കൊച്ചി ∙ രാസകുങ്കുമം ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയുമായി ഹൈക്കോടതി. പമ്പാനദി, മണിമലയാർ, വലിയതോട് എന്നിവിടങ്ങളിൽ പരിശോധന നടത്താനും രാസകുങ്കുമം എവിടെയൊക്കെ ജലത്തിൽ കലരുന്നുണ്ടെന്നു റിപ്പോർട്ട് നൽകാനും പരിസ്ഥിതി എൻജിനീയർക്കു ജസ്റ്റിസ് വി.
രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. രാസകുങ്കുമം എത്രത്തോളം ഉപയോഗിക്കുന്നെന്നും ജലശുദ്ധിയെയും ചുറ്റുമുള്ള പരിസ്ഥിതിയെയും എത്ര ബാധിക്കുന്നെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടും മേഖലയിൽ രാസകുങ്കുമം വൻതോതിൽ വിൽക്കുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി നടപടി.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ, കേരള ഡ്രഗ്സ് ആൻഡ് ഫുഡ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരെയും ഹൈക്കോടതി കക്ഷി ചേർത്തു.
കോതമംഗലത്തുള്ള സ്ഥാപനമാണു കുങ്കുമം വിതരണം ചെയ്യുന്നതെന്ന് അറിയിച്ചതിനെ തുടർന്ന് ഈ സ്ഥാപനത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ലീഗൽ മെട്രോളജി ഡിപ്പാർട്മെന്റ് ഇൻസ്പെക്ടർ, ഡ്രഗ് ഇൻസ്പെക്ടർ എന്നിവർക്കു നിർദേശം നൽകിയിരുന്നു. സ്ഥാപനത്തെ നേരത്തേ കോടതി കക്ഷിചേർത്തിരുന്നു.
സാംപിൾ പരിശോധനാ റിപ്പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ കോടതി കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്– ലബോറട്ടറി മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധന നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി. കോസ്മെറ്റിക് ചട്ടങ്ങൾ പ്രകാരമുള്ള ലംഘനമുണ്ടെന്നും കോടതി പറഞ്ഞു.
സ്ഥാപനത്തിന്റെ ഇൻവോയ്സ്, ബില്ലുകൾ, കുങ്കുമം വാങ്ങാനുള്ള ഓർഡറുകൾ, സ്റ്റോക്ക്, സെയിൽസ് റജിസ്റ്റർ, ബിഐഎസ് ലൈസൻസ് വിവരങ്ങൾ ഉൾപ്പെടെ 8നു ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വാഹനങ്ങൾക്ക് നിയന്ത്രണം
പത്തനംതിട്ട ∙ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾക്ക് കലക്ടർ എസ്.പ്രേം കൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി.
വളവുകളോടു കൂടിയ വീതി കുറഞ്ഞ വനപാതയായതിനാലാണ് യാത്ര നിയന്ത്രിച്ചത്. പ്ലാപ്പള്ളി – തുലാപ്പള്ളി പ്രദേശവാസികൾക്ക് ഉത്തരവ് ബാധകമല്ല.
കാനനപാത സമയക്രമത്തിൽ മാറ്റം
വണ്ടിപ്പെരിയാർ ∙ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാതയായ സത്രം – പുല്ലുമേട് വഴിയുള്ള സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിറക്കി.
രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഇനി സത്രത്തിൽനിന്ന് പുല്ലുമേട്ടിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂ. നേരത്തേ ഇത് 7 മുതൽ ഒരു മണി വരെയായിരുന്നു.
വന്യമൃഗങ്ങളുടെ സാന്നിധ്യം, വെളിച്ചത്തിന്റെ അഭാവം എന്നിവ ചൂണ്ടിക്കാട്ടി പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടർ എസ്.സന്ദീപ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

