
ആളിക്കത്തി പ്രതിഷേധം; മന്ത്രി വീണയുടെ എംഎൽഎ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ മന്ത്രി വീണാ ജോർജ് രാജി വയ്ക്കണം എന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ എംഎൽഎ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. 2 മണിക്കൂറോളം നഗരത്തിൽ സംഘർഷാവസ്ഥ നിലനിന്നു. റോഡ് ഉപരോധത്തിനും പൊലീസ് സ്റ്റേഷൻ മാർച്ചിനും ശേഷമാണ് പ്രതിഷേധത്തിനു വിരാമമായത്.
വൈകിട്ട് 5 മണിയോടെയാണ് സെന്റ് പീറ്റേഴ്സ് ജംക്ഷനു സമീപമുള്ള വീണാ ജോർജിന്റെ എംഎൽഎ ഓഫിസിന് മുന്നിലേക്ക് മാർച്ച് എത്തിയത്. മഴയെയും അവഗണിച്ച് ഇരച്ചെത്തിയ പ്രവർത്തകരെ പ്രതിരോധിക്കാൻ പൊലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നു. പ്രതിഷേധക്കാരിൽ ചിലർ ബാരിക്കേഡിനു മുകളിലേക്ക് കയറി പ്രതിരോധം ഭേദിക്കാനുള്ള ശ്രമവും ശക്തമാക്കി. ബാരിക്കേഡുകൾ കെട്ടിയുറപ്പിച്ചിരുന്ന കയറുകൾ അഴിച്ചു മാറ്റി പൊലീസ് വലയം മറികടക്കാനുള്ള ശ്രമം ഏറെനേരം നീണ്ടു.
പൊലീസ് വലയത്തിലേക്ക് ചാടിക്കയറാനുള്ള ചിലരുടെ ശ്രമത്തെ ഉദ്യോഗസ്ഥർ സംയമനത്തോടെ നേരിട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡ് മറികടന്നവരിൽ 9 പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇത് പ്രതിഷേധം ശക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പ്രഖ്യാപിച്ചു. തുടർന്ന് ഇവിടെ നിന്നും സ്റ്റേഷനിലേക്ക് നേതാക്കൾ പ്രകടനം നയിച്ചു. സെൻട്രൽ ജംക്ഷനിലേക്ക് എത്തിയപ്പോൾ പ്രവർത്തകരിൽ ചിലർ ട്രാഫിക് ബോർഡുകൾ മറിച്ചിട്ടു. റോഡിൽ കുത്തിയിരുന്നും പ്രതിഷേധം തുടർന്നു.
ഈ സമയം മാർച്ചിനെ നേരിടാൻ സ്റ്റേഷനു മുന്നിലായി പൊലീസ് നിലയുറപ്പിച്ചിരുന്നു. ഷീൽഡുകൾ ഉപയോഗിച്ചാണ് പ്രതിഷേധത്തെ പൊലീസ് പ്രതിരോധിച്ചത്. ബലാബലം നീണ്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് നേതാക്കളിൽ ചിലരെ സ്റ്റേഷന്റെ ഉള്ളിലേക്ക് കടത്തിവിട്ടു. ഇവർ നടത്തിയ ചർച്ചയ്ക്കു ശേഷം അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയച്ചു.
ഇതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷാന്തരീക്ഷത്തിനു അയവ് വന്നത്. ധർണയിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, ജോൺസൺ വിളവിനാൽ, സാമുവൽ കിഴക്കുപുറം, ഏഴംകുളം അജു, കെ.ജാസിംകുട്ടി, വിജയ് ഇന്ദുചൂഡൻ, നഹാസ് പത്തനംതിട്ട, അൻസർ മുഹമ്മദ്, നിധിൻ മണക്കാട്ടുമണ്ണിൽ, അലൻ ജിയോ മൈക്കിൾ സജി കൊട്ടക്കാട്, എം.സി.ഷെരീഫ്, സിന്ധു അനിൽ,വിനീത അനിൽ, റോജി പോൾ ദാനിയേൽ, ജെറി മാത്യു സാം ,ആർ.ദേവകുമാർ, റെനീസ് മുഹമ്മദ്,നാസർ തോണ്ടമണ്ണിൽ, ജോമോൻ പുതുപ്പറമ്പിൽ, വിൽസൺ തുണ്ടിയത്ത്, എം.ആർ.രമേശ്,ദിലീപ് പൊതിപ്പാട്, കെ.പി. മുകുന്ദൻ,ടൈറ്റസ് കാഞ്ഞിരമണ്ണിൽ, രജനി പ്രദീപ് എന്നിവർ പ്രസംഗിച്ചു.