പത്തനംതിട്ട ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം വൈകിക്കുന്നതു ജയിലിൽ കഴിയുന്ന പ്രതികൾക്കു ജാമ്യം കിട്ടാനാണെന്ന ആക്ഷേപം ശക്തം.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിനെ സഹായിക്കാനാണ് ഈ നീക്കമെന്നാണു പ്രതിപക്ഷ വിമർശനം.
അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാൽ കേസിലെ 3 പ്രതികൾക്കു ജാമ്യം ലഭിച്ചിരുന്നു. ഈ രീതിയിൽ ജാമ്യം ലഭിക്കുന്നതു തടയാൻ വേണ്ട
മുൻകരുതൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കുറ്റപത്രം സമർപ്പിച്ച ശേഷം അതിലെ പരാമർശങ്ങൾ അനുസരിച്ചാകും പത്മകുമാറിനെതിരെ നടപടിയുടെ കാര്യം ആലോചിക്കുകയെന്നാണു സിപിഎം നിലപാട്. സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിട്ടും സിപിഎം പത്മകുമാറിനെ തള്ളിപ്പറഞ്ഞിട്ടില്ല.
നവംബർ 20നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 20നു മുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിച്ചു പുറത്തു വരാനിടയുണ്ട്.
കുറ്റപത്രത്തിലെ പരാമർശങ്ങൾ ദുർബലമായാൽ കോടതിയിൽ തിരിച്ചടി നേരിടുമോ എന്ന ആശങ്ക എസ്ഐടിക്കുണ്ട്. അന്വേഷണത്തിന്റെ തുടക്കത്തിലെ വേഗം പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.
സ്വർണക്കൊള്ളയിൽ നേരിട്ടു പങ്കാളിയായ രണ്ടു കേസിലെയും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു പോലും ഒരു കേസിൽ ജാമ്യം ലഭിച്ചു. ഇതുവരെ തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് അന്വേഷണത്തിനു വലിയ തിരിച്ചടിയാണ്.
കേസ് അട്ടിമറിക്കാൻ ഇനിയും ഗൂഢാലോചന നടത്താൻ ഉൾപ്പെടെ സാധ്യതയുണ്ട്.
കേസിന്റെ തുടക്കം മുതൽ പ്രതികൾ ജാമ്യത്തിനു ശ്രമിച്ചിരുന്നു. എതിർക്കുന്ന സമയത്ത് പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും തൊണ്ടിമുതൽ ഇതുവരെ വീണ്ടെടുത്തിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ട് നൽകിയിരുന്നു.
പാളികൾ പൂർണമായി മറിച്ചു വിൽക്കാനുള്ള സാധ്യത എസ്ഐടി അന്വേഷിച്ചിരുന്നു. എന്നാൽ നിലവിലെ പാളികൾക്കു പഴക്കമുണ്ടെന്ന രീതിയിൽ വിഎസ്എസ്സി റിപ്പോർട്ട് വന്നതോടെ ആ രീതിയിലുള്ള അന്വേഷണം പ്രതിസന്ധിയിലായി.
സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽ എത്തിച്ച് വേർതിരിച്ചെടുത്തെന്ന വാദവും തുടക്കം മുതലുണ്ട്.
1998ൽ വിജയ് മല്യ സ്പോൺസർ ചെയ്തപ്പോൾ ശ്രീകോവിലിന്റെ ഓരോ ഭാഗത്തും എത്ര സ്വർണം ഉപയോഗിച്ചെന്നും ഇതിൽ എത്ര നഷ്ടപ്പെട്ടെന്നുമുള്ള കാര്യത്തിൽ വ്യക്തത വരണം. കർണാടകയിലെ ബെള്ളാരിയിലും ബെംഗളൂരുവിലും പരിശോധന നടത്തിയിട്ടും തൊണ്ടി കിട്ടിയില്ല.
ഗൂഢാലോചന പഴുതുകളില്ലാതെ തെളിയിക്കുക വളരെ ശ്രമകരമാണ്. പാളികളുടെ പഴക്കം സംബന്ധിച്ചു തുടർപരിശോധനകൾ നിർണായകമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

