പത്തനംതിട്ട ∙ ആഗോള അയ്യപ്പ സംഗമം നടത്തുന്ന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദനോട് ചോദ്യങ്ങളുമായി മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി.
ശബരിമല വിഷയത്തിൽ സിപിഎം നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും അതോ പാർട്ടി നിലപാട് അതേപടി തുടരുകയാണോയെന്നും അദ്ദേഹം ചോദിച്ചു. ‘സത്യവാങ്മൂലം പിൻവലിക്കുന്നതിനെക്കുറിച്ച് അല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയേണ്ട
കാര്യമില്ല’ എന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോസഫ് എം.
പുതുശ്ശേരിയുടെ പ്രതികരണം. ‘സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് അങ്ങ് ആവർത്തിക്കുമ്പോൾ വിശ്വാസികളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്തം താങ്കൾക്കും പാർട്ടിക്കും പാർട്ടി നയിക്കുന്ന സർക്കാരിനും ഉണ്ടെന്ന അതിൽ തന്നെ അന്തർലീനമായിരിക്കുന്ന ചുമതലാബോധത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനും ഓടിയൊളിക്കാനും കഴിയും? ദേവസ്വം ബോർഡിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്ന് പറയുമ്പോഴും സർക്കാർ തീരുമാനവും സർക്കാർ സംവിധാനവും ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണെന്ന് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ താങ്കളുടെ പ്രതികരണം സൃഷ്ടിച്ചിരിക്കുന്ന ദുരൂഹതയും അവ്യക്തതയും നീക്കേണ്ടത് അനിവാര്യമാണ്.
ആകയാൽ ഇക്കാര്യത്തിലുള്ള അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു’– അദ്ദേഹം കുറിപ്പിൽ ചോദിച്ചു.
മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി എഴുതിയ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം
പ്രിയ ഗോവിന്ദൻ മാസ്റ്റർക്ക്,
ശബരിമല യുവതീപ്രവേശന വിഷയം കഴിഞ്ഞ അധ്യായമാണെന്ന താങ്കൾ മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് ഈ കത്തെഴുതാനുള്ള പ്രേരണ.
ആഗോള അയ്യപ്പ സംഗമം നടത്തുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് താങ്കളോട് ഈ വിശദീകരണം ആവശ്യപ്പെടുന്നത്.
“സത്യ വാങ്മൂലം പിൻവലിക്കുന്നതിനെക്കുറിച്ച് അല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയേണ്ട
കാര്യമില്ല” എന്നു താങ്കൾ പറഞ്ഞതായാണ് മാധ്യമങ്ങളിൽ നിന്ന് ബോധ്യമാകുന്നത്. താങ്കളുടെ ഈ വാക്കുകളിൽ തന്നെ അവയ്ക്കു വ്യക്തത ആവശ്യമാണെന്ന ധ്വനി നിഴലിക്കുന്നുണ്ട്.
സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് അങ്ങ് ആവർത്തിക്കുമ്പോൾ വിശ്വാസികളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം താങ്കൾക്കും പാർട്ടിക്കും പാർട്ടി നയിക്കുന്ന സർക്കാരിനും ഉണ്ടെന്ന അതിൽ തന്നെ അന്തർലീനമായിരിക്കുന്ന ചുമതലാ ബോധത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനും ഓടിയൊളിക്കാനും കഴിയും? വിശ്വാസികൾക്കൊപ്പമാണെന്ന് ഉരുവിടുന്നതു കൊണ്ടാണ് ആ ഉത്തരവാദിത്വ ഭാരം അങ്ങയുടെ ചുമലിൽ നിപതിക്കുന്നത്. അല്ലെങ്കിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കാനുള്ള അങ്ങ് പ്രകടിപ്പിക്കുന്ന ജാഗ്രതയ്ക്ക് ചെറിയ ഒരു അളവ് വരെയെങ്കിലും ന്യായീകരണം ലഭിക്കുമായിരുന്നു.
വിശ്വാസികളെ സംബന്ധിച്ച് ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളാണ് മുഖ്യം.
അതുവഴിയുള്ള സായൂജ്യ പ്രാപ്തിക്കാണ് നോമ്പുനോറ്റ്, കെട്ടുമുറുക്കി, അയ്യപ്പഭക്തർ മലകയറുന്നത്. എന്നാൽ അതാണ് താങ്കളുടെ പാർട്ടിയും പാർട്ടി നയിക്കുന്ന സർക്കാരും ചോദ്യം ചെയ്തതും അട്ടിമറിക്കാൻ ശ്രമിച്ചതും.
അതിനുവേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടിക്കൂട്ടിയത്? സർക്കാർ ചമച്ച തിരക്കഥയനുസരിച്ച് വിശ്വാസികൾ പോലുമല്ലാത്ത രണ്ട് യുവതികളെ വേഷ പ്രച്ഛന്നരായി സർവ്വ സംരക്ഷണവും നൽകി സന്നിധാനത്ത് എത്തിച്ചുതടക്കമുള്ള നടപടികൾ ഭക്ത മനസ്സുകളിൽ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ തന്റെ വീട്ടിൽ നിന്നാരും ഇതിന്റെ പേരിൽ അങ്ങോട്ടു പോകാനില്ലെന്നും ധൃതിപിടിച്ച് ആരും ഇതിന് ഒരുങ്ങി പുറപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തിരുത്തി അത്തരം വേവലാതികളൊന്നും ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ മറക്കാനാകുമോ? താങ്കളുടെ മുൻഗാമിയായിരുന്ന അന്നത്തെ പാർട്ടി സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ” നാല് സീറ്റ് നഷ്ടപ്പെട്ടാലും ശബരിമല വിഷയത്തിൽ പാർട്ടിക്ക് നിലപാട് മാറ്റമുണ്ടാവില്ല” എന്നാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ആവർത്തിച്ചത്.
