കോഴഞ്ചേരി∙ റോഡ് തകർന്നു, യാത്ര ദുരിതത്തിൽ. കീഴുകര കോഴഞ്ചേരി റോഡിനെയും മേലുകര ചെറുകോൽപുഴ റോഡിനെയും ബന്ധിപ്പിക്കുന്ന വാഴോലിപ്പടി തോമ്പിൽപടി റോഡാണു തകർന്നു തരിപ്പണമായത്. റോഡുമുഴുവൻ കുഴി രൂപപ്പെട്ടു വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണു ഭൂരിഭാഗവും.
വാഴോലിപ്പടി മുതൽ അയിലത്തുപടി വരെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. 10 വർഷം മുൻപു ടാർ ചെയ്ത റോഡിൽ ടാറിങ്ങിന്റെ അംശം പോലും കാണാനില്ല. പല ഭാഗത്തും കുഴികൾ രൂപപ്പെട്ട് അതിൽ വെള്ളം കെട്ടിക്കിടക്കുന്നു.
ഇരുചക്രവാഹന യാത്രക്കാർ ഈ കുഴികളിൽ ചാടി നിയന്ത്രണം വിട്ടു മറിയുന്നതു നിത്യസംഭവമാണെന്നു പ്രദേശവാസികൾ പറയുന്നു.
കുഴികളിൽ ഇറങ്ങി കാറുകളുടെ അടിഭാഗം ഉരഞ്ഞു കേടുപാട് സംഭവിക്കുന്നതായും പറയുന്നു. വേദവായന ശാലേം ചാപ്പലിനു സമീപവും വൈഎംസിഎ ലൈബ്രറിയിലേക്കു തിരിയുന്ന ഭാഗം കുരീക്കാട്ടിൽ ഭാഗം ഇരുപ്പക്കാട്ട് പാറ ഭാഗം എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്.
തകർന്ന റോഡിന്റെ നിർമാണ പ്രവർത്തി നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണു പ്രദേശവാസികൾ ഉയർത്തുന്നത്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി ഉദ്യോഗസ്ഥർ എത്തി അളന്ന് എസ്റ്റിമേറ്റ് എടുത്തപ്പോൾ 20 ലക്ഷം രൂപ വേണം എന്നാണു മനസ്സിലാക്കിയതെന്നു വാർഡ് അംഗം ടി.ടി.വാസു പറഞ്ഞു. ഇത്രയും ഫണ്ട് ചെലവിടാൻ പഞ്ചായത്തിനു കഴിയാത്തതിനാൽ എംഎൽഎ ഫണ്ട് ലഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതു ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കാനാണു നീക്കം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]