ശബരിമല ∙ പതിനെട്ടാംപടി കയറാനുള്ള മണിക്കൂറുകൾ നീണ്ടു കാത്തുനിൽപ് ഒഴിവാക്കാൻ തീർഥാടകർ കൂടുതലായി പുല്ലുമേട് പാത വഴി എത്തുന്നു. പ്രായമായവരും കുട്ടികളും ഇതുവഴി അനുവദനീയമായിട്ടുള്ള സമയപരിധിക്കുള്ളിൽ നടന്ന് എത്താത്തതു വനപാലകർക്കും പൊലീസിനും തലവേദനയാകുന്നു.സത്രത്തിൽ നിന്നു രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പുല്ലുമേട് പാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നത്.
വൈകിട്ട് 5 ആകുമ്പോഴേക്കും കാനന പാതിയിൽ വെളിച്ചം കുറയും. പിന്നെ തപ്പിത്തടഞ്ഞു വേണം സന്നിധാനത്തെത്താൻ.
സത്രത്തിൽ നിന്നു പുറപ്പെടുന്ന തീർഥാടകരുടെ എണ്ണം സന്നിധാനത്ത് അറിയിക്കുന്നുണ്ട്.
ഉരക്കുഴിയിലെ ഫോറസ്റ്റ് ചെക്പോസ്റ്റിൽ ഇവരുടെ പാസുകളിലെ നമ്പറുകൾ രേഖപ്പെടുത്തുന്നുണ്ട്. അതിനാൽ വൈകിട്ട് 5ന് ശേഷം ആരെങ്കിലും സന്നിധാനത്ത് എത്താതെ വന്നിട്ടുണ്ടോ എന്നു വേഗം കണ്ടെത്താൻ കഴിയുന്നുണ്ട്.
5.30 കഴിഞ്ഞാൽ പുല്ലുമേട് പാതയിൽ പൂർണ ഇരുട്ടാണ്. വെളിച്ചമില്ലാതെ, വഴി അറിയാതെ കഷ്ടപ്പെടുന്നവരെ തിരക്കി സന്നിധാനത്തെ വനപാലകരും പൊലീസും കേന്ദ്ര സേനയും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിനായി പിന്നെ പുല്ലുമേട് ഭാഗത്തേക്കു പോകേണ്ടിവരുന്നു.
നടക്കാൻ കഴിയാത്തവരെ ചുമന്നാണ് കൊണ്ടുവരുന്നത്. പ്രായമായവരാണു മിക്കപ്പോഴും കാട്ടിൽ കുടുങ്ങുന്നത്.
പ്രായമായവരും കുട്ടികളും കാനന പാതയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി സർക്കാർ നിയോഗിച്ച എഡിഎം ഡോ.
അരുൺ എസ്. നായർ ആവശ്യപ്പെട്ടു.ആരോഗ്യ പ്രശ്നം ഉള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, പ്രായമായവർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റോഡ് മാർഗം സന്നിധാനത്ത് എത്താൻ ശ്രമിക്കണം.
കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്.
വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്ത് ആംബുലൻസ് എത്തിക്കുക പ്രയാസമാണ്. നിലവിൽ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയമാണ്.
ഭക്തർക്കു സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്കു ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തേണ്ട
പ്രവർത്തനങ്ങളും എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ യോഗം തീരുമാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

