
അടൂർ ∙ കെഎസ്ആർടിസി അടൂർ ഡിപ്പോയിലെ യാർഡ് കോൺക്രീറ്റ് ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകളേറായിയിട്ടും ഇതുവരെ ഭരണാനുമതി പോലും ലഭിച്ചിട്ടില്ല. ആന്റണി രാജു മന്ത്രിയായിരുന്ന സമയത്ത് ഡിപ്പോ സന്ദർശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്.
ആന്റണി രാജു മാറി ഗണേഷ്കുമാർ മന്ത്രിയായി വന്നിട്ടും യാർഡ് കോൺക്രീറ്റ് ചെയ്യാനുള്ള നടപടികൾക്ക് വേഗം പോരാ. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ യാർഡ് കോൺക്രീറ്റിനു ഒരു കോടി അനുവദിച്ചെങ്കിലും നിർമാണവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ നീങ്ങുന്നതിലെ താമസം കാരണമാണ് നടപടികൾ വൈകുന്നത്.
പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.
എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സർക്കാരിലേക്ക് അയച്ചിരിക്കുന്ന നടപടി വരെ എത്തിയിട്ടുള്ളൂ. ഇനിയും ഭരണാനുമതി ലഭ്യമാക്കി സാങ്കേതികാനുമതി കൂടി കിട്ടി ടെൻഡർ ചെയ്തെങ്കിലെ നിർമാണം തുടങ്ങാൻ കഴിയൂ.
അതിനു വേണ്ടി ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ഡിപ്പോയിലെ യാർഡ് അശാസ്ത്രീയമായി നിർമിച്ചതിനാൽ മഴ പെയ്താൽ വെള്ളംകെട്ടി കിടക്കുന്ന സ്ഥിതിയാണ്. പൊങ്ങിയും താണും കിടക്കുന്നതാണ് വെള്ളക്കെട്ടിനു കാരണം.
ഇതു കൂടാതെ കോൺക്രീറ്റ് ഇളകി കുഴികളും നിറഞ്ഞു കിടക്കുകയാണ്.
അതിനാൽ സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതിന് ഇടവരുത്തുന്നു. മഴ സമയത്താണ് ഏറ്റവും കുടുതൽ ദുരിതം.
വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികൾ എവിടെയാണെന്ന് അറിയാൻ പറ്റാതെ യാത്രക്കാർ അപകടത്തിൽപ്പെടുകയും ചെയ്യുന്നു. ടയറിന്റെ പണികൾ നടക്കുന്ന ഗാരിജിലും വെള്ളം കയറുന്ന സ്ഥിതിയായതിനാൽ മഴ സമയത്ത് ഈ ഗാരിജിൽ പണി നടത്താനും പറ്റാത്ത സ്ഥിതിയാണ്.
ഈ സാഹചര്യത്തിൽ ഈ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് കോൺക്രീറ്റിന്റെ പണികൾ വേഗത്തിൽ നടപ്പാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണാവശ്യം.
ഇല്ലെങ്കിൽ സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ദുരിതമനുഭവിക്കുന്നത് തുടരേണ്ടി വരും.
ഡ്രൈവറും കണ്ടക്ടറും ജീവനക്കാരും കുറവ്
ഡ്രൈവറുടെയും കണ്ടക്ടർമാരുടെയും കുറവുകളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. 8 ഡ്രൈവർമാരുടേയും 4 കണ്ടക്ടർമാരുടേയും കുറവാണ് ഇപ്പോഴുള്ളത്.
ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് വർഷങ്ങളായിട്ടുണ്ട്. ഒഴിവുകൾ നികത്തണമെന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഉള്ള ജീവനക്കാരെ വച്ച് ഡിപ്പോയുടെ പ്രവർത്തനം നടത്തിപ്പോവുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ടാർഗറ്റ് കവിഞ്ഞ് കലക്ഷൻ
ജീവനക്കാരുടെ കുറവുണ്ടെങ്കിലും ടാർഗറ്റ് കവിഞ്ഞ് കലക്ഷൻ നേടാൻ ഡിപ്പോയ്ക്കു കഴിഞ്ഞു. ഈ മാസം നാലിനാണ് ടാർഗറ്റും കവിഞ്ഞ് കലക്ഷൻ ലഭിച്ചത്.
9.44 ലക്ഷം രൂപയായിരുന്നു ആ ദിവസത്തെ കലക്ഷൻ. 9.25 ലക്ഷം രൂപയാണ് ഡിപ്പോയിലെ ടാർഗറ്റ്.
യൂണിറ്റ് ഓഫിസറായി റെജി മാത്യു ചുമതലയേറ്റതിനു ശേഷമാണ് ടാർഗറ്റ് കവിഞ്ഞ് കലക്ഷൻ നേടാനായത്. തൃശൂർ–തിരുവനന്തപുരം, ഗുരുവായൂർ തുടങ്ങിയ അഡിഷനൽ സർവീസുകൾ ഡിപ്പോയിൽ നിന്ന് ആരംഭിച്ചതും കലക്ഷൻ വർധിക്കാൻ കാരണമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]