
എസ്എസ്എൽസി പരീക്ഷാഫലം: വിജയത്തട്ടേറി പത്തനംതിട്ട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയ്ക്കു 99.48% വിജയം. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും ജില്ല പിന്നാക്കം പോയി. കഴിഞ്ഞ വർഷം 99.7% ആയിരുന്നു ജില്ലയുടെ വിജയം. ഈ വർഷം സംസ്ഥാന തലത്തിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ജില്ലയുടെ വിജയ ശതമാനത്തിലും നേരിയ കുറവ് ഉണ്ടാക്കി.9923 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 9871 പേർ ഉപരിപഠനത്തിന് അർഹത നേടി. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയതും ജില്ലയിലാണ്.
ചരിത്രത്തിൽ ആദ്യമായിട്ടാണ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം ഈ വർഷം പതിനായിരത്തിൽ താഴെയെത്തിയത്.പരീക്ഷ എഴുതിയ 5113 ആൺകുട്ടികളിൽ 5081 പേരും 4810 പെൺകുട്ടികളിൽ 4790 പേരും ഉപരി പഠനത്തിന് അർഹത നേടി.ജില്ലയിൽ 1462 പേർ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 506 ആൺകുട്ടികളും 956 പെൺകുട്ടികളും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കഴിഞ്ഞ വർഷം 1716 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. 41 സർക്കാർ സ്കൂളുകളും 87 എയ്ഡഡ് സ്കൂളുകളും 6 അൺഎയ്ഡഡ് സ്കൂളും 100% വിജയം നേടി.
കഴിഞ്ഞ വർഷം 43 സർക്കാർ സ്കൂളുകളും 98 എയ്ഡഡ് സ്കൂളുകളും 7 അൺഎയ്ഡഡ് സ്കൂളുകളും 100% വിജയം നേടിയിരുന്നു. എന്നാൽ ഈ വർഷം ചില സ്കൂളുകൾക്ക് 100% വിജയം നിലനിർത്താൻ കഴിയാത്തതും ജില്ലയ്ക്കു തിരിച്ചടിയായി.തിരുവല്ല വിദ്യാഭ്യാസ ജില്ല 99.41% വിജയവും പത്തനംതിട്ട വിദ്യാഭ്യാസ ജില്ല 99.51% വിജയവും നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 391 പേരും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 1071 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.
കസറി കിസുമം ഹയർ സെക്കൻഡറി
സീതത്തോട്∙എസ്എസ്എൽസി പരീക്ഷയിൽ 100% വിജയവുമായി ഈ തവണയും കിസുമം ഗവ.ഹയർസെക്കൻഡറി സ്കൂൾ. 14 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഭൂരിഭാഗം പേരും അട്ടത്തോട് മേഖലയിലെ എസ്സി വിഭാഗത്തിൽ നിന്നുള്ളവരാണ്.കട്ടച്ചിറ ട്രൈബൽ ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 5 പേരും വിജയിച്ചു.സീതത്തോട് കെആർപിഎം എച്ച്എസ്എസ്, ആങ്ങമൂഴി ഗുരുകുലം, ചിറ്റാർ ഗവ.ഹയർ സെക്കൻഡറി, വയ്യാറ്റുപുഴ വികെഎൻഎം വൊക്കേഷനൽ ഹയർ സെക്കൻഡറി, മണിയാർ ഹൈസ്കൂൾ എന്നിവിടങ്ങളിലും മികച്ച വിജയമായിരുന്നു.