സീതത്തോട് ∙ ഗവി പൊന്നമ്പലമേടിനു സമീപം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പെരിയാർ കടുവ സങ്കേതം പച്ചക്കാനം സ്റ്റേഷൻ വാച്ചർ അനിൽകുമാറിന്റെ (കൊച്ചുമോൻ– 30) മൃതദേഹം ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ സംസ്കരിച്ചു.
കാടിന്റെ മക്കൾക്കൊപ്പം വനപാലകരും ഗവി കെഎഫ്ഡിസി ജീവനക്കാരും പട്ടിക വർഗ ഉദ്യോഗസ്ഥരും അടങ്ങിയ വൻ സമൂഹം അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
അനിൽ കുമാറിന്റെ മൃതദേഹം ചൊവ്വാഴ്ചയാണ് ചെന്താമരകൊക്കയിലേക്കു പോകുന്ന വഴി ചടയൻതോട് ഭാഗത്ത് സഹോദരങ്ങൾ കണ്ടെത്തിയത്. കാട്ടിൽ പോകുന്ന സ്ഥലം കുടുംബാംഗങ്ങളെ അറിയിക്കുന്നതാണു പതിവ്.
രണ്ട് ദിവസം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞതിനെ തുടർന്നു തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തുന്നത്.
കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ മൃതദേഹം എത്തിച്ചു.
മഴയെ തുടർന്ന് ടാർപോളിൻ ഷീറ്റ് വലിച്ച് പിടിച്ച് നനയാതെ ആംബുലൻസിൽ നിന്നു മൃതദേഹം വനപാലകർ ഉൾപ്പെടെയുള്ള സംഘം അനിൽകുമാറിന്റെ സഹോദരി ശരണ്യ ഹരീഷിന്റെ വീട്ടിൽ അന്ത്യകർമങ്ങൾക്കായി എത്തിച്ചു.
സർക്കാർ സഹായങ്ങൾ ഉറപ്പ് നൽകണമെന്ന് ളാഹ പഞ്ചായത്ത് മുൻ അംഗം ഉത്തമന്റെ നേതൃത്വത്തിൽ ബന്ധുക്കൾ ആവശ്യപ്പെട്ടു. അടിയന്തിര സഹായം ഇന്ന് തന്നെ നൽകാമെന്നും ബാക്കി സഹായങ്ങൾ വരും ദിവസം കൈമാറുമെന്നും പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷൻ റേഞ്ച് ഓഫിസർ എം.കെ മുകേഷ് ഉറപ്പു നൽകി.
തുടർന്നു സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. റാന്നി റേഞ്ച് ഓഫിസർ ബി.ആർ ജയൻ, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ഗ്രേഡ് ഡപ്യൂട്ടി റേഞ്ചർ ബിജു തോമസ്, പച്ചക്കാനം ഡപ്യൂട്ടി റേഞ്ചർ എസ്.
സുധീഷ്കുമാർ, ടിഡിഒ എസ്.എ നജിം, ടിഇഒ വി. ഗോപകുമാർ എന്നിവരും എത്തിയിരുന്നു.
∙ വനം വകുപ്പിൽ നിന്ന് അടിയന്തിര സഹായം നൽകിയതിനു പുറമേ ഡബ്ലിയു ഡബ്ലിയു എഫിൽ നിന്നു 3 ലക്ഷവും ഇൻഷുറൻസ് തുകയായ ഒരു ലക്ഷവും ഉടൻ അവകാശിക്കു കൈമാറുമെന്ന് റേഞ്ച് ഓഫിസർ എം.കെ മുകേഷ് പറഞ്ഞു.
സർക്കാറിൽ നിന്നു ലഭിക്കേണ്ട മറ്റു ധനസഹായങ്ങളും എത്രയും പെട്ടെന്നു ലഭിക്കുന്നതിനു ആവശ്യമായ സഹായങ്ങൾ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.
അനിൽ കുമാറിന്റെ സഹോദരനു പച്ചക്കാനം സ്റ്റേഷനിൽ വാച്ചർ ജോലിയും നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]