
നിരണം ∙ ജനകീയ പങ്കാളിത്തത്തോടെയും സർക്കാർ കോടികൾ മുടക്കിയും വീണ്ടെടുത്ത കോലറയാർ തുടർസംരക്ഷണമില്ലാതെ നശിക്കുന്നു. കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പമ്പാ നദിയുടെ കൈവഴിക്ക് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ടോക്കൺ തുക ഉൾപ്പെടുത്തിയെങ്കിലും ആവശ്യമായ പണം അനുവദിക്കാത്തതിനാൽ നദി നാശാവസ്ഥയിൽ ഒഴുകുന്ന സ്ഥിതിയാണ്. ജലസേചന വകുപ്പ് 1.77 കോടിയുടെ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചെങ്കിലും നടപടിയായിട്ടില്ല.
പമ്പാനദിയിൽ കടപ്ര പഞ്ചായത്തിലെ അറക്കൽ മുയപ്പിൽ നിന്നു തുടങ്ങി നിരണം പഞ്ചായത്തിലെ പൂവന്മേലിൽ മുയപ്പിൽ അരീത്തോട്ടിൽ അവസാനിക്കുന്ന 12 കിലോമീറ്റർ ദൂരം വരുന്ന തോടാണ് ഇപ്പോൾ മരണത്തിന്റെ വക്കിലായിരിക്കുന്നത്.
8 വർഷം മുൻപാണ് കോലറയാർ നവീകരണവുമായി ബന്ധപ്പെട്ട് നദിയുടെ വീണ്ടെടുപ്പ് നടത്തിയത്. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു ഇത്.
തുടർന്ന് സർക്കാർ നാലരക്കോടി രൂപ അനുവദിച്ച് കോലറയാർ ആദ്യഘട്ട നവീകരണം പൂർത്തീകരിച്ചു.
അതിന്റെ തുടർച്ചയായ സംരക്ഷണമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പായലും പോളയും മറ്റു ജലസസ്യങ്ങളും നിറഞ്ഞ നദി എലി, നീർനായ തുടങ്ങിയവയുടെ ആവാസ കേന്ദ്രമായി മാറി. പുനരുജീവന പദ്ധതി നടപ്പാക്കിയെങ്കിലും കോലറയാറിന്റെ സംരക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
രണ്ടു പഞ്ചായത്തുകളും വാർഷിക പദ്ധതിയിൽ കോലയാർ സംരക്ഷണത്തിനു തുക അനുവദിക്കാത്തതും ഒരു കാരണമാണ്. 12 കിലോമീറ്റർ ദൂരമുള്ള കോലറയാറിന്റെ ഇരുകരകളും ജനവാസമേഖലയാണ്.
പ്രദേശത്തുള്ളവർക്ക് ആറ്റിലെ മലിന ജലം കാരണം ശുദ്ധവെള്ളം ലഭിക്കുന്നില്ലെന്നും ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നതായും പരാതിയുണ്ട്. കോലയാർ സംരക്ഷിച്ച് നിലനിർത്തിയാൽ നിരണത്തുതടം ഉൾപ്പെടെയുള്ള നിരണം പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങൾക്കും കൃഷി അനുകൂലമാക്കാൻ കഴിയും. ഇവിടത്തെ പാടശേഖരങ്ങളിൽ കൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്ന പ്രധാന ഉറവിടമാണ് കോലറയാർ.
സംരക്ഷണം നടപ്പാക്കുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആഴം കൂട്ടണമെന്ന് നിർദേശം
മാത്യു ടി.തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന തിരുവല്ല താലൂക്ക് വികസന സമിതിയുടെ നിർദേശപ്രകാരമാണ് കോലറയാർ സംരക്ഷണ പദ്ധതി തയാറാക്കിയത്. 18 മീറ്റർ വീതിയുണ്ടായിരുന്ന കോലറയാറിന് ഇന്ന് 8 മുതൽ 10 മീറ്റർ വരെ വീതിയേയുള്ളു.
ജലസേചന വകുപ്പ് തയാറാക്കിയ പദ്ധതിയിൽ അരയ്ക്കൽ മുയപ്പു മുതൽ പുരയ്ക്കൽപടി വരെ ആഴം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. നദിയുടെ ഇരുകരകളിലും വളർന്നു നിൽക്കുന്ന കാടുകൾ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.
നീരൊഴുക്കില്ലാത്തതിനാൽ വെള്ളം ദുർഗന്ധപൂരീതമാണെന്നും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]