പത്തനംതിട്ട ∙ പഞ്ചായത്തീരാജ് നിയമം നടപ്പായശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് 1995ലാണ്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് അതതു തദ്ദേശസ്ഥാപനത്തിലെ ഒന്നാം വാർഡ് അംഗമായിരുന്നു.
ഒന്നാം വാർഡിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന അംഗം വരണാധികാരിക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. ശേഷം വാർഡിന്റെ നമ്പർ ക്രമത്തിൽ അംഗങ്ങൾ ഒന്നാം വാർഡ് അംഗത്തിനു മുന്നിൽ സത്യവാചകം ചൊല്ലും.
പഞ്ചായത്തീരാജിലെ 153 (14) എന്ന ഈ വ്യവസ്ഥ മാറാൻ കാരണം തിരഞ്ഞെടുപ്പിനു ശേഷം മലയാലപ്പുഴയിലുണ്ടായ സംഭവ വികാസങ്ങളാണ്.
1995ലെ തിരഞ്ഞെടുപ്പിൽ മലയാലപ്പുഴയിൽ ഒന്നു മുതൽ മൂന്നു വരെ വാർഡുകളിൽ യുഡിഎഫും നാലു മുതൽ ഒൻപതു വരെ വാർഡുകളിൽ എൽഡിഎഫും വിജയിച്ചു. ഒന്നാം വാർഡ് അംഗം ടി.പി.ഗോപകുമാർ വരണാധികാരിക്കു മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി.
തുടർന്ന് രണ്ട്, മൂന്ന് വാർഡ് അംഗങ്ങൾ ഇദ്ദേഹത്തിനു മുന്നിൽ സത്യവാചകം ചൊല്ലി. നാലാം വാർഡിൽ നിന്നു ജയിച്ച എൽഡിഎഫ് അംഗം എം.ജി.സുരേഷ് ഒന്നാം വാർഡ് മെംബർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയാറായില്ല.
സുരേഷും മറ്റ് എൽഡിഎഫ് അംഗങ്ങളും വരണാധികാരിക്കു മുന്നിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒക്ടോബറിൽ സിപിഎമ്മിലെ ജഗദമ്മ സോമരാജൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ നിയമപ്രകാരമല്ല നടന്നതെന്നും അതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കാട്ടി യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജ്യോതിഷ് കുമാർ മലയാലപ്പുഴയും ഒന്നാം വാർഡ് അംഗം ടി.പി.ഗോപകുമാറും കോടതിയിൽ പരാതി നൽകി.
മുൻസിഫ് കോടതി തള്ളിയെങ്കിലും ഇവർ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ എൽഡിഎഫ് വാദിച്ചത് ഒന്നാം വാർഡ് അംഗം സത്യപ്രതിജ്ഞ ചൊല്ലിത്തരാൻ വിസമ്മതിച്ചെന്നാണ്.
ഒടുവിൽ 4 വർഷത്തിനു ശേഷം ഒന്നാം വാർഡ് അംഗത്തിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതനുസരിച്ച് സത്യപ്രതിജ്ഞയ്ക്കെത്താൻ മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി എൽഡിഎഫ് അംഗങ്ങൾക്കു കത്തയച്ചെങ്കിലും അതു കിട്ടിയില്ല എന്നു പറഞ്ഞതോടെ കേസ് വീണ്ടും നീണ്ടു. കോടതിയലക്ഷ്യം ആരോപിച്ച് യുഡിഎഫ് കോടതിയിൽ പോയി.
ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും സെക്രട്ടറി കത്തയച്ചു. ഭരണസമിതി കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുൻപ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു.
പരാതിക്കാരനായ ജ്യോതിഷ് കുമാർ ഇപ്പോൾ ഐഎൻടിയുസി ജില്ലാ പ്രസിഡന്റാണ്.ഭരണസമിതിയിലെ മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാകും ഉചിതമെന്ന് കേസിലെ വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് നിയമഭേദഗതി നടപ്പാക്കിയത്. പഞ്ചായത്തീരാജ് ചട്ടത്തിൽ അങ്ങനെ ഭേദഗതി നടപ്പായി.
അംഗങ്ങളുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണു മുതിർന്നയാളെ കണ്ടെത്തുന്നത്. ഇതിനുശേഷം ജഗദമ്മ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതിർന്ന അംഗമെന്ന നിലയിൽ മറ്റംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലി.
1995ൽ ഒന്നാം വാർഡ് അംഗമായിരുന്ന ഗോപകുമാറിന്റെ ഭാര്യ ബിന്ദു ഇത്തവണയും മലയാലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

