
ഒരു പുസ്തകം ബെസ്റ്റ് സെല്ലറായാൽ അതൊരു നല്ല പുസ്തകമാകുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ആധുനിക കാലഘട്ടത്തിൽ ഒരു പുസ്തകം ബെസ്റ്റ് സെല്ലറായാൽ അതൊരു നല്ല പുസ്തകമാകുമോ? ‘ഇല്ല.’ എഴുത്തുകാരായ ബിനീഷ് പുതുപ്പണം, എസ്.പി. ശരത്ത്, ലിപിൻരാജ് എന്നിവർ ഒരേ സ്വരത്തിൽ പറഞ്ഞുറപ്പിച്ചു. നല്ല സാഹിത്യ രചനയ്ക്ക് എന്നും അതിന്റേതായ പ്രസക്തിയുണ്ടെന്നും അവ എന്നും നിലനിൽക്കുമെന്നും ‘ബെസ്റ്റ് സെല്ലറുകൾ മാറ്റിമറിച്ച വായന’ എന്ന സംവാദത്തിൽ മൂന്നു പേരും അഭിപ്രായപ്പെട്ടു.
മാർക്കറ്റിലേക്ക് എഴുതുക എന്നത് പുതിയ തലമുറയുടെ ശീലം മനസ്സിലാക്കി വേണമെന്ന് ലിപിൻരാജ് പറഞ്ഞു. 6–ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്കായി എഴുതുന്നത് 3–ാം ക്ലാസിലെ കുട്ടികൾപോലും വായിച്ച് അഭിപ്രായം പറയുകയും വിമർശിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന ഉത്തമ ബോധ്യം എഴുത്തുകാർക്ക് ഉണ്ടാകണം. പുസ്തകം എഴുതിയാൽ നമ്മുടെ കഴിവുകൾകൊണ്ട് എങ്ങനെയും വിറ്റു പോകുന്ന അവസ്ഥ ഇപ്പോഴുണ്ട്. കാരണം അതിനുള്ള അവസരം സമൂഹ മാധ്യങ്ങളിലൂടെ എല്ലാവർക്കും ലഭിക്കുന്നുണ്ട്. എന്നാൽ സാഹിത്യത്തിൽ ഭാഷയും ഭാഷയുമായി ചേർന്ന ഓർമകളും എന്നും നിലനിൽക്കുമെന്ന് ലിപിൻ കൂട്ടിച്ചേർത്തു.
കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ചുള്ള വായന ഇന്ന് നിലനിൽക്കുന്നുണ്ടെന്ന് ബിനീഷ് പുതുപ്പണം അഭിപ്രായപ്പെട്ടു. വായിക്കുന്നവന് അവനവന്റെ ആത്മസുഖത്തിന് വേണ്ടി ഏതു പ്രസിദ്ധീകരണങ്ങളും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.
സമൂഹമാധ്യമം വന്നതോടുകൂടി വായനയിലുള്ള പല നിരൂപകരുടെയും അധികാരസ്ഥാനത്തെ എടുത്തുകളയാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ സമൂഹ മാധ്യമം വന്നതോടെ പ്രിന്റ് മീഡിയയ്ക്ക് കോട്ടം സംഭവിച്ചു എന്നു പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. പ്രിന്റിന് ഇന്നും പ്രസക്തിയുള്ളതുകൊണ്ടാണ് പഴയകാല പുസ്തകങ്ങൾ വായിക്കാൻ ഇന്നും പലരും പ്രേരിതരാകുന്നതെന്നു ബിനീഷ് വ്യക്തമാക്കി. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചുവച്ചു രൂപപ്പെടുത്തിയെടുത്തതാണു തന്റെ പുസ്തകമെന്ന് ശരത്ത് അഭിപ്രായപ്പെട്ടു. എഴുത്തിന്റെ രുചി എക്കാലത്തും നിലനിൽക്കും, എന്നാൽ അതിന്റെ ചോയിസിന് ഓരോ കാലഘട്ടത്തിലും മാറ്റം ഉണ്ടാകും. ജനങ്ങൾ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളാണ് എന്നും വേണ്ടതെന്നു എസ്.പി. ശരത്ത് പറഞ്ഞു. എൺപതുകളിൽ ഇറങ്ങിയ പുസ്തകങ്ങൾ ഇന്നും പുതിയ തലമുറ വായിക്കുന്നുണ്ട്. പുസ്തകം കാലാതിവർത്തിയായി നിൽക്കുന്നത് അതൊരു ബെസ്റ്റ് സെല്ലർ ആയതു കൊണ്ടല്ലെന്നും ശരത് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിനോ പി.രാജൻ ചർച്ചയുടെ മോഡറേറ്ററായിരുന്നു.