നിരണം ∙ കടപ്ര – ഹരിപ്പാട് ലിങ്ക് ഹൈവേയുടെ നിർമാണം പാതിവഴിയിൽ. പണികൾ മന്ദഗതിയിലായതോടെ നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ.
5 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന നിർമാണത്തിന്റെ പകുതിഭാഗം ഡബ്ല്യുഎംഎം വിരിച്ചിട്ടിരിക്കുന്നിടത്തു പൊടിശല്യം രൂക്ഷമാണ്. സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപയ്ക്ക് 6 മാസം മുൻപാണു റോഡു നിർമാണം തുടങ്ങിയത്. ആദ്യം ഓട
നിർമാണമായിരുന്നു. ഇത് 90 ശതമാനത്തോളം പൂർത്തിയായി.
5 കലുങ്കുകൾ നിർമിക്കാനുള്ളതിൽ 2 എണ്ണം പൂർത്തിയായി. 2 എണ്ണത്തിന്റെ നിർമാണം പകുതി മാത്രമാണ് നടന്നത്.
ഒരെണ്ണം ഇതുവരെ തുടങ്ങിയിട്ടില്ല. റോഡിന്റെ ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരമാണു ഡബ്ല്യുഎംഎം വിരിച്ചിട്ടിരിക്കുന്നത്.
പാറപ്പൊടിയായതിനാൽ ദിവസവും വെള്ളം ഒഴിച്ചില്ലെങ്കിൽ വാഹനങ്ങൾ പോകുമ്പോഴും കാറ്റടിക്കുമ്പോഴും പൊടി പറക്കും.കരാറുകാർ ഇവിടെ ദിവസവും വെള്ളമൊഴിക്കാറില്ലെന്നു നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള ബാക്കി രണ്ടര കിലോമീറ്റർദൂരത്തിൽ ഇതുവരെ നിർമാണം തുടങ്ങിയിട്ടില്ല. ഇവിടെ വൈദ്യുതിത്തൂണുകൾ മാറ്റിയിടാത്തതാണു കാരണം. പണി ഇഴഞ്ഞു നീങ്ങുന്ന കാരണത്താൽ അനുഭവിക്കുന്ന പൊടിശല്യത്തിനു പുറമേ റോഡ് ഇളക്കി ഇട്ടിരിക്കുന്ന കാരണത്താൻ അപകടങ്ങൾ വർധിക്കുന്നുണ്ട്.
വാഹനങ്ങൾക്കു കേടുപാട് പറ്റുന്നതും നിത്യസംഭവമാണ്.സമീപ വീടുകൾ മുഴുവൻ പൊടി കൊണ്ടു മൂടിയിരിക്കുകയാണ്.
പൊടി ശല്യമേറിയ കാരണം റോഡുവശത്തുള്ള പലർക്കും ശ്വാസതടസ്സം വരെ പിടിപ്പെട്ടിട്ടുണ്ട്. റോഡ് നിർമാണത്തിനായി ഇളക്കിയിട്ട പല ഭാഗങ്ങളിലും ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ചെറിയ മെറ്റൽ കൂടി കിടക്കുന്ന കാരണത്താൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും നിത്യ സംഭവമാണ്. കടപ്ര മുതൽ ഇരതോട് വരെ ഒന്നാം ഘട്ടമായും ബാക്കി ഭാഗം രണ്ടാം ഘട്ടമായിട്ടാണു ചെയ്യുന്നത്.
ആദ്യഘട്ടത്തിന്റെ നിർമാണം ഇത്രയേറെ ഇഴഞ്ഞു നീങ്ങുന്നതിനാൽ റോഡ് നിർമാണം പൂർത്തിയാകാൻ വലിയ കാലതാമസം ഉണ്ടാകുമെന്ന ആശങ്കയിലാണു നാട്ടുകാർ.അതുവരെ പൊടിശല്യവും യാത്രാദുരിതവും അനുഭവിക്കേണ്ടിവരും. നിരണം വലിയ പള്ളി, മുന്നൂറ്റിമംഗലം ക്ഷേത്രം,സെന്റ് മേരീസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫിസ്, വൈദ്യുതി ഓഫിസ്, പഞ്ചായത്ത് ഓഫിസ് നൂറു കണക്കിനു വീടുകൾ എന്നിവയെല്ലാം ഈ റോഡുവശത്താണ്. റോഡുവശത്തു താമസിക്കുന്നവരും ഈ സ്ഥാപനങ്ങളിലേക്കു പോകുന്നവരും അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടന്നു പരിഹാരം കാണണമെന്ന ആവശ്യമ്ാണ് നാട്ടുകാർക്കുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

