ്മാ ആശുപത്രി പടി–കണ്ടനാട്ടുപടി വരെ ഗതാഗതം തടസ്സപെടുത്തി റോഡിന്റെ നിർമാണം ആരംഭിച്ചതാണു യാത്രക്കാർക്കു വിനയായത്.
റോഡ് പണി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ച് കെആർഎഫ്ബി അറിയിപ്പ് നൽകിയിരുന്നു. ഇതറിയാതെ എത്തിയ വാഹനങ്ങൾ ഇവിടേക്കെത്തിയതാണു വിനയായത്.
രാവിലെ 10 മണിയോടെ മാമുക്ക്–പിജെടി ജംക്ഷൻ, കാവുങ്കൽപടി ബൈപാസ് എന്നിവിടങ്ങളിൽ പാതയുടെ ഇരുവശത്തും വാഹനങ്ങൾ നിരന്നതോടെ ഗതാഗതം തടസ്സപ്പെട്ടു.
ചെട്ടിമുക്ക്, പേട്ട ഭാഗത്തു നിന്നെത്തിയ വാഹനങ്ങൾ കൂടിയായതോടെ പിജെടി ജംക്ഷനിലും മാമുക്കിലും വാഹനങ്ങൾ ചലിക്കാത്ത സ്ഥിതി നേരിട്ടു.
ഇതോടെ വാഹന നിര വലിയപാലവും പിന്നിട്ട് പെരുമ്പുഴ ജംക്ഷനിലേക്കും ഇട്ടിയപ്പാറ മിനർവപടിയും പിന്നിട്ട് ചെത്തോങ്കര ഭാഗത്തേക്കും നീണ്ടു. ഇടറോഡുകളിൽ നിന്നെത്തിയ വാഹനങ്ങൾക്കു പ്രധാന പാതയിലേക്കു കടക്കാനാകാത്ത സ്ഥിതിയും നേരിട്ടു.
പാതകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കിങ് നടത്തിയിരുന്നതു മൂലം വശങ്ങളിലേക്ക് ഒതുക്കാനും കഴിഞ്ഞില്ല.
ഇൻസ്പെക്ടർ ആർ.മനോജ്കുമാർ, എസ്ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. വൺവേ ഒഴിവാക്കി കാവുങ്കൽപടിയിൽ നിന്ന് നേരിട്ട് ഇട്ടിയപ്പാറയ്ക്കു വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങിയതോടെയാണ് ഇതിനു മാറ്റം കണ്ടത്.
12.30 വരെ ഗതാഗത തിരക്ക് പ്രകടമായിരുന്നു. വാഹന തിരക്കു കുറഞ്ഞതോടെ കുരുക്കും ഒഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]