
മഴ: രണ്ടിടത്ത് മരം ഒടിഞ്ഞു വീണ് അപകടം; കാറിൽ പോയ കുടുംബത്തിനും സ്കൂട്ടർ യാത്രികർക്കും തലനാരിഴയ്ക്ക് രക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുമറ്റൂർ / കോന്നി ∙ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരത്തിനിടയിൽ നിന്ന് കാറിൽ സഞ്ചരിച്ച കുടുംബത്തിനും, മറ്റൊരു സംഭവത്തിൽ സ്കൂട്ടർ യാത്രികനും അദ്ഭുതരക്ഷ. എഴുമറ്റൂർ വേങ്ങഴ – അട്ടക്കുഴി റോഡിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ആദ്യ അപകടം. സമീപ പുരയിടത്തിൽനിന്ന പടുകൂറ്റൻ ആഞ്ഞിലിമരം പാതയ്ക്ക് കുറുകെ കടപുഴകുകയായിരുന്നു.
സ്കൂട്ടർ യാത്രികരായ പള്ളിത്താഴെ വിനോദ്, വേങ്ങത്താനം അനിൽ എന്നിവരുടെ മുകളിലേക്കാണ് മരണം വീണതെങ്കിലും റോഡിൽ ശിഖരങ്ങൾ കുത്തി നിന്നതിനാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈദ്യുതത്തൂൺ തകർത്താണ് മരശിഖരവും വൈദ്യുത കമ്പികളും റോഡിൽ പതിച്ചത്. ഈ സമയം വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻദുരന്തം വഴിമാറി. സ്കൂട്ടർ ഭാഗികമായി തകർന്നു.
ഇന്നലെ രാത്രി ഏഴരയോടെ കോന്നി– തണ്ണിത്തോട് റോഡിൽ ഞള്ളൂരിലാണ് രണ്ടാമത്തെ സംഭവം. തേക്കുതോട് ഏഴാംതല കുറ്റിയിൽ വീട്ടിൽ ജയകുമാർ, ഭാര്യ രമ, മകൾ വിദ്യ, വിദ്യയുടെ ഒരു മാസം പ്രായമുള്ള മകൻ മാധവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കോന്നിയിൽ നിന്ന് തേക്കുതോട് ഭാഗത്തേക്കു പോയ ഇവർ മരം ഒടിഞ്ഞു വീഴുന്നത് കണ്ട് കാർ മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. രമയുടെ നെറ്റിക്ക് പരുക്കേറ്റിട്ടുണ്ട്. മരം കാറിനു മുകളിൽ വീഴാതെ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.