ശബരിമല ∙ സന്നിധാനത്ത് മകരജ്യോതി ദർശനത്തിനായി 14 സ്ഥലങ്ങൾ. പമ്പയിൽ ഹിൽടോപ്.
ശബരിമലയ്ക്കു പുറത്ത് 7 സ്ഥലങ്ങളിലും ജ്യോതി ദർശനത്തിനു സൗകര്യങ്ങൾ. 14ന് വൈകിട്ട് അയ്യപ്പ സ്വാമിക്കു തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴാണു മകരജ്യോതി തെളിയുന്നത്.
ജ്യോതി ദർശനത്തിനാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത്. അതിനാൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഈ കേന്ദ്രങ്ങളിൽ മുൻകൂട്ടി ഒരുക്കേണ്ടതുണ്ട്.സന്നിധാനത്ത് തിരുമുറ്റം, മാളികപ്പുറം ക്ഷേത്രം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന്റെ പിൻവശത്തെ വിശാലമായ ഗ്രൗണ്ട്, ദർശനം കോപ്ലക്സ് പരിസരം, ബിഎസ്എൻഎൽ ഓഫിസിന് എതിർവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫിസ് പരിസരം, ജലഅതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിൽ തടസ്സമില്ലാതെ ജ്യോതി കാണാൻ സൗകര്യം ഉണ്ട്.
സന്നിധാനത്ത് ഏറ്റവും കൂടുതൽ പേർ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്.
ഇവിടെ ഭക്ഷണം, വെള്ളം, ശുചിമുറി സൗകര്യം, തിരക്കു നിയന്ത്രണത്തിനുള്ള ബാരിക്കേഡ് എന്നിവ ഒരുക്കും.പമ്പയിൽ ഹിൽടോപ്പിൽ മാത്രമാണ് ജ്യോതി ദർശനത്തിനായി സൗകര്യമുള്ളത്. ഇതിനായി പാർക്കിങ് ഗ്രൗണ്ടിൽ നിന്നു വണ്ടികൾ എല്ലാം മാറ്റും. 54 പേരുടെ മരണത്തിനിടയാക്കിയ ഹിൽടോപ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കും. ശബരിമലയ്ക്കു പുറത്ത് അട്ടത്തോട്, ആങ്ങമൂഴി– പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ജ്യോതി ദർശനത്തിനു സൗകര്യം ഉള്ളത്. അട്ടത്തോട് കിഴക്കേ കോളനിയിലും പടിഞ്ഞാറേ കോളനിയിലും ജ്യോതി കാണാൻ സൗകര്യം ഉണ്ട്.
കിഴക്കേ കോളനിയിൽ 2500, പടിഞ്ഞാറേ കോളനിയിൽ 300 പേർക്ക് ജ്യോതി കാണാം. ആങ്ങമൂഴി– പഞ്ഞിപ്പാറ 1000 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാൻ കഴിയും .
ഇലവുങ്കൽ 1000 പേർക്ക് ഇരുന്നു ജ്യോതി കാണാം.
കാടുകൾ തെളിച്ച് ബാരിക്കേഡ് കെട്ടിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. നെല്ലിമല 800 തീർഥാടകർക്ക് ഇരുന്നു ജ്യോതി കാണാം. ഇടുക്കി ജില്ലയിലാണ് പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവ. കോട്ടയം – കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽ നിന്നു വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാർ സത്രം വഴിയും പുല്ലുമേട്ടിലെത്താം. വനമേഖലയിൽ ആയതിനാൽ വെളിച്ചം ഇല്ലാത്തതാണ് പുല്ലുമേട്ടിലെ പ്രധാന പ്രശ്നം.
വള്ളക്കടവ് നാലാം മൈൽ കവലയിൽ (കോഴിക്കാനം )നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ് വരെയുള്ള ഏകദേശം 11 കിലോമീറ്റർ കാനനപാത, കോഴിക്കാനം – ഗവി റൂട്ടിൽ കെഎസ്ആർടിസി പാർക്ക് ചെയ്യുന്ന ഒരു കിലോമീറ്റർ ദൂരത്തിലും ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി വെളിച്ചം ക്രമീകരിക്കേണ്ടതുണ്ട്. കുമളി-കോഴിക്കാനം റൂട്ടിൽ 50 ബസുകൾ കെഎസ്ആർടിസി ക്രമീകരിക്കും. കോട്ടയം – കുമളി റൂട്ടിൽ പീരുമേട് കല്ലാർ കവലയിൽ നിന്നു തിരിഞ്ഞാൽ പരുന്തുംപാറ എത്താം.
കല്ലാർ കവലയിൽ നിന്നു 3 കിലോമീറ്റർ. തീർഥാടകർക്ക് ഇവിടെ സൗകര്യങ്ങൾ ഒരുക്കണം .
കോട്ടയം – കുമളി റൂട്ടിൽ പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് പാഞ്ചാലിമേട്ടിലെത്താം. മുറിഞ്ഞപുഴയിൽ നിന്നു 4 കിലോമീറ്റർ ദൂരമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

