
ജണ്ടായിക്കൽ ∙ വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ വാതക ശ്മശാനത്തിൽ നിന്നു വമിക്കുന്നതു ദുർഗന്ധം. സഹിക്കാൻ പറ്റുന്നില്ലെന്നു സമീപവാസികൾ.
ജനറേറ്ററിന്റെ തകരാറാണു ജണ്ടായിക്കൽ വാതക ശ്മശാനത്തിനു വിനയായിരിക്കുന്നത്.റാന്നി, അങ്ങാടി, പഴവങ്ങാടി, ചെറുകോൽ എന്നീ 4 പഞ്ചായത്തുകൾക്കായി സ്ഥാപിച്ച ശ്മശാനമാണിത്. ഓരോ പഞ്ചായത്തും 20 ലക്ഷം രൂപ വീതമാണ് ഇതിനായി ചെലവഴിച്ചത്.
2023 മാർച്ച് 10നാണ് ശ്മശാനത്തിന്റെ ഉദ്ഘാടനം നടന്നത്. ഇതിനു ശേഷം 2 തവണ ഇതിനു തകരാർ നേരിട്ടിരുന്നു.
അതു പരിഹരിച്ചിരുന്നു. ഒരു മാസം മുൻപാണ് ജനറേറ്ററിനു തകരാർ നേരിട്ടത്.
ഇതിനു ശേഷം മൃതദേഹം ദഹിപ്പിക്കുന്നതിനിടെ വൈദ്യുതി മുടക്കം നേരിട്ടിരുന്നു.
പുകക്കുഴലിലൂടെ പുക അന്തരീക്ഷത്തിലേക്കു പോകാതായതോടെ പരിസരങ്ങളിൽ ദുർഗന്ധം നിറഞ്ഞു. പിന്നാലെ സമീപവാസികൾ സംഘടിച്ചെത്തി ബഹളം സൃഷ്ടിച്ചിരുന്നു.
വൈദ്യുതി വേഗം എത്തിയതു മൂലം ബഹളം തുടർന്നില്ല. തുടർന്ന് 2 മൃതദേഹങ്ങൾ കൂടി സംസ്കരിച്ചിരുന്നു. അന്ന് ജനറേറ്റർ വാടകയ്ക്കെടുത്തിരുന്നു.അഞ്ചുകുഴി ദിവ്യകാരുണ്യാശ്രമത്തിലെ അന്തേവാസി ചൊവ്വാഴ്ച മരിച്ചിരുന്നു.
അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ വീണ്ടും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. പിന്നാലെ വീണ്ടും ദുർഗന്ധം വമിച്ചു. സമീപവാസികൾ സംഘടിച്ചു വീണ്ടും ബഹളം സൃഷ്ടിച്ചു.
അവർ ഇപ്പോൾ രോഷത്തിലാണ്. വൈകിട്ട് 5 മണിക്കു ശേഷം മൃതദേഹങ്ങൾ ദഹിപ്പിക്കരുതെന്നാണു സമീപവാസികളുടെ ആവശ്യം.
ജനറേറ്റർ നന്നാക്കാതെ ഇനി മൃതദേഹം ദഹിപ്പിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.വാതകം ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുമ്പോൾ പുക സേഫ്റ്റിക് ടാങ്കിൽ എത്തിച്ചു ശുദ്ധീകരിച്ചാണ് പുകക്കുഴലിലൂടെ പുറത്തു വിടുന്നത്.
വൈദ്യുതി മുടങ്ങുമ്പോൾ വായു വലിച്ചെടുത്ത് ശുദ്ധീകരണം നടത്താൻ കഴിയില്ല. പുക നേരിട്ട് ചുറ്റും വ്യാപിപ്പിക്കുന്നു.
ജനറേറ്ററിന്റെ കുഴപ്പം പരിഹരിക്കണമെന്ന് 2 തവണ കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നെന്ന് പഞ്ചായത്തംഗം ഷൈനി രാജീവ് അറിയിച്ചു. എന്നിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
വൈദ്യുതി മുടങ്ങിയാൽ വാതക ശ്മശാനത്തിൽ നിന്നുയരുന്നതു ദുർഗന്ധമാണ്.
രോഗിയായ എനിക്ക് പിന്നീട് ശ്വാസം മുട്ടൽ അനുഭവപ്പെടുകയാണ്. ഹൃദയ സംബന്ധമായ രോഗിയായതിനാൽ പണിയെടുക്കാനാകില്ല.
പൂർണ വിശ്രമത്തിലാണ്. ഇതിനിടെയാണ് ശ്മശാനം രോഗികളെയടക്കം ദുരിതത്തിലാക്കുന്നത്.
വൽസല പാറയിൽ സമീപവാസി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]