പത്തനംതിട്ട ∙ നിശ്ശബ്ദ പ്രചാരണ ദിനത്തിൽ അടൂർ മണ്ഡലത്തിൽ നടന്നത് നാടകീയ സംഭവങ്ങൾ.
അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാറിനെ അപകീർത്തിപ്പെടുത്തി കൊലക്കേസ് പ്രതിയാണെന്നു കാട്ടി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ എൽഡിഎഫ് പ്രതിഷേധത്തെത്തുടർന്നു വിട്ടയച്ചതായി യുഡിഎഫ് ആരോപിച്ചു. താൻ ഒരു കേസിലും പ്രതിയല്ലെന്നും തന്നെ ഇല്ലായ്മ ചെയ്യാൻ എൽഡിഎഫ് ശ്രമിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാർ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.
ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സ്ഥാനാർഥിക്കെതിരെയും കേസെടുത്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടൂർ, ഏനാത്ത്, കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.വി.ശാന്തകുമാറിനെതിരെ അപകീർത്തികരമായ തരത്തിൽ ലഘുലേഖ വിതരണം ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം ശാന്തകുമാർ ആർഡി ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു.
തുടർന്ന് കലക്ടറുമായി ചർച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
ഇന്നലെ രാവിലെയോടെ മണ്ണടി, അടൂർ, കൊടുമൺ ഭാഗങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ ലഘുലേഖ വിതരണം നടത്തിയതെന്നാണ് ആരോപണം. 2008ൽ നടന്ന കൊലപാതക കേസിൽ ശാന്തകുമാർ പ്രതിയായിരുന്നെന്ന തരത്തിൽ ലഘുലേഖ വിതരണം ചെയ്ത രണ്ടുപേരെ ഇന്നലെ രാവിലെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിച്ചു.
ഇവരെ വിടണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ അടൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഒരാളെ ലഘുലേഖയുമായി കൊടുമണ്ണിൽനിന്ന് പൊലീസ് പിടികൂടി.
കസ്റ്റഡിയിൽ എടുത്തവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഈ സമയം യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറും യുഡിഎഫ് പ്രവർത്തകരും ആർഡി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. പിടികൂടിയവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും നേതാക്കളും പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോൺഗ്രസിന്റെ പരാതിയിൽ അന്യായമായി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
ക്രിമിനൽ കേസ് ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയാറെന്ന് ശാന്തകുമാർ
തനിക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം സ്ഥാനാർഥിത്വം പിൻവലിക്കാൻ തയാറാണെന്നു യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാർ. ‘ഞാനൊരിക്കലും പ്രതിയായിട്ടില്ല.
എന്റെ ജീവന് ഭീഷണിയുണ്ട്. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം.
എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എന്തിനാണ് എന്നെ ഇങ്ങനെ വേട്ടയാടുന്നത്.
തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യപരമായ ഒന്നാണ്. ആര് ജയിക്കണമെന്നും തോൽക്കണമെന്നും ജനങ്ങൾ തീരുമാനിക്കട്ടെ’ ശാന്തകുമാർ മാധ്യമ പ്രവർത്തകർക്കു മുൻപിൽ പൊട്ടിക്കരഞ്ഞു.
ഇതോടെ നിശ്ശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചതിനു സി.വി.ശാന്തകുമാറിനെതിരെ കേസെടുക്കാൻ കലക്ടർ എസ്.പ്രേം കൃഷ്ണൻ പൊലീസിന് നിർദേശം നൽകി.
നോട്ടിസ് പ്രിന്റ് ചെയ്ത പ്രസ് പൂട്ടാൻ കലക്ടറുടെ നിർദേശം
യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നോട്ടിസ് പ്രിന്റ് ചെയ്ത പ്രസ് കണ്ടെത്തി പൂട്ടുന്നതടക്കമുള്ള കർശന നടപടി എടുക്കാൻ ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ പൊലീസിനു നിർദേശം നൽകി. അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നോട്ടിസ് വിതരണം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ശാന്തകുമാർ ആർഡി ഓഫിസിൽ കുത്തിയിരുന്നു സമരം നടത്തിയതറിഞ്ഞ് അടൂരിൽ എത്തിയപ്പോഴാണ് കലക്ടർ പൊലീസിന് നിർദേശം നൽകിയത്.
നോട്ടിസിലെ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് ലംഘനമാണ്. ഇതു പ്രസിദ്ധീകരിക്കാൻ കൊടുത്തവരെയും കണ്ടെത്തി നടപടി സ്വീകരിക്കണം.
നോട്ടിസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെയും നോട്ടിസ് വിതരണം ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നും കലക്ടർ കർശന നിർദേശം നൽകി.
മാതൃക പെരുമാറ്റച്ചട്ടം ലംഘനം: പ്രിജി കണ്ണനെതിരെ കേസെടുക്കാൻ നിർദേശം
അടൂർ ∙ നിശ്ശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് അടൂരിലെ എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണനെതിരെ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകിയതായി ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നതു വരെയുള്ള 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണത്തിന്റെതാണ്.
ഈ സമയം മാധ്യമങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളിലും സ്ഥാനാർഥികൾ ഇടപെടാൻ പാടുള്ളതല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

