
സീതത്തോട് ∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ കക്കി- ആനത്തോട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഇന്ന് തുറന്നേക്കും. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
ജല സംഭരണികളിലേക്കു ശക്തമായ നീരൊഴുക്ക് ഉള്ളതിനാൽ രാവിലെ 11 മുതൽ നാല് ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയർത്തി 50 മുതൽ പരമാവധി 100 ക്യുമെക്സ് തോതിൽ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടാനുള്ള ഒരുക്കത്തിലാണ് അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ.
പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തും. ഡാം തുറക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും
സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം.
ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാംപുകളിലേക്കോ മാറണമെന്നും കലക്ടർ അറിയിച്ചു. അതേ സമയം മഴയുടെ ശക്തി കുറഞ്ഞാൽ ഷട്ടറുകൾ ഉയർത്തുന്നത് ഒഴിവാക്കാനുള്ള നീക്കവും ഉണ്ട്.ശബരിഗിരി പദ്ധതിയിൽ പൂർണലോഡിലാണ് വൈദ്യുതോൽപാദനം നടക്കുന്നത്.
അണക്കെട്ടുകളുടെ മഴ പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]