ശബരിമല ∙ ഓട്ടത്തിലാണ് അഗ്നിരക്ഷാസേന. തീപിടിത്തം മൂലമുള്ള അപകടം മാത്രമല്ല തീർഥാടകരുടെ സുരക്ഷയും പതിനെട്ടാംപടിയും മാളികപ്പുറവും കഴുകി വൃത്തിയാക്കുന്നതിനും വിളിപ്പുറത്ത് അഗ്നിരക്ഷാ സേന ഓടി എത്തുന്നുണ്ട്. തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ ജാഗരൂകരാണ്.
മണ്ഡലകാലം തുടങ്ങിയതു മുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുന്നൂറിലേറെ ഇടപെടലുകൾ നടത്തി.
നടപ്പന്തൽ, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി, കൊപ്രാക്കളം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയർ പോയിന്റുകളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കി അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഹോം ഗാർഡും 9 ഫയർ പോയിന്റുകളിലായി പ്രവർത്തിക്കുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കൺട്രോൾ റൂമിൽ മൂന്നും ഓരോ ഫയർ പോയിന്റുകളിലും 2 വീതം സ്ട്രെച്ചറും മറ്റ് ഉപകരണവും ക്രമീകരിച്ചിട്ടുണ്ട്.
സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിൽ പൊടി ശല്യം രൂക്ഷമാകുമ്പോൾ ആദ്യം സഹായം തേടുന്നത് അഗ്നിരക്ഷാ സേനയുടെയാണ്.
അവർ എത്തി അവിടം കഴുകി വൃത്തിയാക്കും. മിക്കപ്പോഴും പതിനെട്ടാംപടിയും മാളികപ്പുറവും കഴുകി വൃത്തിയാക്കുന്നുണ്ട്. ആഴിയുടെ ചൂട് കൂടുമ്പോൾ വെള്ളം തളിച്ച് ശമിപ്പിക്കാനും അവർ സദാ ജാഗ്രതയിലാണ്.
പുല്ലുമേട് വഴിയുള്ള കാനന പാതയിൽ തീർഥാടകർ കുടുങ്ങിയതായി സന്ദേശം ലഭിച്ചാൽ രക്ഷാപ്രവർത്തനത്തിനായി അപ്പോൾ തന്നെ സ്ട്രച്ചറുമായി ഓടിപ്പോകും.
ഉൾവനത്തിൽ നിന്നു ഏറെ പണിപ്പെട്ടാണ് തീർഥാടകരെ രക്ഷിച്ച് ചുമന്നു കൊണ്ടുവരുന്നത്.പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി എന്നിവിടങ്ങളിലും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ ഉണ്ട്. പമ്പാ സ്നാനത്തിന് ഇറങ്ങുന്ന തീർഥാടകരുടെ രക്ഷയ്ക്കായി പരിശീലനം ലഭിച്ച സ്കൂബ ഡൈവിങ് അംഗങ്ങളും ഉണ്ട്.
ആൽമരത്തിന് തീപിടിച്ചു
ശബരിമല ∙ പതിനെട്ടാംപടിക്കു മുൻപിലെ ആഴിക്കു സമീപമുള്ള ആൽമരത്തിനു തീപിടിച്ചു.
മിനിറ്റുകൾക്കകം അഗ്നിരക്ഷാ സേന തീ അണച്ചു. ഇന്നലെ രാവിലെ 8.20ന് ആയിരുന്നു സംഭവം.
പൊലീസിന്റെ സന്ദേശം ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ അഗ്നിരക്ഷാസേന എത്തി. ഫയർഫോഴ്സ് കൺട്രോൾ റൂമിൽ നിന്നു കെ.വി.സതീഷ്കുമാർ, കലേഷ്കുമാർ, കെ.സതീഷ് കുമാർ, ടി.ബിനുകുമാർ, പി.വി.സുരേഷ്കുമാർ, വി.വി.നന്ദകുമാർ എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത്കുമാർ ജിതേഷ് അടങ്ങിയ സംഘം അഗ്നി നിർമാർജന ഉപകരണം പ്രവർത്തിപ്പിച്ചു നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു.
സന്നിധാനം കൺട്രോൾ റൂമിൽ നിന്ന് കൂടുതൽ അഗ്നിരക്ഷാസേനാ പ്രവർത്തകർ എത്തി വെള്ളം പമ്പ് ചെയ്താണ് പൂർണമായി നിയന്ത്രണ വിധേയമാക്കിയത്.
പതിനെട്ടാംപടി കയറാൻ ആലിന്റെ ചുവട്ടിലൂടെയാണു തീർഥാടകർ കടന്നു പോയത്. തീപിടുത്തത്തെ തുടർന്ന് കുറെ സമയത്തേക്ക് തീർഥാടകരെ തടഞ്ഞു നിർത്തിയാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്.
അലങ്കാരത്തിനായി ആലിൽ സ്ഥാപിച്ചിരുന്ന എൽഇഡി ലൈറ്റുകളിൽ നിന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

