സീതത്തോട് ∙ അടയറവുള്ള വീട് സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന വയോധിക ദമ്പതികളുടെ ദുരിതപൂർണമായ ജീവിതത്തിനു അൽപം ആശ്വാസം. രാവും പകലും ഒരു പോലെ തുറന്ന് കിടന്നിരുന്ന താൽക്കാലിക കൂരയ്ക്കു വാതിലിടാനാനുള്ള കൈതാങ്ങുമായി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ യുവജനങ്ങൾ.
ഓണസമ്മാനമായി ലഭിച്ച കരുതലിന്റെ സന്തോഷത്തിലാണ് കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും.
മൂഴിയാർ ലുക്ക് ഔട്ടിനു സമീപം വൈദ്യുതി ബോർഡിന്റെ ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടത്തിലാണ് കാഴ്ച പൂർണമായും നഷ്ടപ്പെട്ട രാജമ്മക്കൊപ്പം ഏറെ നാളായി കൃഷ്ണൻ കാണി താമസിക്കുന്നത്.
വാതിലും ജനലുകളും ഇല്ലാത്ത കൂരയ്ക്കുള്ളിൽ കഴിയുന്ന ദമ്പതികളുടെ അവസ്ഥ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തുമ്പമൺ ഭദ്രാസനാധിപൻ ഡോ.
ഏബ്രഹാം മാർ സെറാഫിയുടെ നേതൃത്വത്തിൽ യുവാക്കളുടെ സംഘം ലുക്ക് ഔട്ടിൽ നേരിട്ടെത്തി വാതിലുകൾ സ്ഥാപിക്കുന്നതിനുള്ള സഹായങ്ങളും ഓണക്കിറ്റും കൈമാറുന്നത്.
പാലോട് സ്വദേശികളായ ഇരുവരും ഏകദേശം 50 വർഷങ്ങൾക്കു മുൻപാണ് കക്കി വനത്തിൽ ഈറ്റ സംഭരണവുമായി എത്തുന്നത്. പിന്നീട് സൊസൈറ്റിക്കു വേണ്ടി വന വിഭവങ്ങൾ ശേഖരിച്ചും വനംവകുപ്പിൽ വാച്ചറുമായി ജോലി ചെയ്ത കൃഷ്ണൻ കാണിയും ഭാര്യയും പ്രായം ഏറിയതോടെ കാടിറങ്ങി മൂഴിയാർ ലുക്ക് ഔട്ടിൽ താമസമാക്കുന്നത്.
വിറക് ശേഖരിച്ചു മൂഴിയാറിനു സമീപത്തെ ക്വാട്ടേഴ്സിലുള്ളവർക്കു നൽകി ലഭിക്കുന്ന നാമമാത്രമായ വരുമാനത്തിലാണു ഇരുവരുടെയും ജീവിതം.
താമസിക്കുന്ന കൂരയുടെ മുകൾ വശത്ത് സുമനസ്സുകൾ നൽകിയ സഹായത്താൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ചതിനാൽ മഴ പെയ്യുമ്പോൾ നനയാതെ കിടക്കാനാകും. വാതിലുകൾക്കു അടയറവ് ഇല്ലാത്തതിനാൽ വന്യജീവികൾ കൂരയ്ക്കുള്ളിൽ കടക്കുമെന്ന ആശങ്കയോടെയാണ് ഓരോ രാത്രിയും ഇരുവരും കഴിഞ്ഞിരുന്നത്.
ഇവർ വളർത്തുന്ന മൂന്ന് നായ്ക്കളുടെ പിൻബലത്തിലാണ് രാത്രി നിർഭയരായി കിടന്നുറങ്ങുന്നത്. കൂരയ്ക്കു അടയറവ് വേണമെന്ന ഏറെ നാളായുള്ള സ്വപ്നമാണ് യുവാക്കളുടെ നല്ല മനസ്സു കൊണ്ടു സഫലമായതെന്നു കൃഷ്ണൻ കാണി സന്തോഷത്തോടെ പറയുന്നു.
യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.
എബി എ. തോമസ്, ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, ഡിസ്ട്രിക്റ്റ് പ്രസിഡന്റുമാരായ ഫാ.
ഷിനു പോൾ, ഫാ. അഖിൽ മാത്യു സാം തുടങ്ങിയവരും ഡോ.
ഏബ്രഹാം മാർ സെറാഫിക്കൊപ്പം എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]