
കഴിഞ്ഞ വർഷം ചൂടും ഉഷ്ണവും ‘വിളവെടുത്തു’; ഇക്കുറി മഴയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ വേനൽ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് കൊയ്ത്ത് വലിയ പ്രതിസന്ധിയിലായി. കൊയ്ത്ത് തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ കൊയ്ത്തുമെതിയന്ത്രം ഇറക്കാനാവാത്ത സ്ഥിതിയായി. വെള്ളക്കെട്ടിൽ യന്ത്രം പുതയുന്നതാണ് കാരണം. കഴിഞ്ഞ ദിവസവും ശക്തമായ മഴയാണ് പെയ്തത്. ഇതോടെ വെള്ളക്കെട്ട് രൂക്ഷമായി. വേഗം കൊയ്ത്ത് പൂർത്തിയാക്കാമെന്ന പ്രതീക്ഷയിൽ ഇത്തവണ 6 യന്ത്രങ്ങളെത്തിച്ചിരുന്നു.
ഇവയിൽ രണ്ടെണ്ണം കേടായി. ഒന്ന് ചെളിയിൽ പുതഞ്ഞു. മറ്റ് മൂന്നെണ്ണവും വെള്ളക്കെട്ട് കാരണം പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയുണ്ട്. 145 ഏക്കറിലാണ് ഇത്തവണ കൃഷി. വെള്ളക്കെട്ടില്ലെങ്കിൽ 5 ദിവസം കൊണ്ട് പൂർണമായും കൊയ്തെടുക്കാം. 5 ദിവസങ്ങളിലായി 6 യന്ത്രങ്ങൾ ഉപയോഗിച്ചിട്ടും കാൽ ഭാഗം പോലും കൊയ്യാനായില്ല. ഒരു മണിക്കൂറിലേക്ക് 2000 രൂപയിലധികമാണ് യന്ത്ര വാടക. കുറച്ചു ഭാഗം കാറ്റുവീഴ്ചയിൽ നിലംപൊത്തി.
വെള്ളം പുറത്തേക്ക് നീക്കം ചെയ്യാനുള്ള സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. കഴിഞ്ഞ തവണ രൂക്ഷമായ ചൂട് കാരണം നെല്ല് മങ്കായി പൂർണമായും കൃഷി നഷ്ടമായിരുന്നെന്ന് പാടശേഖരസമിതി പ്രസിഡന്റ് സി.ആർ.സുകുമാരപിള്ള, സെക്രട്ടറി കെ.എൻ.രാജൻ എന്നിവർ പറഞ്ഞു. ആ നഷ്ടം സഹിച്ചാണ് ഇത്തവണയും കൃഷിക്കിറങ്ങിയതെന്നും എന്നാൽ, വേനൽ മഴ കാരണം വിളവെടുപ്പ് വലിയ പ്രതിസന്ധിയിലായെന്നും അവർ പറയുന്നു.
എന്ന് തീരും കർഷകരുടെ സങ്കടങ്ങൾ ?
പ്രളയം, വെള്ളപ്പൊക്കം, വരൾച്ച, നെല്ലുവില യഥാസമയം ലഭിക്കാതിരുന്നത്, ചൂട് കാരണം നെല്ല് മങ്കായത് അടക്കം മുൻ വർഷങ്ങളിലെ പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഇത്തവണ കൊയ്ത്തിലെ പ്രതിസന്ധി. പാടമൊരുക്കൽ, വളം, യന്ത്രത്തിന്റെ വാടക ഉൾപ്പടെ ചെലവായ തുക കുറച്ചാൽ പലർക്കും മിച്ചമൊന്നുമില്ല. ഇതിനിടയിലാണ് വിട്ടൊഴിയാതെ പ്രതിസന്ധികൾ. പാടത്ത് വേണ്ട അടിസ്ഥാനസൗകര്യമൊരുക്കാൻ ആര്യം സഹായിക്കുന്നില്ലെന്നാണ് കർഷകരുടെ സങ്കടം. ഒരേ പാടശേഖരമെങ്കിലും വ്യത്യസ്ത പാടശേഖരസമിതികൾക്കെല്ലാം പറയാൻ പരാതികളേറെ. വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യമൊരുക്കിയാൽ ആശ്വാസമാകും. എന്നാൽ, അതിനുള്ള നടപടികളില്ല. കെഎൽഡിസി പ്രഖ്യാപിച്ച പദ്ധതിയും നടപ്പായില്ല.