
പുല്ലാട് ∙ കുടുംബ കലഹത്തെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറനഗറിൽ ആഞ്ഞാനിക്കൽ ശാരി മോൾ (ശ്യാമ –35) ആണ് മരിച്ചത്.
അക്രമം തടയാൻ ശ്രമിച്ച ശാരിമോളുടെ പിതാവ് ശശി (64), പിതൃ സഹോദരി രാധാമണി (61) എന്നിവർക്കും കുത്തേറ്റു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട
ഭർത്താവ് കവിയൂർ സ്വദേശി ജയകുമാറിനെ (അജി) (38) കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ഊർജിതമാക്കി.അജിയുടെ ആക്രമണത്തിൽ പരുക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്നു പൊലീസ് പറയുന്നു. ഭാര്യയെ സംശയിച്ചിരുന്ന അജി മദ്യപിച്ചെത്തി മിക്ക ദിവസങ്ങളിലും വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു.
ശനിയാഴ്ചയും മദ്യപിച്ച് വീട്ടിലെത്തിയ അജിയും ശാരി മോളും തമ്മിൽ വഴക്കുണ്ടായി. ഇതോടെ ഇയാൾ ഭാര്യയെ മർദിക്കുകയും കുത്തുകയുമായിരുന്നു.
ഇതിനു തടസ്സം പിടിക്കാൻ എത്തിയ ഭാര്യാപിതാവിനെയും നിലവിളി കേട്ട് അടുത്ത വീട്ടിൽ നിന്ന് ഓടിയെത്തിയ രാധാമണിയേയും അജി കുത്തി വീഴ്ത്തിയെന്നു പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇരുവരും തമ്മിൽ വഴക്കു നടക്കുന്നതിനാൽ ശ്രദ്ധിക്കാതിരുന്ന സമീപവാസികൾ കൂട്ടനിലവിളി കേട്ട് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മൂന്നു പേരെയും കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ നില ഗുരുതരമെന്നു കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ശാരിമോൾ ഞായർ പുലർച്ചെ ഒന്നരയോടെ മരിച്ചു. പല തവണ ശാരിമോൾ ഭർത്താവിനെതിരെ കോയിപ്രം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ പൊലീസ് ഇയാളെ കൗൺസലിങ് നൽകി വിട്ടയക്കുകയായിരുന്നു.ശാരി ബ്യൂട്ടിപാർലർ ജീവനക്കാരിയാണ്. വെൽഡറാണ് അജി.
ആറാം ക്ലാസ് വിദ്യാർഥിനി ആവണി, മൂന്നാം ക്ലാസ് വിദ്യാർഥിനി വേണി, എൽകെജി വിദ്യാർഥിനി ശ്രാവണി എന്നിവർ മക്കളാണ്.
ഭക്ഷണം നൽകിയ ശേഷം വീണ്ടും മർദനം, കൊലപാതകം
പുല്ലാട്∙ കോഴഞ്ചേരിയ്ക്കു സമീപമുള്ള ബ്യൂട്ടി പാർലറിൽ ജോലി നോക്കുന്ന ശാരി മോളെ ശനിയാഴ്ച രാത്രി പതിവുപോലെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഭർത്താവ് അജി തന്റെ ഇരുചക്ര വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. പോകുംവഴി മക്കൾക്കു വേണ്ടിയുള്ള സാധനങ്ങളും വാങ്ങിയിരുന്നു.
വീടെത്തിയതു മുതൽ അജി ഭാര്യയോടു കയർത്തു സംസാരിക്കാൻ തുടങ്ങി. ഇതു ശ്രദ്ധിക്കാതെ വീട്ടുജോലികൾ തുടർന്ന ഭാര്യയെ മർദിച്ചെങ്കിലും കുട്ടികൾ ബഹളം വച്ചതോടെ ഇയാൾ ശാന്തനായി.
ശാരി എല്ലാവർക്കും ഭക്ഷണം നൽകിയ ശേഷം കുട്ടികൾ കിടക്കാനൊരുങ്ങവെയാണു വീണ്ടും വഴക്കുണ്ടായത്. ഭാര്യയെ ഇയാൾ മർദിക്കുകയും കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
മർദിക്കുന്നതു കണ്ട് തടസ്സം പിടിക്കാൻ എത്തിയ ഭാര്യാപിതാവ് ശശിയുടെ വയറ്റിലും കുത്തി.
