
നാടെങ്ങും പുലിപ്പേടി; പത്തനംതിട്ട ജില്ലയിൽ പുലിയെ കണ്ടതും സംശയമുള്ളതുമായ 3 സംഭവങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തണ്ണിത്തോട് ∙ മുണ്ടോംമൂഴി വനഭാഗത്തെ റോഡിൽ പുലിയെ കണ്ടു. കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്കു സമീപം ഇന്നലെ ഉച്ചയോടെ സ്വകാര്യ ബസിനു മുൻപിലൂടെ റോഡിനു കുറുകെ ചാടുകയായിരുന്നു. ചിറ്റാറിൽ നിന്ന് തണ്ണിത്തോട് വഴി കോന്നിയിലേക്കുള്ള ബസ് ഇലവുങ്കൽ കഴിഞ്ഞ് പൂട്ടുകട്ട പാകിയ റോഡിനും മുണ്ടോംമൂഴിയിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനും ഇടയിലുള്ള ഭാഗത്ത് എത്തുമ്പോഴാണ് കല്ലാറ്റിൽ നിന്ന് റോഡിലേക്ക് പുലി എത്തുന്നത്. ബസിന് 100 മീറ്ററോളം മുൻപിലായി റോഡിലേക്ക് കുതിച്ചെത്തിയ പുലി പെട്ടെന്ന് റോഡിന് മറുവശത്തെ വനത്തിലേക്ക് കയറിപ്പോയതായി ബസ് ജീവനക്കാർ പറയുന്നു.
വിവരമറിഞ്ഞ് വനപാലകരെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകളോ സാന്നിധ്യമോ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച മുൻപാണ് പട്രോളിങ്ങിന് പോയ തണ്ണിത്തോട് പൊലീസ് ഉദ്യോഗസ്ഥർ പുലർച്ചെ മുണ്ടോംമൂഴിക്കും ഇലവുങ്കലിനും ഇടയിൽ കടുവയെ കണ്ടത്. കല്ലാറ്റിൽ നിന്ന് റോഡിലേക്ക് എത്തിയ കടുവ റോഡിന് എതിർവശത്തെ തിട്ടയിലേക്ക് ചാടിപ്പോവുകയായിരുന്നു.
ഇതേതുടർന്ന് റോഡരികിലെ മരത്തിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറ കഴിഞ്ഞ ദിവസമാണു മാറ്റിയത്. ഇടയ്ക്ക് പല തവണ ക്യാമറയിലെ മെമ്മറി കാർഡ് എടുത്ത് പരിശോധിച്ചെങ്കിലും കടുവയുടെ ചിത്രം പതിഞിരുന്നില്ല. ഇതിനു ശേഷം അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത് കടുവയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. ഇതേതുടർന്ന് വനപാലകർ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപാടുകളോ സാന്നിധ്യമോ സ്ഥിരീകരിക്കാനായില്ല.
കാട്ടുപൂച്ചയോ പുലിയോ ?
പൊടിയാടി ∙ നാട്ടിലിറങ്ങിയ ജീവി പുലിയെന്നു സംശയം. തുടർന്ന് മണിക്കൂറുകളോളം മുൾമുനയിൽ ആയിരുന്ന മണിപ്പുഴ നിവാസികൾക്ക് ആശ്വാസമേകി വനംവകുപ്പിന്റെ സ്ഥിരീകരണത്തിൽ പുലി കാട്ടുപൂച്ചയായി.ഇന്നലെ രാവിലെ 6 മണിയോടെയാണു വീട്ടമ്മ സംഗീത മണിപ്പുഴ – പഞ്ചമി റോഡിൽ പുലിക്കുട്ടിയെപോലെ തോന്നിക്കുന്ന ജീവിയെ കണ്ടത്. വളർത്തു നായകൾ നിർത്താതെ കുരച്ചതോടെ ഇതു വന്യജീവിയാണെന്നു മനസ്സിലാക്കുകയും ചെയ്തു.
സംഗീത വീടിനു വെളിയിലിറങ്ങി നോക്കിയപ്പോഴേക്കും ഇതു സമീപത്തെ കുറ്റിക്കാട്ടിലേക്കു മറഞ്ഞു. അൽപസമയത്തിനുശേഷം സമീപത്തെ പുരയിടത്തിൽ ജീവിയെ വീണ്ടും കണ്ടു. ഇതോടെ മൊബൈലിൽ പകർത്തുകയും ചെയ്തു.ജീവിയുടെ 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുലി ഇറങ്ങി എന്ന വാർത്ത നാടാകെ പരന്നു.
തുടർന്ന് പഞ്ചായത്ത് ഓഫിസിൽ നിന്നു വനംവകുപ്പിനെ വിവരമറിയിച്ചു.ഉച്ചയോടെ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ റോബിൻ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൊബൈലിൽ പകർത്തിയ ദൃശ്യവും ദൃക്സാക്ഷി അടക്കമുള്ളവരിൽ നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിൽ കാണപ്പെട്ടത് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് നാട്ടുകാരുടെ ഭീതി ഒഴിഞ്ഞത്. പുലിയെപ്പോലെയിരിക്കുന്ന ജീവിക്കു പുലിയുടെ പകുതി മാത്രമേ വലുപ്പമുള്ളു. ഇതുവരെ മനുഷ്യരെയോ മറ്റു വളർത്തു ജീവികളെയോ കാട്ടുപൂച്ച ആക്രമിച്ചിട്ടില്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നൂറോക്കാട് തോട്ടത്തിൽ പുലിയുണ്ടെന്ന് സംശയം
വെച്ചൂച്ചിറ ∙ നൂറോക്കാട് റബർ എസ്റ്റേറ്റിൽ പുലിയുണ്ടെന്നു സംശയം. എസ്റ്റേറ്റിന്റെ പരിസരത്തു കണ്ട കാൽപാടുകൾ പുലിയുടേതെന്ന് വനപാലകർ സ്ഥിരീകരിച്ചതോടെയാണിത്. ചാത്തൻതറ 15 പള്ളിപടി കുന്നുംപുറത്ത് അഖിലാണ് പുലിയെന്നു സംശയിക്കുന്ന ജീവിയെ എൻഎസ്എസ് ഗേറ്റ്–പ്ലാവേലിനിരവ്–ചാത്തൻതറ റോഡിൽ കണ്ടത്. വീട്ടിലെത്തിയ ശേഷം വനപാലകരെയും പൊലീസിലും വിവരം അറിയിച്ചു. വൈകിട്ട് 5 മണിയോടെ പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടെ കാൽപാടാണ് ഇവിടെ കണ്ടതെന്ന് റാന്നി വനം റേഞ്ച് ഓഫിസർ ജയൻ അറിയിച്ചു.500 ഏക്കറിലധികം വരുന്ന തോട്ടം കാടുമൂടി കിടക്കുകയാണ്.വന്യജീവികളെല്ലാം ഇതിനുള്ളിലുണ്ടെന്നാണു വനപാലകർ കരുതുന്നത്. പെരുന്തേനരുവിക്കു മറുകരയിൽ വനമായതും വന്യജീവികൾ എത്താനിടയാക്കുന്നു. വനപാലകർ പട്രോളിങ് നടത്തും. വളർത്തു മൃഗങ്ങളെയോ നായ്ക്കളെയോ കാണാതായാൽ വനപാലകരെ അറിയിക്കണമെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. സമീപവാസികളും യാത്രക്കാരും ജാഗ്രത പാലിക്കണം. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണു തീരുമാനം.