
വിവാഹ നിശ്ചയത്തിനു 3 ദിവസം മുൻപ് അപകടം; പരുക്കേറ്റ യദു 3 വർഷത്തിനുശേഷം അശ്വതിക്ക് താലി ചാർത്തുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ അതിജീവനത്തെ എന്തു വിളിക്കും? ‘യദു’. കരുതലിനെയോ? ‘അശ്വതി’. വിവാഹ നിശ്ചയത്തിനു മൂന്നു ദിവസം മുൻപുണ്ടായ അപകടം താളംതെറ്റിച്ച ജീവിതം തിരികെപ്പിടിച്ച്, 3 വർഷത്തിനു ശേഷം വിവാഹപ്പന്തലിലേക്കു നടന്നുകയറുമ്പോൾ യദുവും അശ്വതിയും ഇതല്ലാതെ പരസ്പരം എന്തു വിളിക്കാൻ! 2022 ഓഗസ്റ്റ് 14ന് ആണ് ബൈക്ക് തെന്നി റോഡരികിലെ മൂടിയില്ലാത്ത ഓടയിലേക്കു വീണ വള്ളിക്കോട് പനയക്കുന്ന മുരുപ്പിൽ യദുകൃഷ്ണന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങുന്നത്.
തലയോട്ടി തുരന്നുള്ള ശസ്ത്രക്രിയ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, മാസങ്ങൾ നീണ്ട വെന്റിലേറ്റർ വാസം… വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന്, വിദേശത്തേക്കു ജോലിക്കായി മടങ്ങാനിരിക്കെയാണ് റോഡ് നിർമാണത്തിലെ അപകടക്കെണി ഇരുവരുടെയും ജീവിതത്തിൽ വില്ലനായത്. പൂട്ടുകട്ട പാകിയ റോഡിൽ ബൈക്ക് തെന്നി ഓടയിലേക്കു വീണപ്പോൾ സമീപത്തെ സ്ലാബിൽനിന്നു പുറത്തേക്കു തള്ളിനിന്ന ഇരുമ്പുകമ്പി യദുവിന്റെ തലയോട്ടി തുളച്ചുകയറി.
യദുവിനൊപ്പം യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വള്ളിക്കോട് തിയറ്റർ ജംക്ഷനിൽവച്ചായിരുന്നു അപകടം. വെന്റിലേറ്ററിൽനിന്നു മാറ്റിയശേഷം ഒരു വർഷത്തോളം കാര്യമായ പ്രതികരണമില്ലാതെ ഒരേ കിടപ്പിലായിരുന്നു യദു. നില തരണം ചെയ്യാൻ വളരെ ചെറിയ സാധ്യതയാണ് ഡോക്ടർമാർ മുന്നോട്ടുവച്ചത്. എന്നാൽ, യദു തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബം ചികിത്സ തുടർന്നു. നിഴലായി അശ്വതി ഒപ്പംനിന്നു. ഒന്നര വർഷം കഴിഞ്ഞപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ഫലം കണ്ടു. കാലുകളുടെ ചലനശേഷി തിരികെ കിട്ടിയ യദു കൈപിടിച്ചു നടന്നു; പതിയെ സംസാരിച്ചു.
ഒന്നര വർഷം മുൻപ് തിരികെ വീട്ടിലെത്തിയ ശേഷവും ഫിസിയോതെറപ്പി സെഷനുകൾ തുടർന്നു. 70 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി മാത്രം ചെലവായത്. മാസങ്ങൾക്കു മുൻപ് തനിയെ നടന്നു തുടങ്ങിയ യദുവിന്റെയും അശ്വതിയുടെയും മുഖത്തിപ്പോൾ ഇരട്ടി സന്തോഷത്തിളക്കം. ‘ഈ കാലവും കടന്നു പോകും’ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലെ തന്റെ വിശേഷണം അന്വർഥമാക്കി അശ്വതിക്കൊപ്പമുള്ള ജീവിതത്തിലേക്ക് യദു മേയ് 8ന് ചുവടുവയ്ക്കുകയാണ്.