പത്തനംതിട്ട ∙ ശബരിമലയെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കൊള്ളയടിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ആദ്യാവസാനം സംഘർഷം.
17 പ്രവർത്തകരെ പൊലീസ് റിമാൻഡ് ചെയ്തു. ബാരിക്കേഡുകളും പൊലീസ് വലയവും ഭേദിച്ച് നേതാക്കളും പ്രവർത്തകരും ദേവസ്വം ഓഫിസ് പരിസരത്തേക്ക് ഇരച്ചെത്തി.
ഓഫിസിന്റെ ആദ്യ നിലയിലെ 3 ജനൽച്ചില്ലുകൾ തേങ്ങ കൊണ്ടുള്ള ഏറിൽ തകർന്നു.
ഉച്ചയ്ക്കു പന്ത്രണ്ടോടെ സെൻട്രൽ ജംക്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ വനിതകളുൾപെടെ ഒട്ടേറെപ്പേർ പങ്കെടുത്തു.നഗരത്തിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തായുള്ള ദേവസ്വം ഓഫിസിലേക്കുള്ള വഴിയിൽ വളരെ മുൻപിലായി പൊലീസ് രാവിലെ 11നു ബാരിക്കേഡുകൾ തയാറാക്കിയിരുന്നു. മാർച്ച് എത്തിയപ്പോൾതന്നെ പ്രവർത്തകരിൽ ചിലർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് വലിഞ്ഞുകയറി.
‘ഇതു സ്വർണമല്ല കക്കരുത്’ എന്നെഴുതിയ സ്വർണപ്പാളിയുടെ മാതൃക ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
മാർച്ച് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ, സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ രൂക്ഷവിമർശനം നടത്തി. വളരെയധികം മൂല്യമുള്ള ശബരിമലയിലെ സ്വർണപ്പാളികൾ അധികൃതർ അറിയാതെ പുറത്തുപോകില്ലെന്നും ഏത് രാജ്യാന്തര മാർക്കറ്റിലാണ് ഇത് വിറ്റതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വാസത്തെ ചവിട്ടിയരയ്ക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ഓഫിസ് ചില്ലുകൾ തകർന്നു
ഉദ്ഘാടന പ്രസംഗം കഴിഞ്ഞതിന് തൊട്ടുപിന്നാലെ 2 ബാരിക്കേഡുകളുടെ കയർ പ്രവർത്തകർ വേർപെടുത്തി. ശേഷിക്കുന്ന 2 ബാരിക്കേഡുകൾ സംരക്ഷിക്കുന്നതിനുള്ള പൊലീസിന്റെ ശ്രമവും വിഫലമായി.
‘സ്വാമിയേ ശരണമയ്യപ്പാ’ വിളികളും ഉയർന്നു. പൊലീസ് വലയവും ഭേദിച്ച് മുന്നോട്ട് പോകാൻ നേതൃത്വം നൽകിയവരിൽ സന്ദീപ് വാരിയരുമുണ്ടായിരുന്നു.
ചിതറിനീങ്ങിയ പ്രവർത്തകരിൽ ഒരു വിഭാഗം ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ ദേവസ്വം ഓഫിസിന് മുന്നിലേക്ക് കുതിച്ചു. തേങ്ങ കൊണ്ടുള്ള ഏറിൽ ഓഫിസ് മുറിയുടെ ജനാലകൾ തകർന്നു.
ബോർഡും നശിപ്പിക്കപ്പെട്ടു.
സന്ദീപ് വാരിയർക്ക് മർദനമേറ്റെന്നറിഞ്ഞതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. ജീപ്പ് കുറുകെയിട്ട് ഇവരെ തടയാനുള്ള പൊലീസ് ശ്രമവും ഫലിച്ചില്ല.
ചിലരെ കസ്റ്റഡിയിലെടുത്ത് മുന്നോട്ട് പോകാൻ പൊലീസ് ശ്രമിച്ചപ്പോൾ വാഹനം തടഞ്ഞിട്ടു. വാഹനത്തിലുള്ളവരെ പുറത്തെത്തിച്ചു.
ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന പ്രവർത്തകർ മുദ്രാവാക്യവും മുഴക്കി. ജീപ്പ് പിന്നിലേക്കെടുത്തു പൊലീസ്.
ഉന്തും തള്ളും കൈയാങ്കളിയിലേക്കെത്തിയ സന്ദർഭങ്ങളുമുണ്ടായി. ഇരുവിഭാഗത്തിലുള്ളവർക്കും പരുക്കുണ്ട്.
വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധരീതി ഇതിനെയും മറികടക്കുന്നതായിരുന്നു. ദേവസ്വം ഓഫിസിൽനിന്നു സെൻട്രൽ ജംക്ഷനിലേക്ക് നീങ്ങിയ യൂത്ത് കോൺഗ്രസുകാർ റോഡ് ഉപരോധിച്ചു.
ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
17 പേർ റിമാൻഡിൽ
യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് സന്ദീപ് വാരിയരുൾപ്പെടെ 17 പേരെ റിമാൻഡ് ചെയ്തു. ദേവസ്വം ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിലെ ജനൽ തകർത്തു, പൊലീസ് ജീപ്പിന്റെ ബോണറ്റിനും വയർലെസ് സെറ്റിന്റെ ആന്റിനയ്ക്കും നാശനഷ്ടം വരുത്തി, പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
അറസ്റ്റിലായവർ: വിജയ് ഇന്ദുചൂഡൻ, എസ്.നഹാസ്, രഞ്ജു എം.ജോയ്, ജിതിൻ ജി.നൈനാൻ, അനൂപ് വേങ്ങവിള, മുഹമ്മദ് സലി സാലിഹ്, റോബിൻ, സാംജി വർഗീസ്, ആരോൺ ബിജിലി, അനന്തു ബാലൻ, സുനിൽ കുമാർ, നസ്മൽ, ബിനു, ഷിനു വിജി, ബിന്ദു ബിനു, പി.അർജുൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]