സീതത്തോട് ∙ ‘ഈ ആനക്കാട്ടിൽ അട്ടയുടെ കടിയേറ്റ് വന്യമൃഗങ്ങളെ ഭയന്ന് വെട്ടിക്കൊണ്ടുവരുന്ന ഒരുകെട്ട് ഈറ്റ വിറ്റാൽ ഒരു കിലോ അരി വാങ്ങാൻ കഴിയില്ല!. ആരോട് പറയാൻ? ഓണം കഴിയട്ടേ, കൂലി കൂട്ടാതെ ഇനി ജോലിക്കില്ലെന്ന തീരുമാനത്തിലാണ് ഞങ്ങളുടെ കൂട്ടർ’ – ഈറ്റവെട്ടു തൊഴിലാളി ചെല്ലമ്മയുടെ വാക്കുകളിൽ രോക്ഷത്തേക്കാൾ സങ്കടം നിഴലിച്ചു.ബാംബൂ കോർപറേഷന്റെ നേതൃത്വത്തിലാണ് ഈറ്റ സംഭരണം.
കുട്ട ഈറ്റയാണെങ്കിലും നെടുവാറെങ്കിലും ഒരു കെട്ടിനു 64 രൂപയോളമാണ് കൂലി.
മിക്കപ്പോഴും ഇടനിലക്കാർക്കു വെട്ടി നൽകുകയാണ് ചെയ്യാറ്. അതാകുമ്പോൾ മുൻകൂറായി പണം വാങ്ങാം.
എന്നാൽ, പണം കുറയും.
കെട്ടൊന്നിനു 80 രൂപയെങ്കിലും കിട്ടിയെങ്കിൽ മാത്രമേ ജീവിക്കാൻ കഴിയുവെന്ന് തൊഴിലാളികൾ പറയുന്നു. ടിഎ ലഭിച്ചിട്ട് വർഷങ്ങളായി.
കൂലിക്കുറവ് കാരണം പലരും പിൻമാറി.ഗൂഡ്രിക്കൽ റേഞ്ചിൽ കൊച്ചുകോയിക്കൽ സ്റ്റേഷൻ പരിധിയിൽപെട്ട കിളിയെറിഞ്ഞാൻകല്ലിനു സമീപത്തെ കൂപ്പിൽ നിന്നുമാണ് ളാഹ സ്വദേശിയും ആദിവാസിയുമായ ചെല്ലമ്മയും രണ്ട് മക്കളും ഈറ്റ സംഭരിക്കുന്നത്.
മുൻപ് ഈറ്റ വെട്ട് തൊഴിലാളികൾക്കു ഒട്ടേറെ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ മിക്കവയും വെട്ടിക്കുറച്ചു.
റോഡിൽനിന്ന് ഏറെ ദൂരത്തിലാണ് മിക്ക ഈറ്റക്കൂപ്പുകളും.
മുറിച്ചെടുക്കുന്ന ഈറ്റ കാട്ടിലൂടെ വലിച്ചോ, തലച്ചുമടായോ വേണം ലോറി കിടക്കുന്നിടത്തെത്തിക്കാൻ. കൂടെ വന്യമൃഗശല്യവും ബാക്കി.
ളാഹ, അട്ടത്തോട് പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ആദിവാസികൾ ഈറ്റവെട്ട് ജോലി ചെയ്യുന്നുണ്ട്. ദൂരെനിന്നെത്തുന്നവർ കാട്ടിൽ തന്നെ ഷെഡ് കെട്ടി താമസിച്ചാണ് ഈറ്റ വെട്ടുന്നത്.
മഴക്കാലത്തെ തണുപ്പും അട്ടയുടെ കടിയും അതിരൂക്ഷമാണ്. ഇതിനെയെല്ലാം അതിജീവിച്ച് ചെയ്യുന്ന ജോലിക്കു ന്യായമായ ശമ്പളംകൂടി ഇല്ലെങ്കിൽ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകാനാകുമെന്ന് ഇവർ ചോദിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]