കോഴഞ്ചേരി ∙തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരേ ശക്തമായ നടപടിക്ക് പഞ്ചായത്ത്. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന 14 വാർഡിലെയും ഗ്രാമസഭകളിൽ ഇതായിരുന്നു വലിയ പരാതിയായി ഉയർന്നത്.
മാരാമൺ കൺവൻഷനോട് അനുബന്ധിച്ച് മന്ത്രി വീണാ ജോർജും കലക്ടറും വിളിച്ചുചേർത്ത യോഗങ്ങളിലും ശുചിത്വ വിഷയമായിരുന്നു പ്രധാന ചർച്ച. കൺവൻഷനു മുന്നോടിയായി പഞ്ചായത്ത് രണ്ടാഴ്ചയായി പ്രവർത്തനങ്ങൾ ചെയ്തിരുന്നു. എങ്കിലും മാലിന്യ പ്രശ്നത്തിനു പരിഹാരമായില്ല.
ഇപ്പോഴും റോഡുവശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. കൂടുതലായി ഡയപ്പറുകൾ ചാക്കിൽ കെട്ടി റോഡ് വശത്തോ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തോ എറിയുന്നതാണ് രീതി.
ഗ്രാമസഭകളുടെ തുടർച്ചയായി പഞ്ചായത്തിൽ ജനപ്രതിനിധികൾ വിഷയം ചർച്ച ചെയ്തിരുന്നു.
പൊതുജനങ്ങൾ സഹകരിച്ചാൽ മാത്രമേ മാലിന്യ മുക്തമാക്കുന്ന പദ്ധതി വിജയിക്കുകയുള്ളു. പഞ്ചായത്തിലെ 5 ജീവനക്കാർ ദിവസവും കോഴഞ്ചേരി, തെക്കേമല ഭാഗങ്ങൾ തൂത്തു വൃത്തിയാക്കുന്നുണ്ട്.
എന്നിട്ടും മിക്ക സ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വലിച്ചെറിഞ്ഞ നിലയിലാണ്. ഹരിതകർമ സേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചിത്വവുമായി ബന്ധപ്പെട്ട
നിർദേശങ്ങൾ നോട്ടിസായി നൽകിയിട്ടുണ്ട്.
പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്ന പദ്ധതിയിൽ 12 സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ 2 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബാക്കിയെല്ലാം നശിപ്പിച്ച നിലയിലാണ്. എല്ലാ സ്ഥലത്തും പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി പഞ്ചായത്ത് ഉടൻ തുടങ്ങുമെന്ന് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ പറഞ്ഞു. ആദ്യഘട്ടമായി ജനങ്ങളിൽ ബോധവൽക്കരണം നടത്തിയശേഷം പിഴ ഉൾപ്പെടെ നടപടി ഉണ്ടാകും.
കാട് കയറിക്കിടക്കുന്ന വസ്തു കാടുവെട്ടി തെളിക്കാൻ ഉടമയ്ക്ക് നിർദേശം നൽകും.
എല്ലാ വാർഡുകളിലും ഹരിതകർമ സേന വീടുകളിൽ നിന്ന് എടുക്കുന്ന മാലിന്യം ശേഖരിക്കാൻ വാർഡ് തോറും പഞ്ചായത്ത് മിനി എംസിഎഫുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതു കാര്യക്ഷമമാക്കുന്നതിനു വാർഡ് തോറും 2 മിനി എംസിഎഫ് സ്ഥാപിക്കാൻ തയാറാക്കിയെങ്കിലും ഇതുവരെയും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പൊതുജനങ്ങളുടെ എതിർപ്പു മൂലമാണ് സ്ഥാപിക്കാൻ കഴിയാതെ വന്നത്.
ഇതിനുള്ള നടപടിയും ഉടനുണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

