
കലക്ടറുടെ ഉത്തരവ്: അനധികൃതമായി നികത്തിയ നിലം പഴയപടിയാക്കി
തിരുവല്ല ∙ പെരുന്തുരുത്തിയിൽ എംസി റോഡ് വശത്തെ അനധികൃതമായി നികത്തിയ നിലം സർക്കാർ നിർദേശപ്രകാരം പൂർവസ്ഥിതിയിലാക്കി. ജില്ലാ കലക്ടർ നൽകിയ ഉത്തരവിനെ തുടർന്നാണു നികത്തിയ മണ്ണ് ഉടമ സ്വയം നീക്കം ചെയ്തത്. 87സെന്റ് നിലമുള്ള ഉടമ ഇതിൽ 10 സെന്റ് മറ്റാരാൾക്കു വിൽക്കാൻ കരാർ ചെയ്തിരുന്നു.
ഇയാൾ മണ്ണിട്ടു നികത്താൻ തുടങ്ങിയതോടെയാണു റവന്യൂ വകുപ്പ് നടപടി കർശനമാക്കിയത്. ഇതേ സ്ഥലത്ത് 2021 മുതൽ 3 പ്രാവശ്യം നികത്താൻ മണ്ണിറക്കിയിരുന്നു. 3 പ്രാവശ്യവും കാവുംഭാഗം വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ നികത്തൽ നിർത്തിവച്ചിരുന്നു. തുടർന്നാണു സ്ഥലം വിൽപന നടത്തിയത്.
വാങ്ങുന്നതിനായി ഉടമയുമായി കരാറിൽ ഏർപ്പെട്ടതിനു പിറകേയാണു വാങ്ങുന്നയാൾ നികത്താൻ തുടങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ മറവിലായിരുന്നു ഇത്. നികത്തിയ ഉടമകൾ ഹൈക്കോടതിയിൽ വരെ പോയെങ്കിലും ബന്ധപ്പെട്ട
കക്ഷികളെ കേട്ട് നടപടി സ്വീകരിക്കാനായിരുന്നു ഹൈക്കോടതി നിർദേശം. തുടർന്നാണ് ജില്ലാ കലക്ടർ മണ്ണെടുത്തു മാറ്റാൻ ഉത്തരവിട്ടത്. ഇതിനു സമീപത്ത് ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ ഷാപ്പുപടിയിലും നിലം നികത്തിയിട്ടുണ്ട്.
ഇതിന്റെ ഉടമയ്ക്കും നികത്തിയ മണ്ണ് നീക്കം ചെയ്യാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ കൈപ്പറ്റാതിരിക്കുന്നതായാണു വിവരം. ഈ സ്ഥലത്തിന്റെ ഉടമ കോട്ടയം ജില്ലയിലെ മാഞ്ഞൂർ വില്ലേജ് ഓഫിസ് പരിധിയിലെ താമസക്കാരനാണ്. പത്തനംതിട്ട കലക്ടറേറ്റിൽ നിന്നു നോട്ടീസ് മാഞ്ഞൂർ വില്ലേജ് ഓഫിസിലേക്കാണു നൽകിയത്.
ഇവിടെ നിന്നാണ് ഉടമ നോട്ടീസ് കൈപ്പറ്റാതെ സർക്കാർ നിർദേശം അവഗണിക്കുന്നതെന്നാണ് പരാതി. പെരുന്തുരുത്തി ഭാഗത്ത് വ്യാപകമായി നിലം നികത്തൽ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പലപ്പോഴും നാട്ടുകാർ വാഹനം തടഞ്ഞ് അധികൃതരെ വിവരം അറിയിക്കുകയാണ് ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]