മല്ലപ്പുഴശേരി∙ കെട്ടിടം നിർമാണത്തിനു പണം അനുവദിച്ചു, വസ്തുവില്ലാതെ എവിടെ കെട്ടിടം നിർമിക്കുമെന്ന മറുചോദ്യവുമായി പഞ്ചായത്തും. പുന്നയ്ക്കാട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനാവശ്യമായ കെട്ടിട
നിർമാണത്തിനാണ് ഇപ്പോൾ 35.75 ലക്ഷം രൂപ അനുവദിച്ചത്. 1.43 കോടി രൂപ അടങ്കൽ തുകയുള്ളതിൽ ആദ്യ ഗഡുവായാണ് ഈ പണം അനുവദിച്ചത്.
10 സെന്റ് ഭൂമിയിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് 30 സെന്റ് സ്ഥലമെങ്കിലും വേണം.
ഇതിനായി നിലവിലുള്ള ഭൂമിയോടു ചേർന്നു കിടക്കുന്ന സ്ഥലം ലഭിക്കാൻ ശ്രമം നടത്തിയെങ്കിലും വസ്തു ഉടമ സമ്മതിക്കുന്നില്ല എന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. സമീപ പ്രദേശങ്ങളിൽ പലയിടത്തും ഭൂമിക്കു വേണ്ടി ശ്രമം നടത്തിയെങ്കിലും ലഭിക്കാതെ വന്നതിനെ തുടർന്നു കാരംവേലി എസ്എൻഡിപി സ്കൂളിന് എതിർവശത്തുള്ള റവന്യു വകുപ്പിന്റെ പുറമ്പോക്ക് ഭൂമി വാങ്ങി അവിടെ കെട്ടിടം നിർമിക്കാമെന്ന ആശയം ഉയർന്നെങ്കിലും പഞ്ചായത്തിലുള്ളവർക്ക് അതു പ്രയോജനം ചെയ്യില്ല എന്ന ജനവികാരം മാനിച്ച് ആ നീക്കം അവസാനിപ്പിച്ചു.
നിലവിൽ മറ്റു പലയിടത്തും ഭൂമി നോക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായിട്ടില്ല എന്നാണു പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് പറഞ്ഞത്.നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗകര്യങ്ങൾ വളരെ പരിമിതമാണ്. ശരാശരി 35 പേരോളം ദിനംപ്രതി വന്നു പോകുന്ന ആരോഗ്യ കേന്ദ്രത്തിൽ ഇരിക്കാനുള്ള സൗകര്യം പോലും കുറവാണ്.
നിന്നു തിരിയാൻ ഇടമില്ലാത്ത റൂമിലാണ് ഡോക്ടർ പരിശോധനയ്ക്ക് ഇരിക്കുന്നത്. ഫാർമസി, ഇൻജക്ഷൻ റൂം, റജിസ്ട്രേഷൻ കൗണ്ടർ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് വളരെ ചെറിയ സൗകര്യത്തിലാണ്. ഇതിനെല്ലാം പരിഹാരമാകുന്ന പദ്ധതിയാണ് സ്ഥലം ഇല്ലാത്തതിന്റെ പേരിൽ നഷ്ടപ്പെടാൻ പോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]