ശബരിമല ∙ പുറത്തുനിന്നാൽ ഈച്ച പൊതിയുമെന്ന് കരുതി മുറിക്കുള്ളിൽ കയറിയാൽ അവിടെയും ഈച്ച! ശക്തിയായി ഫാൻ ഇട്ട് ഒരു കയ്യിൽ വിശറിയുമായി വേണം ഭക്ഷണം കഴിക്കാൻ.
തീർഥാടനത്തിനുശേഷം വല്ലാത്ത അവസ്ഥയിലാണ് സന്നിധാനത്തും പമ്പയിലുമുള്ള ദേവസ്വം ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും. കിലോമീറ്റർ അകലെയുള്ള അട്ടത്തോട് നിവാസികളും കടുത്ത ഈച്ചശല്യത്തിലാണ്.
വില്ലനായത് മലിനജലവും തുണികളും
തീർഥാടന കാലത്ത് സന്നിധാനത്തും പമ്പയിലും അടിഞ്ഞുകൂടിയ ചപ്പുചവറുകളും മാലിന്യങ്ങളും തൂത്തുവാരി നീക്കിയാണ് വിശുദ്ധിസേന മടങ്ങിയത്.
എന്നാൽ, മലിനജലവും പലഭാഗത്തും കെട്ടിക്കിടന്നു. അതേപോലെ ഓടകളും നിറഞ്ഞു കിടക്കുകയാണ്.
ഇതെല്ലാം ഈച്ച പെരുകാൻ ഇടയാക്കി. പമ്പാ മണപ്പുറത്തെ മാലിന്യം നീക്കിയെങ്കിലും നദിയിൽ തീർഥാടകർ ഉപേക്ഷിച്ച വസ്ത്രങ്ങൾ കഴിഞ്ഞ ദിവസമാണ് നീക്കിയത്.
3 ലോഡ് വസ്ത്രങ്ങൾ കരാറുകാരൻ നദിയിൽനിന്നു ശേഖരിച്ചു. തുണികൾ കിടന്ന് പമ്പാനദിയിലെ വെള്ളം മലിനമാണ്.
നട
അടച്ചശേഷം സന്നിധാനത്ത് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ, അവരുടെ സഹായികൾ, ദേവസ്വം ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, പൊലീസ്, മരാമത്ത് ജീവനക്കാർ, വനപാലകർ എന്നിവർ ഉൾപ്പെടെ 62 പേരുണ്ട്. പമ്പ ഗണപതികോവിലിൽ നിത്യപൂജയുണ്ട്.
സ്ഥിരം പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ്, കെഎസ്ഇബി സബ് സ്റ്റേഷൻ, ഇറിഗേഷൻ, ബിഎസ്എൻഎൽ, വനം ജീവനക്കാർ ഉൾപ്പെടെ നൂറിലേറെ പേരുണ്ട്. ഇവരെല്ലാം ഈച്ച ശല്യത്തിൽ വലയുകയാണ്.
പമ്പയിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് അട്ടത്തോട്.
നൂറിലേറെ കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് അട്ടത്തോട് നിവാസികൾ പറയുന്നു.
നിലയ്ക്കലും രൂക്ഷമായ ഈച്ചശല്യമുണ്ട്.ശബരിമല, പമ്പ, നിലയ്ക്കൽ മേഖലയിൽ ഇതുവരെയും വേനൽമഴ പെയ്തില്ല. മഴ പെയ്താൽ ഈച്ച ശല്യം കുറയുമെന്നാണ് നാട്ടുകാരുടെയും ദേവസ്വം ജീവനക്കാരുടെയും പക്ഷം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

