
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: നിലയ്ക്കൽ ഗോപുരം– പാർക്കിങ് ഗ്രൗണ്ട് റോഡിന്റെ കഷ്ടകാലം മാറുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം നിലയ്ക്കൽ ഗോപുരം– പാർക്കിങ് ഗ്രൗണ്ട് റോഡിന്റെ കഷ്ടകാലം മാറ്റുമോ എന്നാണ് തീർഥാടകരുടെ ചോദ്യം. ശബരിമല പാതയിൽനിന്നു നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള പ്രധാന റോഡാണിത്. ഇതിന്റെ 550 മീറ്റർ ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. മഴവെള്ളം കുത്തിയൊലിച്ചു റോഡ് മിക്ക ഭാഗത്തും ഇല്ലെന്നു തന്നെ പറയാം. മൂന്നു മാസമായി റോഡ് പൂർണമായും തകർന്നു കിടക്കുന്നു. വൺവേ ആയതിനാൽ പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള റോഡാണ് തകർന്നു കിടക്കുന്നത്. പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി വരുന്ന റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാണ്. പൊട്ടിപ്പൊളിയാത്ത റോഡാണ് രാഷ്ട്രപതിയുടെ യാത്രയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥർ നോക്കിയത്. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയടയ്ക്കൽ നടത്തുമെന്നു ദേവസ്വം ബോർഡ് പറയുന്നുണ്ടെങ്കിലും അതിന്റെ പണി തുടങ്ങിയിട്ടില്ല.
മാസപൂജയ്ക്കു നിലയ്ക്കൽ– പമ്പ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ, പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള തീർഥാടകരുടെ വാഹനങ്ങൾ എന്നിവ ഈ കുഴിയിൽ ചാടിയാണു കടന്നു പോകുന്നത്. വലിയ കുഴികൾ എങ്കിലും അടയ്ക്കണമെന്നു പലതവണ കെഎസ്ആർടിസി അധികൃതരും തീർഥാടകരും നിർദേശിച്ചെങ്കിലും ദേവസ്വം ബോർഡ് ഇതുകണ്ട ലക്ഷണം കാട്ടിയില്ല.
കുമരകത്തു നിന്നു വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലയ്ക്കൽ ഹെലിപ്പാഡിലാണു രാഷ്ട്രപതി ഇറങ്ങുന്നത്. ഹെലിപ്പാഡ് 3 വർഷം മുൻപ് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയതാണ്. ഇതിനു ചുറ്റുമുള്ള കാട് തെളിച്ചാൽ മതി. ഹെലിപ്പാഡിൽ നിന്ന് പുറത്തേക്കുള്ള വൺവേ റോഡിലൂടെ രാഷ്ട്രപതിയുടെ വാഹനം കടന്നു പോകും. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് ഹെലിപ്പാഡിലേക്കു വരുമ്പോൾ ഈ കുഴിയിലൂടെ പോകാതെ പകരം വൺവേയിൽ എതിർദിശയിലൂടെ ഉള്ള നല്ല റോഡിലൂടെ കൊണ്ടുപോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. അങ്ങനെ വന്നാൽ നിലയ്ക്കൽ ഗോപുരം– പാർക്കിങ് റോഡിന്റെ ദുരവസ്ഥ തുടരും.