റോഡിന് എതിർവശം താമസിക്കുന്ന ശശിയുടെ സഹോദരി രാധാമണി ബഹളം കേട്ട് ഓടിയെത്തി. നിലവിളിച്ച അവരെയും അജി കുത്തി.
ശശിയുടെ ഭാര്യ സാവിത്രി ഈ സമയം വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു. തുടർന്ന് ആയുധവുമായി മുങ്ങിയ ഇയാൾ പത്തനംതിട്ട
എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഷർട്ട് അജിയുടേതാണെന്ന സംശയവും പൊലീസിനുണ്ട്.
ആറു തവണ പൊലീസിൽ പരാതി നൽകിയിരുന്നെന്നു ബന്ധുക്കൾ
മദ്യപിച്ച് വീട്ടിലെത്തുന്ന അജി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
ഒരു തവണ അജിയുടെ മർദനത്തെ തുടർന്നു ശാരി മോൾക്ക് ആശുപത്രിയിൽ കിടന്നു ചികിത്സിക്കേണ്ടി വന്നു. ഇതോടെ ശാരി പൊലീസിൽ പരാതി നൽകിയിരുന്നു.
അജിയെ വിളിച്ചു താക്കീതു ചെയ്ത പൊലീസ് ശാരിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇനി വീട്ടിലേക്ക് എത്തരുതെന്നു താക്കീതു ചെയ്താണു വിട്ടയച്ചത്. അങ്ങനെ ആറുമാസത്തോളം മാറിനിന്ന ഇയാൾ പിന്നീട് കുട്ടികളെ കാണാനെന്നു പറഞ്ഞു വന്നു വീട്ടിൽ കയറിക്കൂടുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു.
വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരുമാസം മാത്രം സ്വന്തം വീട്ടിൽ ഭാര്യയുമൊത്തു ജീവിച്ച അജി പിന്നീട് ശാരിമോളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പത്തനംതിട്ടയിലെ പൊതു ശുചിമുറിയിൽ ഇയാൾ ഭാര്യയുടെ മൊബൈൽ നമ്പർ എഴുതി വച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ചിലർ വിളിച്ചപ്പോൾ നമ്പർ എവിടെ നിന്നു കിട്ടി എന്നു തിരക്കിയപ്പോഴാണ് ശാരിമോൾ വിവരം അറിയുന്നതും ഒരു ബന്ധുവിനെ കൂട്ടി അവിടെ എത്തി ശുചിമുറി സൂക്ഷിപ്പുകാരനോടു വിവരം പറഞ്ഞ് ആ നമ്പർ തുടച്ചു കളഞ്ഞതും.
അജി മർദിച്ചതിന് ആറുവട്ടം ശാരിമോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു ബന്ധുക്കൾ പറയുന്നു. പല തവണ ഇയാൾക്ക് പൊലീസ് കൗൺസലിങ്ങും നൽകിയിട്ടുണ്ട്.
ശാരിമോളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും
ശാരി 3 വർഷമായി പിടിഎ പ്രസിഡന്റ്
മൂന്നു വർഷമായി പിടിഎ പ്രസിഡന്റ് പദവി നോക്കുന്ന ശാരിമോൾ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിട്ടു നിൽക്കുന്ന വ്യക്തിയായിരുന്നതായി എംടി എൽപി സ്കൂൾ പ്രഥമാധ്യാപിക മറിയാമ്മ ചാക്കോ പറഞ്ഞു. എൽകെജി വിദ്യാർഥിനി ശ്രാവണിയും മൂന്നാം ക്ലാസ് വിദ്യാർഥിനി വേണിയും ഇവിടെ പഠിക്കുന്നു.
മൂത്ത കുട്ടി ആവണിയും ഇവിടെ തന്നെയാണ് പഠിച്ചിരുന്നത്. കുട്ടികളുടെ പഠനകാര്യത്തിൽ പ്രത്യേക താൽപര്യം കാണിച്ചിരുന്ന ശാരി സ്കൂളിലെ കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ നിർമിച്ചു നൽകാൻ ഭർത്താവിനോടു പറഞ്ഞതനുസരിച്ചാണ് അത് തയാറായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]