ഇതിൽ നിന്നെല്ലാം പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടും ഇങ്കിതവും പകൽപോലെ വ്യക്തമായിരുന്നു. അതാകട്ടെ വിശ്വാസികളുടെ താല്പര്യത്തിനു ഘടകവിരുദ്ധവും.
എന്നുമാത്രമല്ല ഇതിനാധാരമായ സുപ്രീംകോടതിയിലെ കേസിൽ സർക്കാർ നൽകിയ സത്യവാങ്മൂലം ആ നിലയിൽ തന്നെ നിലനിൽക്കുകയാണ്.
നേരത്തെ വി.എസ്. സർക്കാരിന്റെ കാലത്ത് യുവതീപ്രവേശനത്തെ അനുകൂലിച്ചു കൊണ്ടാണ് കേസിൽ സത്യവാങ്മൂലം നൽകിയത്.
എന്നാൽ തുടർന്നുവന്ന ഉമ്മൻചാണ്ടി ഗവൺമെന്റ് ആ സത്യവാങ്മൂലം പിൻവലിച്ച് നിലവിലുള്ള ആചാര അനുഷ്ഠാനങ്ങൾ പിന്തുടരണമെന്ന അഭിപ്രായം രേഖപ്പെടുത്തി സത്യവാങ്മൂലം സമർപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന് ശേഷം അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ അത് തിരുത്തി പഴയതുപോലെ യുവതി പ്രവേശനത്തെ അനുകൂലിച്ചു വീണ്ടും സത്യവാങ്മൂലം നൽകുകയാണുണ്ടായത്.
ഇതും സുപ്രീം കോടതി വിധിയെ സ്വാധീനിച്ച ഘടകങ്ങളിൽ ഒന്നാണുതാനും.
എന്നു പരിഗണനയ്ക്ക് വരുമെന്ന് ഉറപ്പില്ലെങ്കിലും ഇതു സംബന്ധിച്ച റിവ്യൂ പെറ്റീഷൻ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിൽ നിൽക്കുകയാണ്. അവിടെ നിലനിൽക്കുന്നതോ, ഒന്നാം പിണറായി സർക്കാർ നൽകിയ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലവും.
അതാവട്ടെ വിശ്വാസികളുടെ മുറിവിൽ മുളക് തേക്കുന്ന തരത്തിലുള്ളതും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയേണ്ട
കാര്യമില്ലെന്ന അങ്ങയുടെ പരാമർശം അസ്ഥാനത്താകുന്നതും സത്യവാങ്മൂലം തിരുത്തുമോ എന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമാകുന്നതും ഇവിടെയാണ്. അങ്ങ് പറയുന്നതുപോലെ പാർട്ടി വിശ്വാസികൾക്കൊപ്പം എങ്കിൽ സത്യവാങ്മൂലം ഉറപ്പായും തിരുത്തണമല്ലോ.
ആഗോള അയ്യപ്പ സംഗമം ഭക്തരുടെ താൽപര്യത്തിനുള്ള സദുദ്ദേശ ഉദ്യമമെങ്കിൽ ആ നിലപാട് വ്യക്തമാക്കുകയും അതനുസരിച്ചുള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുകയും ചെയ്യണമല്ലോ.
ഈ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഇക്കാര്യത്തിൽ അങ്ങ് നടത്തിയ ഒഴിഞ്ഞുമാറ്റം ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്. ആകയാൽ ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് തന്നെ താഴെപ്പറയുന്ന കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
1.
ശബരിമല വിഷയത്തിൽ സിപിഎം നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടോ? അതോ പാർട്ടി നിലപാട് അതേപടി തുടരുകയാണോ?
2. വിശ്വാസികളുടെ തലയ്ക്കു മീതെ ഡെമോക്ലീസിന്റെ വാൾ പോലെ നിലനിൽക്കുന്ന യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന പിണറായി സർക്കാർ സുപ്രീംകോടതി സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലം പിൻവലിച്ച് വിശ്വാസ സമൂഹത്തിന്റെ ഇംഗിതം വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുമോ? ആശങ്കകൾ അകറ്റി, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പല്ലേ സർക്കാരിൽ നിന്ന് സ്വാഭാവികമായും വിശ്വാസികൾ പ്രതീക്ഷിക്കുക.
3.
ആചാര അനുഷ്ഠാനങ്ങൾ അട്ടിമറിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയ സാഹചര്യത്തിൽ അതിൽ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരുടെ പേരിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കുമോ?
ദേവസ്വം ബോർഡിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്ന് പറയുമ്പോഴും സർക്കാർ തീരുമാനവും സർക്കാർ സംവിധാനവും ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണെന്ന് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ താങ്കളുടെ പ്രതികരണം സൃഷ്ടിച്ചിരിക്കുന്ന ദുരൂഹതയും അവ്യക്തതയും നീക്കേണ്ടത് അനിവാര്യമാണ്. ആകയാൽ ഇക്കാര്യത്തിലുള്ള അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
ജോസഫ് എം.
പുതുശ്ശേരി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]