
ശബരിമല റോപ് വേ: 60 മീറ്റർ ഉയരം, 2.7 കിലോമീറ്റർ നീളം; വന്യജീവി ബോർഡ് അനുമതി ഉടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ∙ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് റോപ്വേ നിർമാണത്തിനു മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ഉടൻ ലഭിക്കുമെന്നു സൂചന. പമ്പ ഹിൽടോപിൽ നിന്നു സന്നിധാനം പൊലീസ് ബാരക് വരെ 2.7 കിലോമീറ്ററാണ് റോപ്വേയുടെ നീളം. ഇതിന് 40 മുതൽ 60 മീറ്റർ വരെ ഉയരമുള്ള 5 തൂണുകളാണുള്ളത്. പമ്പയിലെ അടിസ്ഥാന സ്റ്റേഷൻ റാന്നി വനം ഡിവിഷന്റെ പരിധിയിൽ വരുന്ന പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിലാണ്. ബാക്കി തൂണുകളും റോപ്വേ അവസാനിക്കുന്ന സന്നിധാനം സ്റ്റേഷൻ വരെയുള്ള ഭാഗം പെരിയാർ കടുവ സങ്കേതത്തിലുമാണ്. റോപ്വേയ്ക്ക് 4.5336 ഹെക്ടർ വനഭൂമിയാണ് ആവശ്യം. വിട്ടുകിട്ടുന്ന വനഭൂമിക്കു പകരം കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യു ഭൂമിയാണ് നൽകുന്നത്.
റോപ്വേയ്ക്കു വേണ്ടി 80 മരം മുറിക്കേണ്ടി വരും. റോപ്വേ കടന്നുപോകുന്ന ഭാഗത്തെ സൈറ്റ് സ്കെച്ച്, മുറിക്കേണ്ട മരങ്ങളുടെ ഗൂഗിൾ സ്കെച്ച് എന്നിവ ഉൾപ്പെടെ വനം വകുപ്പ് ആവശ്യപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോർഡിനു വേണ്ടി റോപ്വേ നിർമാണ കമ്പനിയായ18 സ്റ്റെപ് ദാമോദർ റോപ്വേ ഇൻഫ്രാസ്ട്രക്ചറൽ (പ്രൈവറ്റ്) ലിമിറ്റഡ് കൈമാറി.
ഇതേ തുടർന്ന് റാന്നി ഡിഎഫ്ഒ, പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടർ എന്നിവർ അനുകൂല റിപ്പോർട്ട് നൽകി. വനഭൂമി വിട്ടുകിട്ടുന്നതിനു ഓൺലൈൻ അപേക്ഷ നൽകിയതും വനംവകുപ്പാണ്.മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതിയാണ് ഇനിയും ലഭിക്കേണ്ടത്. വന്യജീവി ബോർഡിന്റെ അടുത്ത യോഗത്തിൽ ഇത് പരിഗണിക്കും. തീയതി നിശ്ചയിച്ചിട്ടില്ല. അനുമതി കിട്ടിയാൽ അധികം വൈകാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വനഭൂമി വിട്ടുനൽകുമെന്നാണു ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.