സീതത്തോട് ∙ ഗവി, കൊച്ചുപമ്പ, മൂഴിയാർ പോളിങ് സ്റ്റേഷനിലേക്കു തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘം യാത്ര തിരിച്ചു. വന്യമൃഗ സാന്നിധ്യം ഏറെയുള്ള ഗവി റൂട്ടിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു സുരക്ഷ ഒരുക്കി മൂഴിയാർ എസ്എച്ച്ഒ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒപ്പമുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി ഇന്ന് സന്ധ്യയോടെ ഉദ്യോഗസ്ഥ സംഘം വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി റാന്നി കൗണ്ടിങ് സ്റ്റേഷനിലേക്കു മടങ്ങും.
ഇന്നലെ ഒരു മണിയോടെ മൂഴിയാർ ബൂത്തിലേക്കു തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ആദ്യ വാഹനം എത്തി. പിന്നാലെ 2.20നു ഗവി, കൊച്ചുപമ്പ ബൂത്തിലേക്കുള്ള മറ്റ് രണ്ട് വാഹനങ്ങളും എത്തി.
ഗവി,കൊച്ചുപമ്പ, മൂഴിയാർ പോളിങ് സ്റ്റേഷനുകൾ പ്രശ്നബാധിത ബൂത്തുകളുടെ ലിസ്റ്റിലാണുള്ളത്. മൂന്ന് ബൂത്തുകളിലേക്കും പോകുന്ന വാഹനങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥരുടെ എണ്ണവും ഗൂഡ്രിക്കൽ കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വനപാലകർ രേഖപ്പെടുത്തി.
റോഡിൽ വന്യമൃഗങ്ങളെ കണ്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുന്നവർക്കു വനപാലകർ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട
ഗവിയിൽ ശ്രീലങ്കയിൽനിന്ന് പുനരധിവസിപ്പിച്ച തമിഴ് വംശജർ പ്രധാന വോട്ടർമാണ്. ഗവി ഗവ.
എൽപി സ്കൂളിൽ 295, കൊച്ചുപമ്പ ഡോർമട്രി 239, മൂഴിയാർ ഗവ.സ്കൂൾ 87 എന്നീ ക്രമത്തിലാണു വോട്ടർമാർ ഉള്ളത്. ഗവി, കൊച്ചുപമ്പ ബൂത്തുകളിലെ എല്ലാ വോട്ടർമാരും ഗവി കേരള വനംവികസന കോർപറേഷനിലെ ജീവനക്കാരാണ്.
മൂഴിയാർ ബൂത്തിൽ ആദിവാസികളും കെഎസ്ഇബി ഉദ്യോഗസ്ഥരുമാണ് പ്രധാന വോട്ടർമാർ. പ്രശ്നബാധിത ബൂത്തിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഗവി, കൊച്ചുപമ്പ ബൂത്തുകളിലേക്ക് രണ്ട് എസ്ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് ചുമതല.
മൂഴിയാറിലെ ബൂത്തിൽ മൂഴിയാർ പൊലീസ് സംഘവും ഡ്യൂട്ടിക്കുണ്ട്. മൊബൈൽ ഫോണുകൾക്കു റേഞ്ച് കുറവായതിനാൽ പ്രത്യേക വയർലെസ് സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വൈകുന്നേരമാകുമ്പോൾ റോഡിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഏറെയാണ്. ഇതിനാലാണ് ഇന്നുള്ള മടക്കം വള്ളക്കടവ് റൂട്ട് വഴി തിരിഞ്ഞെടുക്കാനുള്ള കാരണം.
അടവി ഇക്കോ ടൂറിസം കേന്ദ്രത്തിന് അവധി
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് അടവി ഇക്കോ ടൂറിസം കേന്ദ്രത്തിന് അവധിയായിരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

