
പരുക്കേറ്റ മുള്ളൻ പന്നിയെ രക്ഷിക്കാൻ കോന്നി റാപ്പിഡ് റെസ്പോൺസ് ടീം പെട്ടപാട്!- വിഡിയോ
കലഞ്ഞൂർ ∙ സംസ്ഥാന പാതയിൽ കടത്തിണ്ണയിൽ കണ്ട മുള്ളൻപന്നിയെ കോന്നി റാപ്പിഡ് റെസ്പോൺസ് ടീം സാഹസികമായി പിടികൂടി. തിങ്കൾ രാവിലെ 9.30ന് ഇടത്തറയിലാണ് സംഭവം. എവിടെനിന്നോ വന്ന മുള്ളൻപന്നി വണ്ടി തട്ടിയതിനെ തുടർന്ന് കടത്തിണ്ണയിൽ പതുങ്ങിയിരിക്കുകയായിരുന്നു. ഈ സമയം പരിസരത്തുണ്ടായിരുന്ന പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.അനിൽ കുമാർ ആർആർടിയെ വിവരമറിയിക്കുകയായിരുന്നു.
കോന്നിയിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി പന്നിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടുകയായിരുന്നു. റോഡരികിലൂടെ കുറെ ദൂരം ഓടി സമീപത്തെ മൈതാനത്തേക്കു പ്രവേശിക്കുകയായിരുന്നു. പിന്നാലെയെത്തിയ വനപാലക സംഘം പന്നിയെ ഓടിച്ചിട്ടു കുരുക്കിടുകയായിരുന്നു. കുരുക്കുവീണ പന്നിയെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ വനപാലകൻ സന്തോഷ് ചെളിവെള്ളത്തിലേക്കു വീഴുകയും ചെയ്തു. പിന്നീട് പന്നിയെ പിടികൂടി റോഡിലെത്തിച്ച് പെട്ടിയിലാക്കാൻ ശ്രമം ആരംഭിച്ചു.
മുള്ള് ഉള്ളതിനാൽ പന്നി ആക്രമിക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. ആദ്യം പ്ലാസ്റ്റിക് ചാക്കിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നടക്കാത്തതിനെ തുടർന്ന് വലിയ ചാക്ക് എത്തിച്ചു. കുരുക്കിട്ട് പിടിച്ചിട്ടുള്ളതിനാൽ ഓടിപ്പോകാൻ കഴിഞ്ഞില്ല. ഒടുവിൽ ബൈക്കിലെത്തിയ യാത്രക്കാരന്റെ സഹായത്തോടെ ചാക്കിൽ കയറ്റുകയും പെട്ടിയിലാക്കി കൊണ്ടുപോകുകയുമായിരുന്നു.
കോന്നി മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പന്നിക്ക് കാര്യമായ പ്രശ്നമില്ലാത്തതിനാൽ അച്ചൻകോവിൽ വനത്തിൽ വിട്ടയച്ചു. പാടം വനമേഖലയിൽ നിന്നെത്തിയ പന്നിയാണെന്നു കരുതുന്നു. ആർആർടിയിലെ അംഗങ്ങളായ എം.എസ്.സലിം, രഞ്ജിത്, സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]