
മല്ലപ്പള്ളി ∙ കെഎസ്ആർടിസി സബ്ഡിപ്പോയുടെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാത്ത് താലൂക്ക് നിവാസികൾ. ബസ് പാർക്കിങ് സ്ഥലത്തെ ശോച്യാവസ്ഥയും ഡിപ്പോയിലേക്ക് എത്തുന്ന റോഡിന്റെ തകർച്ചയുമാണു സബ്ഡിപ്പോയെ പിന്നോട്ടടിക്കുന്നത്.
ഇടയ്ക്കിടയ്ക്കു പെയ്യുന്ന ശക്തമായ മഴയിൽ പാർക്കിങ് സ്ഥലത്തെയും ഇവിടേക്ക് എത്തുന്ന റോഡിലെയും കുഴികളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ദുരിതമാണ്. ജീവനക്കാർക്കു ബസുകളിൽ കയറുന്നതിന് ബുദ്ധിമുട്ടേറെയാണ്. പുലർച്ചെ സർവീസ് തുടങ്ങുന്ന ദീർഘദൂര ബസുകളിൽ പോകുന്നതിന് എത്തുന്ന യാത്രക്കാർക്കും വെള്ളക്കെട്ട് ദുരിതമാണ് സമ്മാനിക്കുന്നത്.
സബ്ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ നടത്താറില്ലെന്ന ആക്ഷേപമുണ്ട്.
ജല അതോറിറ്റിയുടെ വെള്ളം ലഭിച്ചില്ലെങ്കിൽ സബ്ഡിപ്പോയിൽ ജലക്ഷാമമാണ്. പരിസരത്ത് കിണറുമില്ല.
വെള്ളം കിട്ടാതെ വരുമ്പോൾ ജീവനക്കാർ പണം ചെലവഴിച്ചാണു ടാങ്കറിൽ എത്തിച്ചാണു പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത്. ജീവനക്കാർക്കു വിശ്രമിക്കാൻ സൗകര്യമില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.
കേടായ ബസുകൾ പണിയുന്നതിനുള്ള വർക്ഷോപ്പും ശോച്യാവസ്ഥയിലാണ്. മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു 2 പതിറ്റാണ്ട് മുൻപു തുടങ്ങിയതാണു സബ്ഡിപ്പോയെങ്കിലും പിന്നാക്കാവസ്ഥയ്ക്കു പരിഹാരമില്ലാതെ ഇപ്പോഴും തുടരുകയാണ്.
സർവീസുകൾക്കായി ബസുകൾ ഇല്ലാത്തതാണു സബ്ഡിപ്പോയിലെ പ്രധാന പരാധീനത.
33 ഷെഡ്യൂളുകൾ രേഖയിലുണ്ടെങ്കിലും ഇത്രയും ഓടാറില്ലെന്നാണു യാത്രക്കാരുടെ പരാതി. 2008ൽ 14 ബസുകളുമായി തുടങ്ങിയ കോട്ടയം–കോഴഞ്ചേരി ചെയിൻ സർവീസ് ഇപ്പോൾ കൃത്യമായി ഓടുന്നില്ല.
11 ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. എന്നാൽ, ചില ദിവസങ്ങളിൽ എണ്ണം കുറയാറുണ്ട്.
സമീപകാലത്തു തൃശൂരിനു തുടങ്ങിയ സൂപ്പർഫാസ്റ്റും ഇടയ്ക്കിടയ്ക്കു മുടങ്ങുന്നതു പതിവാണ്. കാര്യക്ഷമതയില്ലാത്ത ബസുകളാണു മുടക്കത്തിനു കാരണം.
കല്ലൂപ്പാറ വഴി തിരുവല്ലയ്ക്കുള്ള റൂട്ടിലും ബസുകളുടെ അപര്യാപ്തത യാത്രാക്ലേശം ഇരട്ടിക്കുന്നു. യാത്രാക്ലേശം പരിഹരിക്കുന്നതിനു ചുങ്കപ്പാറ–കല്ലൂപ്പാറ–തിരുവല്ല ചെയിൻ സർവീസ് ആരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]