ശബരിമല∙സത്രം–പുല്ലുമേട്–സന്നിധാനം കാനന പാതയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ദിവസം 1500 മുതൽ 2000 വരെ തീർഥാടകർ ഈ പാതയിലൂടെ എത്തി തുടങ്ങിയതായി വനം വകുപ്പ്.
തീർഥാടകർക്കു സുരക്ഷിത യാത്രക്കായി വിപുലമായ ക്രമീകരണങ്ങളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. സത്രത്തിൽ നിന്നും സന്നിധാനം വരെ 12 കിലോമീറ്ററാണ് ഉള്ളത്.കാലാവസ്ഥ അനുസരിച്ചാണ് തീർഥാടകരെ കാനന പാതയിലൂടെ പോകാൻ അനുവദിക്കുന്നത്.
സത്രത്തിൽ നിന്നും രാവിലെ 7 മുതൽ ഒന്ന് വരെയാണ് സന്നിധാനത്തിലേക്കു തീർഥാടകരെ കടത്തി വിടുന്നത്.
സന്നിധാനത്തു നിന്നും തിരികെ സത്രത്തിലേക്കു രാവിലെ 8 മുതൽ 11മണിവരെയാണ് തീർഥാടകരെ പോകാൻ അനുവദിക്കുന്നത്. സത്രത്തിൽ ദേവസ്വം ബോർഡ് സ്പോർട്ട് ബുക്കിങിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇവിടെ നിന്നുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് യാത്ര അനുവദിക്കുന്നത്. സത്രത്തിൽ നിന്നും അവസാനമായി പോകുന്ന തീർഥാടകനെ അനുഗമിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും സന്നിധാനം വരെ ഉണ്ടാവും.
തീർഥാടകർക്കു സുരക്ഷയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കുന്നതിനായി 35 വനം വകുപ്പ് ഉദ്യോഗസ്ഥരും 35 എക്കോ ഗാർഡുകളും ഉണ്ട്.ഇത് കൂടാതെ എലിഫന്റ് സ്ക്വാഡിന്റെ സേവനവും പാതയിൽ ലഭ്യമാണ്.
കാനനപാതയിൽ കാട്ടാന, കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പാക്കാൻ വനപാലക സംഘം നിരീക്ഷണം നടത്തും. ഇതിനു ശേഷമാണ് തീർഥാടകരെ പോകാൻ അനുവദിക്കുകയെന്ന് അഴുത റേഞ്ച് ഓഫിസർ ഡി.ബന്നി പറഞ്ഞു.
മഴ പെയ്താൽ കാനനപാതയിൽ കൂടിയുള്ള യാത്ര തീർത്തും ദുർഘടമാണ്.
കഴുതക്കുഴിയിൽ നിന്നും ഏതാനും ദൂരം പിന്നിട്ടാൽ കുത്തിറക്കമാണ്. വളരെ പ്രയാസപ്പെട്ടു വേണം ഇതുവഴി പോകാൻ.
സത്രത്തിൽ നിന്നും എത്തുന്ന തീർഥാടകരുടെ രേഖകളും മറ്റും ഉപ്പുപാറയിലുള്ള പൊലീസ് ഔട്ട് പോസ്റ്റിൽ പരിശോധനയ്ക്കു വിധേയമാക്കും. വനപാലകരെ കൂടാതെ പൊലീസ്, ആരോഗ്യ വകുപ്പുകളുടെ സേവനവും പാതയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഉപ്പുപാറ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിലെ സേവനങ്ങൾ ഉറപ്പാക്കാൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ഉണ്ട്. സീറോ പോയിന്റിലും ഉപ്പുപാറയിലും ഓരോ ആംബുലൻസുകളും സർവീസിനായുണ്ട്.
കാനനപാതയിൽ ഇരിക്കപ്പാറ, സീതക്കുളം, സീറോ പോയിന്റ് എന്നിവിടങ്ങളിൽ ശുദ്ധജലം ലഭ്യമാണ്.ഉപ്പുപാറ താവളത്തിൽ ചായയും മറ്റ് ലഘു പലഹാരങ്ങളും ലഭ്യമാണ്.
കഴുതക്കുഴിയിൽ ഫോറസ്റ്റ് ഡവലപ്െമന്റ് ഏജൻസിയുടെ നേതൃത്വത്തിൽ നാരങ്ങ വെള്ളവും ചൂടുവെള്ളവും ലഭ്യമാണ്. സന്നിധാനത്തിനോടു ചേർന്നുള്ള വനം വകുപ്പിന്റെയും പൊലീസിന്റെയും ചെക്ക് പോസ്റ്റുകളിലും കാനനപാതയിൽ കൂടി എത്തുന്ന തീർഥാടകരുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

